മലയാളസിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. ഇന്‍ഡസ്ട്രിയുടെ നെടുന്തൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. മാലിക്, അറിയിപ്പ്, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളൊരുക്കിയ മഹേഷ് നാരായണനാണ് പാട്രിയറ്റിന്റെ അമരക്കാരന്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
വന്‍ ബജറ്റില്‍ വമ്പന്‍ ഹൈപ്പിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. താന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇതെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. 70 ശതമാനത്തോളം ഷൂട്ട് പൂര്‍ത്തിയായെന്നും ബാക്കി ഷൂട്ടിനായി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘മമ്മൂക്കക്കും ലാലേട്ടനുമൊപ്പം എടുത്ത ഫോട്ടോ വല്ലാത്തൊരു ഓര്‍മയാണ്. ഹരികൃഷ്ണന്‍സിന് ശേഷം എന്നെ രണ്ടുപേര്‍ക്കും വറുത്തെടുക്കാനുള്ള സ്ഥലമായിരുന്നു ഈ പടത്തിന്റെ സെറ്റ്. ഹരികൃഷ്ണന്‍സിന് ശേഷം എന്റെ ഒരു സിനിമയില്‍ മമ്മൂക്ക ഗസ്റ്റ് റോള്‍ ചെയ്തിട്ടുണ്ട്. പ്രേം പൂജാരിയിലായിരുന്നു അത്. മമ്മൂക്കയുമായി കോമ്പിനേഷന്‍ സീനൊന്നുമില്ലായിരുന്നു. അതുപോലെ ട്വന്റി ട്വന്റിയിലും എനിക്ക് മമ്മൂക്കയുമായും ലാലേട്ടനുമായും കോമ്പിനേഷനില്ലായിരുന്നു.
ഈ പടം ഹരികൃഷ്ണന്‍സിന്റെ റീ യൂണിയനാണെന്ന് പറയാം. മമ്മൂക്കയും ലാലേട്ടനും ഞാനും മാത്രമല്ല, ആ പടത്തില്‍ ഗുപ്തന്‍ എന്ന ക്യാരക്ടറിനെ അവതരിപ്പിച്ച രാജീവ് മേനോന്‍ സാറും പാട്രിയറ്റിലുണ്ട്. അതിന്റെയെല്ലാം ഓര്‍മകള്‍ ഈ പടത്തിന്റെ സെറ്റില്‍ ഞങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഈ മാസം തന്നെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കും.
ഞാനും ലാലേട്ടനും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളെല്ലാം കഴിഞ്ഞു. അതുപോലെ, ഒരു സോങ്ങിന്റെ ഷൂട്ട് ലേ ലഡാക്കിലുണ്ടായിരുന്നു. അതും പൂര്‍ത്തിയായി. അടുത്ത മാസം മമ്മൂക്ക പടത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് പ്രതീക്ഷ. അദ്ദേഹവുമായുള്ള കോമ്പിനേഷന്‍ സീനുകളാണ് ബാക്കിയുള്ളത്. അധികം വൈകാതെ കംപ്ലീറ്റാകുമെന്ന് പ്രതീക്ഷിക്കുന്നു,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. കൊച്ചി, ഹൈദരബാദ്, ദല്‍ഹി, ശ്രീലങ്ക എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട്. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മാണം. രണ്ട് ഷെഡ്യൂള്‍ പൂര്‍ത്തിയായപ്പോഴായിരുന്നു ആരോഗ്യപ്രശ്‌നങ്ങളാല്‍ മമ്മൂട്ടി സിനിമയില്‍ നിന്ന് മാറി നിന്നത്. ഈ മാസം അവസാനത്തോടെ മമ്മൂട്ടി സിനിമാരംഗത്തേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Kunchacko Boban shares the shooting experience of Patriot movie