ജാക്കിച്ചാന്‍ എന്ന് വിളിക്കും പോലെ 'ചാക്കോച്ചാന്‍' എന്നാണ് ആ സൂപ്പര്‍സ്റ്റാര്‍ എന്നെ വിളിച്ചത്: കുഞ്ചാക്കോ ബോബന്‍
Entertainment
ജാക്കിച്ചാന്‍ എന്ന് വിളിക്കും പോലെ 'ചാക്കോച്ചാന്‍' എന്നാണ് ആ സൂപ്പര്‍സ്റ്റാര്‍ എന്നെ വിളിച്ചത്: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st June 2025, 5:51 pm

മലയാള സിനിമയില്‍ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബന്‍. ചോക്ലേറ്റ് ഹീറോ പരിവേഷത്തില്‍ നിന്ന് തുടങ്ങി പിന്നീട് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് അദ്ദേഹം.

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു ഒറ്റ്. ഇപ്പോള്‍ അരവിന്ദ് സ്വാമിയേ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ‘ചാക്കോച്ചാന്‍’ എന്നാണ് അരവിന്ദ് സ്വാമി തന്നെ വിളിക്കാറുള്ളതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. വളരെ കൂളായ മനുഷ്യനാണ് അരവിന്ദ് സ്വാമിയെന്നും താനാണോ അദ്ദേഹമാണോ സീനിയറെന്ന് തോന്നുന്ന രീതിയിലാണ് പെരുമാറ്റമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

‘ജാക്കിച്ചാന്‍ എന്ന് വിളിക്കും പോലെ ‘ചാക്കോച്ചാന്‍’ എന്നാണ് അദ്ദേഹം എന്നെ വിളിച്ചത്. വളരെ കൂളായ മനുഷ്യന്‍, പുള്ളിയാണോ ഞാനാണോ സീനിയര്‍ എന്ന് സംശയിപ്പിക്കുന്ന പെരുമാറ്റം ആയിരുന്നു.

പേരെടുത്തൊരു പാചകക്കാരനാണ് അരവിന്ദ് സ്വാമി എന്നത് എനിക്ക് പുതിയ അറിവായിരുന്നു. അദ്ദേഹത്തിന്റെ പാചകത്തെപ്പറ്റി പുകഴ്ത്തി, സ്വാദിനെക്കുറിച്ച് വാതോരാതെ വിവരിച്ചത് ബോംബെയിലെ രണ്ട് പ്രധാന ഷെഫുമാരാണ്. ചിത്രീകരണത്തിന് ഇടവേളയുള്ള ഒരുദിവസം ഞങ്ങളിരുവരും മുംബൈയിലെ ഒരു വലിയ റെസ്റ്റോറന്റിലേക്ക് ചെന്നുകയറി.

രുചിക്ക് പേരുകേട്ട റെസ്റ്റോറന്റിലിരിക്കുമ്പോഴാണ് അവിടത്തെ ഷെഫുമാര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത്. ഇരുവരും മുമ്പ് ചെന്നൈയില്‍ വെച്ച് അരവിന്ദ് സ്വാമിയുണ്ടാക്കിയ ഭക്ഷണം കഴിച്ചവരായിരുന്നു. അവര്‍ പിന്നീടങ്ങോട്ട് സംസാരിച്ചതെല്ലാം അദ്ദേഹത്തിന്റെ കൈപുണ്യത്തെക്കുറിച്ചും അന്നുകഴിച്ച ഭക്ഷണത്തിന്റെ ഒടുക്കത്തെ രുചിയെക്കുറിച്ചുമായിരുന്നു. അദ്ദേഹത്തിന്‍ന്റെ മകളും മികച്ച ഷെഫാണ്. ചെന്നൈയില്‍ നാലുദിവസം നീണ്ടുനിന്ന ഫുഡ്ഷോ അവര്‍ സംഘടിപ്പിച്ചിട്ടുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Content Highlight: Kunchacko Boban Talks About Aravind Swami