മുബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെയും ബി.ജെ.പിയെയും പരിഹസിച്ച് സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. ബി.ജെ.പി സ്വേച്ഛാധിപത്യമാണെന്നും ആരോപിച്ച് കൊണ്ടാണ് കുനാല്‍ കമ്ര പുതിയ പാരഡി ഗാനം പുറത്തിറക്കിയിരിക്കുന്നത്.
ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരെ പരാമര്‍ശം നടത്തിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കുനാല്‍ കമ്രയ്ക്ക് രണ്ടാമത്തെ സമന്‍സ് അയച്ചതിന് പിന്നാലെയാണ് അദ്ദേഹം പുതിയ പാരഡി ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഏക്‌നാഥ് ഷിന്‍ഡെയ്ക്കെതിരായ പരാമര്‍ശത്തില്‍ കമ്രയ്‌ക്കെതിരെ മാനനഷ്ടക്കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹവാ ഹവായ് എന്ന ഗാനത്തിന്റെ പാരഡി പാട്ടായാണ്, നിര്‍മലാ സീതാരാമനെ പരിഹസിച്ചുകൊണ്ടുള്ള പാട്ട് പുറത്തിറക്കിയത്. ആപ്ക ടാക്‌സ് കാ പൈസ ഹോ രഹാ ഹേ ഹവാ ഹവായ് (നിങ്ങളുടെ നികുതി പണം പാഴാകാന്‍ പോകുന്നു) എന്നാണ് പാട്ടിന്റെ വരികള്‍.
ഈ പാരഡി പാട്ടില്‍ ഗതാഗത പ്രശ്‌നങ്ങളെയും പാലങ്ങള്‍ തകരുന്നതിനെയും കുറിച്ചും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ സൂക്ഷ്മമായ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. മധ്യവര്‍ഗം കോര്‍പ്പറേറ്റുകളെക്കാള്‍ നികുതി നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും പാരഡി ഗാനത്തില്‍ പറയുന്നു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കെതിരായ പരാമര്‍ശത്തില്‍ കുനാല്‍ കമ്രയ്ക്കെതിരെ വധഭീഷണിയടക്കം ഉയര്‍ന്നിരുന്നു. മാര്‍ച്ച് 23ന് പരിപാടിക്കിടെ ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടി ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന് കമ്ര വിശേഷിപ്പിക്കുകയുണ്ടായി.
പിന്നാലെ കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു. കമ്രയുടെ പരാമര്‍ശം വലിയ വിവാദമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാക്കിയത്. രണ്ട് ദിവസത്തിനുള്ളില്‍ കമ്ര മാപ്പ് പറയണമെന്നും കമ്രക്കെതിരെ നടപടി എടുക്കണമെന്നും ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മാപ്പ് പറയണമെന്ന ശിവസേന നേതാക്കളുടെ ആവശ്യത്തെ കുനാല്‍ അംഗീകരിച്ചില്ല. താന്‍ ജനക്കൂട്ടത്തെ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ കമ്ര അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മാപ്പ് പറയില്ലെന്നും വ്യക്തമാക്കി.
‘ഏക്നാഥ് ഷിന്‍ഡെയെക്കുറിച്ച് അജിത് പവാര്‍ പറഞ്ഞതാണ് ഞാന്‍ പറഞ്ഞത്. ജനക്കൂട്ടത്തെ ഞാന്‍ ഭയപ്പെടുന്നില്ല. ഇത് അവസാനിക്കുന്നതുവരെ ഞാന്‍ എന്റെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കാനുമില്ല,’ കുനാല്‍ കമ്ര എക്സില്‍ കുറിച്ചു.