ആഫ്രിക്കയില്‍ നിന്നും വൈറ്റില വരെ, വിമാനത്തിലും കണ്ടക്ടറായി ചാക്കോച്ചന്‍; കുടുകുടാ ചിരിപ്പിക്കുന്ന വീഡിയോ
Entertainment
ആഫ്രിക്കയില്‍ നിന്നും വൈറ്റില വരെ, വിമാനത്തിലും കണ്ടക്ടറായി ചാക്കോച്ചന്‍; കുടുകുടാ ചിരിപ്പിക്കുന്ന വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th September 2022, 10:45 pm

വിമാനത്തില്‍ കണ്ടക്ടറുടെ ആവശ്യമുണ്ടോ? ഉണ്ടെന്നാണ് കുഞ്ചാക്കോ ബോബന്‍ കരുതുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് ഫ്‌ളൈറ്റില്‍ കണ്ടക്ടറാകാനുള്ള തന്റെ ആഗ്രഹം ചാക്കോച്ചന്‍ പറഞ്ഞിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ രസകരമായ വീഡിയോകള്‍ പങ്കുവെച്ചുകൊണ്ട് എപ്പോഴും ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്ന നടനന്മാരിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോഴും അത്തരത്തിലുള്ള ഒരു വീഡിയോയുമാണ് നടന്‍ എത്തിയിരിക്കുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെയുള്ള യാത്രക്കിടയില്‍ നിന്നുള്ള ദൃശ്യമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. വിമാനത്തിന്റെ ഡോറിനടുത്ത് നിന്നുകൊണ്ട് സ്ഥലപ്പേരുകള്‍ വിളിച്ചു പറയുന്ന വീഡിയോയാണിത്.

വിമാനം ആഫ്രിക്കയിലാണെങ്കിലും ‘വൈറ്റില… പാലാരിവട്ടം…’ എന്നൊക്കെയാണ് ചാക്കോച്ചന്‍ വിളിച്ചുപറയുന്നത്.
മസായി മാര ടു വൈറ്റില റൂട്ട് എന്നും അദ്ദേഹം കമന്റില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

View this post on Instagram

A post shared by Kunchacko Boban (@kunchacks)

ഇതിനിടയില്‍ വീഡിയോ എടുക്കുന്നയാള്‍ ചാക്കോച്ചന്റെ പെര്‍ഫോമന്‍സ് കണ്ട് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. അതേ അവസ്ഥയില്‍ തന്നെയാണ് വീഡിയോ കണ്ടവരും.

നവ്യ നായരും ജിസ് ജോയ്‌യും ഡിജോ ജോസ് ആന്റണിയും ദിവ്യപ്രഭയും അനുമോളുമെല്ലാം വീഡിയോക്ക് പൊട്ടിച്ചിരി ഇമോജികളുമായി എത്തിയിട്ടുണ്ട്. ‘പൊന്നു സേട്ടാ’ എന്നാണ് ദിവ്യ പ്രഭയുടെ കമന്റ്.

കുഞ്ചാക്കോ ബോബന്‍ ബസ് കണ്ടക്ടറായെത്തി ഏറെ ശ്രദ്ധിക്കപ്പെട്ട ഓര്‍ഡനറി സിനിമയെയും അതിലെ ഇരവി എന്ന കഥാപാത്രത്തെയും കൂടി താരം വീഡിയോയിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്.

ഇരവിയെ സൂചിപ്പിച്ചാണ് വീഡിയോയുടെ ക്യാപ്ഷനും നല്‍കിയിരിക്കുന്നത്. ബസ് കണ്ടക്ടറില്‍ നിന്നും ഫ്‌ളൈറ്റ് കണ്ടക്ടറായി പ്രൊമോഷന്‍ ലഭിച്ച ഇരവിയെന്നാണ് ചാക്കോച്ചന്റെ ക്യാപ്ഷന്‍. എന്തായാലും സെക്കന്റുകള്‍ മാത്രമുള്ള വീഡിയോ ഏറ്റെടുത്തിരിക്കുയാണ് ആരാധകര്‍.

അതേസമയം കുഞ്ചാക്കോ ബോബന്‍ നായകനായ ഒറ്റ് കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയിരുന്നു. ആക്ഷന്‍ ത്രില്ലറിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നടന്‍ പ്രധാന വേഷത്തിലെത്തി ഓഗസ്റ്റില്‍ റിലീസ് ചെയ്ത ന്നാ താന്‍ കേസ് കൊട് തിയേറ്ററിലും ഒ.ടി.ടിയിലും മികച്ച അഭിപ്രായമാണ് നേടിയത്.

Content Highlight: Kunchacko Boban new funny video