നാലുപതിറ്റാണ്ടോളമായി മലയാള സിനിമയോടൊപ്പം സഞ്ചരിക്കുന്ന നടനാണ് ജഗദീഷ്. ഹാസ്യ താരമായി കരിയർ തുടങ്ങിയ അദ്ദേഹം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ഇന്ന് മികച്ച കഥാപാത്രങ്ങൾ തേടിപിടിച്ച് ചെയ്യുന്ന ഒരു നടനാണ് അദ്ദേഹം. അബ്രഹാം ഓസ്ലർ, ഗുരുവായൂരമ്പല നടയിൽ, കിഷ്‌ക്കിന്ധാ കാണ്ഡം തുടങ്ങിയ കഴിഞ്ഞ വർഷമിറങ്ങിയ ശ്രദ്ധേയമായ സിനിമകളിലെല്ലാം ജഗദീഷ് ഭാഗമായിട്ടുണ്ട്.
ജഗദീഷും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. ജഗദീഷ് ചെയ്യുന്ന വ്യത്യസ്തമായ കഥാപാത്രങ്ങൾ കണ്ട് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു.
ജഗദീഷേട്ടൻ ചെയ്തിട്ടുള്ള ഫാലിമിക്ക് മുമ്പുള്ള കഥാപാത്രങ്ങളായാലും അദ്ദേഹം ചെയ്യുന്നതുകണ്ട് നേരിട്ട് വിളിച്ചിട്ടില്ലെങ്കിലും ഞാൻ മനസുകൊണ്ട് ഒരുപാട് സന്തോഷവാനാണ് – നടൻ കുഞ്ചാക്കോ ബോബൻ
ജഗദീഷ് ചെയ്തിട്ടുള്ള ഫാലിമി എന്ന ചിത്രത്തിന് മുമ്പുള്ള കഥാപാത്രങ്ങൾ കണ്ട് താൻ മനസുകൊണ്ട് സന്തോഷിച്ചിട്ടുണ്ടെന്നും എന്നാൽ ഫാലിമി കണ്ട ശേഷം അദ്ദേഹത്തെ വിളിക്കാതിരിക്കാൻ കഴിഞ്ഞില്ലെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
‘ഇമേജിൽ തളക്കപ്പെട്ടുപോയ അഭിനേതാക്കൾക്ക് എന്തായാലും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണം എന്ന് ആഗ്രഹമുണ്ടാകും. ആ ഒരു സ്വാതന്ത്രം മറ്റുള്ളവരിൽ കാണുമ്പോൾ ഞാൻ ഒരുപാട് എക്സൈറ്റഡാകും. ഇപ്പോൾ ജഗദീഷേട്ടൻ ചെയ്തിട്ടുള്ള ഫാലിമിക്ക് മുമ്പുള്ള കഥാപാത്രങ്ങളായാലും അദ്ദേഹം ചെയ്യുന്നതുകണ്ട് നേരിട്ട് വിളിച്ചിട്ടില്ലെങ്കിലും ഞാൻ മനസുകൊണ്ട് ഒരുപാട് സന്തോഷവാനാണ്.
പക്ഷെ ഫാലിമി കണ്ടിട്ട് എനിക്ക് വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല. അത് കണ്ട് ഞാൻ അദ്ദേഹത്തെ വിളിച്ച് എന്റെ സന്തോഷം പറഞ്ഞു.
ജഗദീഷേട്ടൻ എന്ന നടന്റെ എവല്യൂഷൻ ഞാൻ വളരെയേറെ ആസ്വദിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഞങ്ങൾ രണ്ടുപേരും ഇത്രയും സീരിയസായിട്ടുള്ള, രണ്ട് ദ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെ ചെയ്യുന്നത്. അത് ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിലാണ്,’ കുഞ്ചാക്കോ ബോബൻ പറയുന്നു.