മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച നടിയുടെ തിരിച്ചുവരവ്; നായകനായി വിളിച്ചപ്പോള്‍ ഞാനില്ലെന്ന് പറഞ്ഞു: കുഞ്ചാക്കോ ബോബന്‍
Entertainment
മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച നടിയുടെ തിരിച്ചുവരവ്; നായകനായി വിളിച്ചപ്പോള്‍ ഞാനില്ലെന്ന് പറഞ്ഞു: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th May 2025, 10:33 am

സംവിധായകന്‍ ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി എത്തുന്നത്. ആദ്യചിത്രം തന്നെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് ചോക്ലേറ്റ് ഹീറോ എന്ന ലേബലില്‍ നിറഞ്ഞുനിന്നു. തിരിച്ചുവരവില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന കുഞ്ചാക്കോ ബോബനെയാണ് കാണാന്‍ സാധിക്കുന്നത്.

അനിയത്തിപ്രാവ് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സംവിധായകന്‍ ഫാസിലിന്റെ ഡ്രീം പ്രൊജെക്ട് ആയിരുന്നു അനിയത്തിപ്രാവെന്നും മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച ബാല നടിയായിരുന്ന ശാലിനി ഹീറോയിനായി തിരിച്ചെത്തുന്ന ചിത്രമായിരുന്നു അതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ആ സിനിമയിലേക്ക് നായികയെ അന്വേഷിച്ചുകൊണ്ടിരുന്നപ്പോള്‍ ഫാസിലിന്റെ ഭാര്യ റോസിയാണ് തന്റെ പേര് പറഞ്ഞതെന്നും എന്നാല്‍ തന്നെ വിളിച്ചപ്പോള്‍ താന്‍ അഭിനയിക്കാന്‍ ഇല്ലെന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിനിമയില്‍ താന്‍ സെലക്റ്റ് ആയെന്നും ആ സിനിമ ഹിറ്റാകുകയും താന്‍ നടനായെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

‘പാച്ചിക്കയുടെ ഡ്രീം പ്രൊജക്ടായിരുന്നു അനിയത്തിപ്രാവ്. മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച ബാല നടിയായിരുന്ന ശാലിനി ഹീറോയിനായി തിരിച്ചുവരുന്നു, മികച്ചൊരു കഥയുമുണ്ട്. അതിലേക്ക് നായകനെ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോള്‍ പാച്ചിക്കായുടെ ഭാര്യ റോസി ആന്റിയാണ് എന്റെ പേര് നിര്‍ദേശിക്കുന്നത്.

എന്നെ വിളിച്ചപ്പോള്‍ ഞാനില്ല എന്ന് പറഞ്ഞു. പിന്നെ ഒരു താത്പര്യവു മില്ലാതെ ഓഡീഷന് ചെന്നു. ഒട്ടും ടെന്‍ഷനുണ്ടായിരുന്നില്ല. തള്ളിപ്പോവുകയാണെങ്കില്‍ അങ്ങനെ പോട്ടെയെന്ന് കരുതിയിരുന്നു. അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞപ്പോള്‍ കാണിച്ചു. ഒരു കാരണവശാലും എന്നെ സെലക്റ്റ് ചെയ്യില്ലെന്ന് ഉറപ്പിച്ചാണ് അവിടെ നിന്ന് മടങ്ങിയത്.

പക്ഷേ, പാച്ചിക്ക വിളിച്ചു പറഞ്ഞു, ‘നിന്നെയാണ് സെലക്റ്റ് ചെയ്തിരിക്കുന്നത്’ എന്ന്. അപ്പോഴും ഞാന്‍ പറഞ്ഞത്, എന്നെ വെച്ച് അഭിനയിപ്പിച്ചിട്ട് ആ പടം മോശമാക്കേണ്ടെന്നായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ആ സിനിമയില്‍ വലിയ വിശ്വാസമുണ്ടായിരുന്നു. എന്നെവെച്ചുതന്നെ പടം ചെയ്തു. അത് ഹിറ്റായി. ഞാന്‍ നടനുമായി,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Content Highlight: Kunchacko Boban Talks About Aniyathipravu Movie