അനിയത്തി പ്രാവിന് ശേഷം ഒരു കുഴപ്പമുണ്ടായി; ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് മനസിലാവാത്ത അവസ്ഥയായി: കുഞ്ചാക്കോ ബോബന്‍
Entertainment
അനിയത്തി പ്രാവിന് ശേഷം ഒരു കുഴപ്പമുണ്ടായി; ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് മനസിലാവാത്ത അവസ്ഥയായി: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th June 2025, 9:43 pm

1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി എത്തിയ നടനാണ് കുഞ്ചാക്കോ ബോബന്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ എന്ന ലേബല്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

മികച്ച സിനിമകളുടെ ഭാഗമായ കുഞ്ചാക്കോ ബോബന്‍ പെട്ടെന്നായിരുന്നു മലയാളികളുടെ ഇഷ്ടനടനായി മാറിയത്. ഇപ്പോള്‍ അനിയത്തി പ്രാവ് സിനിമയെ കുറിച്ചും ഫാസിലിനെ കുറിച്ചും സംസാരിക്കുകയാണ് നടന്‍.

തുടക്കക്കാരന്‍ എന്ന നിലയില്‍ ഫാസിലിന്റെ സംവിധാനത്തില്‍ അഭിനയിക്കുമ്പോള്‍ പ്രയാസം തോന്നിയില്ലെന്നും അദ്ദേഹം കഥ പറയുമ്പോള്‍ അഭിനയിച്ച് കാണിച്ചു തന്നിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

എന്നാല്‍ അനിയത്തിപ്രാവിന് ശേഷം ഒരു കുഴപ്പമുണ്ടായെന്നും തന്നോട് കഥ പറയാന്‍ വന്നവരൊക്കെ ത്രെഡ് മാത്രമേ പറഞ്ഞു തന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് കേട്ട് താന്‍ ആകെ കണ്‍ഫ്യൂഷനിലായെന്നും നടന്‍ പറഞ്ഞു.

‘പാച്ചിക്കയുടെ (ഫാസില്‍) സംവിധാനത്തില്‍ അഭിനയിക്കുക എന്നത് ഒരു തുടക്കക്കാരനെന്ന നിലയില്‍ ദുഷ്‌കരമായിരുന്നോയെന്ന് ചോദിച്ചാല്‍, ഒരിക്കലുമില്ല. പാച്ചിക്ക നമുക്ക് മുന്നില്‍ അഭിനയിച്ച് കാണിച്ചു തരുമായിരുന്നു.

അദ്ദേഹം കഥ പറഞ്ഞു തരുമ്പോള്‍ നമുക്ക് സിനിമ കാണുന്നത് പോലെതന്നെ തോന്നും. അനിയത്തിപ്രാവില്‍ അഭിനയിക്കുന്നതിന് മുമ്പ് അതിലെ ഓരോ ഷോട്ടും ഡയലോഗും ഹൃദിസ്ഥമാക്കി തന്നിരുന്നു.

പക്ഷെ അതുകൊണ്ട് ഒരു കുഴപ്പമുണ്ടായി. അനിയത്തിപ്രാവിന് ശേഷം എന്നെ സിനിമയിലേക്ക് വിളിക്കാന്‍ വന്നവരെല്ലാം ത്രെഡ് മാത്രമേ പറഞ്ഞു തന്നിരുന്നുള്ളൂ. അത് കേള്‍ക്കുമ്പോള്‍ ഞാനാകെ കണ്‍ഫ്യൂഷനിലാവും.

എന്താണ് കഥയെന്നോ ഞാനെന്താണ് ചെയ്യേണ്ടതെന്നോ മനസിലാവാത്ത അവസ്ഥയായി. ആ ഒരു പ്രശ്നം ഇപ്പോഴുമുണ്ട്. ഒരാള്‍ വന്ന് ഒരു ത്രെഡ് പറഞ്ഞാല്‍ അത് നല്ല സിനിമയാവുമോ എന്ന സംശയം വിട്ടുമാറില്ല. പക്കാ തിരക്കഥ വായിച്ചാലേ എനിക്കിപ്പോഴും സിനിമയെ കുറിച്ച് വിശ്വാസം വരികയുള്ളൂ,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchacko Boban Talks About Movies After Aniyathipravu