ഒരൊറ്റ പടത്തിലൂടെ എന്റെ ഫാന്‍സായ ചേട്ടന്മാരുണ്ട്; 'ഇതൊക്കെ എവിടെയായിരുന്നു' എന്നാണ് അവര്‍ ചോദിച്ചത്: കുഞ്ചാക്കോ ബോബന്‍
Entertainment
ഒരൊറ്റ പടത്തിലൂടെ എന്റെ ഫാന്‍സായ ചേട്ടന്മാരുണ്ട്; 'ഇതൊക്കെ എവിടെയായിരുന്നു' എന്നാണ് അവര്‍ ചോദിച്ചത്: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th February 2025, 9:07 pm

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.

ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും കുഞ്ചാക്കോ ബോബന് ലഭിച്ചിരുന്നു. കൊഴുമ്മല്‍ രാജീവനെന്ന കള്ളനായാണ് താരം ആ ചിത്രത്തില്‍ അഭിനയിച്ചത്.

ഇപ്പോള്‍ ബാബു രാമചന്ദ്രന് നല്‍കിയ അഭിമുഖത്തില്‍ ന്നാ താന്‍ കേസ് കൊട് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. പണ്ട് തന്റെ ഫാന്‍സില്‍ അധികവും സ്ത്രീകളായിരുന്നെന്നും പക്ഷെ ന്നാ താന്‍ കേസ് കൊട് സിനിമക്ക് ശേഷം അതില്‍ മാറ്റമുണ്ടായെന്നുമാണ് അദ്ദേഹം പറയുന്നത്.

സിനിമയില്‍ ഡാന്‍സ് കളിച്ചത് വെള്ളമടിച്ച് ഡാന്‍സ് കളിച്ചതാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും അങ്ങനെ തനിക്ക് ഫാന്‍സായി വന്ന കുറച്ച് ചേട്ടന്മാരുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ‘ഇതൊക്കെ എവിടെയായിരുന്നു’ എന്നാണ് അവരൊക്കെ ചോദിച്ചതെന്നും നടന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘പണ്ടൊക്കെ എന്റെ ഫാന്‍സില്‍ അധികവും സ്ത്രീകളായിരുന്നു. പക്ഷെ ന്നാ താന്‍ കേസ് കൊട് സിനിമ വന്നതിന് ശേഷം അതില്‍ മാറ്റമുണ്ടായി. ഞാന്‍ ആ സിനിമയില്‍ ഡാന്‍സ് കളിച്ചത് വെള്ളമടിച്ച് ഡാന്‍സ് കളിച്ചതാണെന്ന് പലരും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ എനിക്ക് ഫാന്‍സായി വന്ന കുറച്ച് ചേട്ടന്മാരുണ്ട്.

‘ഇതൊക്കെ എവിടെയായിരുന്നു’ എന്നാണ് അവരൊക്കെ അപ്പോള്‍ ചോദിച്ചത്. ചുരുക്കത്തില്‍ ഇപ്പോള്‍ സ്ത്രീകള്‍ മാത്രമല്ല എനിക്ക് ഫാന്‍സായിട്ടുള്ളത്. സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരുമുണ്ട്. ഫാന്‍സിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഏകദേശം ഈക്വലാണ്. കുറവും കൂടുതലുമൊന്നുമില്ല,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. നായാട്ട്, ജോസഫ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഷാഹി കബീര്‍ രചന നിര്‍വഹിച്ച ചിത്രമാണ് ഇത്.

ജിത്തു അഷ്റഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി നിര്‍മിച്ചത് മാര്‍ട്ടിന്‍ പ്രക്കാട്ട് ആയിരുന്നു. ചിത്രത്തില്‍ പ്രിയാമണിയായിരുന്നു നായികയായി എത്തിയത്. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ആദ്യമായി ഒന്നിച്ചുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

Content Highlight: Kunchacko Boban Talks About Nna thaan Case Kodu Movie