മമ്മൂക്കയെ പോലുള്ള യങ്‌സ്റ്റേഴ്‌സുമായാണ് മത്സരിക്കുന്നത്; ഇനി അടുത്ത ജനറേഷന് വേണ്ടി കാത്തിരിക്കുന്നു: കുഞ്ചാക്കോ ബോബന്‍
Entertainment news
മമ്മൂക്കയെ പോലുള്ള യങ്‌സ്റ്റേഴ്‌സുമായാണ് മത്സരിക്കുന്നത്; ഇനി അടുത്ത ജനറേഷന് വേണ്ടി കാത്തിരിക്കുന്നു: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th August 2022, 2:03 pm

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ഗെറ്റപ്പുമായെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിലെ ‘ദേവദൂതര്‍ പാടി’ എന്ന പാട്ടും അതിലെ ചാക്കോച്ചന്റെ ഡാന്‍സ് സ്‌റ്റെപ്പുകളും ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ട്രൈ ചെയ്യുന്നതിനെയും സിനിമയിലെ യങ് ജനറേഷന്‍ നടന്മാരുമായി ‘മത്സരിക്കുന്ന’തിനെയും കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ചാക്കോച്ചന്‍. ന്നാ താന്‍ കേസ് കൊട് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പോപ്പര്‍‌സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

മമ്മൂക്കയെ പോലുള്ള യങ്‌സ്റ്റേഴ്‌സുമായാണ് മത്സരിക്കുന്നത് എന്നാണ് കുഞ്ചാക്കോ ബോബന്‍ ചിരിച്ചുകൊണ്ട് പറഞ്ഞത്. യങ്‌സ്റ്റേഴ്‌സുമായാണ് മത്സരിക്കുന്നത് എന്ന് പറയുന്നതിനോട് എന്താണ് അഭിപ്രായം എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”ഉറപ്പായിട്ടും. കോംപീറ്റ് ചെയ്യുന്നത് യങ്‌സ്റ്റേഴ്‌സുമായാണ് എന്ന് പറഞ്ഞാല്‍ അതില്‍ ഏറ്റവും യങ് ആയിട്ടുള്ളത് മമ്മൂക്കയായിരിക്കും.

കാരണം പുള്ളിയെപ്പോലെ ഇത്രയും അപ്‌ഡേറ്റഡായിട്ടുള്ള, ഏറ്റവും പുതിയ ആളുകളുടെ കൂടെ ഇത്രയും വ്യത്യസ്തമായ സബ്ജക്ടുകളും കഥാപാത്രങ്ങളും ചെയ്യുന്ന വേറൊരു യങ്സ്റ്ററെ ഞാന്‍ കണ്ടിട്ടില്ല.

തുടക്കകാലത്ത് ഞാന്‍ ഇവരുടെയെല്ലാം കൂടെ അഭിനയിച്ചിട്ടുണ്ട്. എന്റെ മൂന്നാമത്തെ സിനിമയായിരുന്ന ഹരികൃഷ്ണന്‍സില്‍ ലാലേട്ടനും മമ്മൂക്കക്കുമൊപ്പം ചെയ്തു. എന്റെ കണ്ടംപററി ആയ ദിലീപിന്റെ കൂടെ അഭിനയിച്ചു. സീനിയേഴ്‌സായ സുരേഷേട്ടന്റെയും ജയറാമേട്ടന്റെയും കൂടെ അഭിനയിച്ചു.

അതിന് ശേഷം വന്ന ജയന്‍, ഇന്ദ്രന്‍, ലാലു എന്നിവരുടെ കൂടെയൊക്കെ അഭിനയിച്ചു. അതിന് ശേഷം വന്ന ആസിഫ്, നിവിന്‍, ടൊവിനോ എന്നിവരുടെ കൂടെയൊക്കെ അഭിനയിച്ചു. ദുല്‍ഖറിന്റെ കൂടെയാണ് അഭിനയിക്കാന്‍ പറ്റാത്തത്. ഒന്നുരണ്ട് അവസരങ്ങള്‍ വന്നു. പക്ഷെ, നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല.

അങ്ങനെ നോക്കുമ്പോള്‍ എല്ലാ ജനറേഷനിലുമുള്ള ആള്‍ക്കാരുമൊത്ത് ഏറ്റവും നല്ല റാപ്പോയില്‍ നല്ല സിനിമകള്‍ ചെയ്യാന്‍ സാധിച്ച ഒരാളാണ് ഞാന്‍. ഇനി അടുത്ത ജനറേഷന് വേണ്ടി കാത്തിരിക്കുകയാണ്,” കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ന്നാ താന്‍ കേസ് കൊട് സംവിധാനം ചെയ്യുന്നത്.

കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്‌നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രമേയമെന്നാണ് സൂചന. ഗായത്രി ശങ്കര്‍ നായികയാകുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരും ഒപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

Content Highlight: Kunchacko Boban about competing with young actors like Mammootty