കുംഭമേള വി.വി.ഐ.പികള്‍ക്കല്ല, സാധാരണക്കാര്‍ക്കായിരിക്കണം: ശശി തരൂര്‍
national news
കുംഭമേള വി.വി.ഐ.പികള്‍ക്കല്ല, സാധാരണക്കാര്‍ക്കായിരിക്കണം: ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd February 2025, 1:22 pm

ജയ്പൂര്‍: കുംഭമേള പോലുള്ള പരിപാടികള്‍ വി.വി.ഐ.പികള്‍ക്കായല്ല സാധാരണക്കാര്‍ക്കുള്ളതായിരിക്കണമെന്ന് ശശി തരൂര്‍ എം.പി. ഇത്തരം പരിപാടികളില്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ വി.വി.ഐ.പികളെ പങ്കെടുപ്പിക്കരുതെന്നും ശശി തരൂര്‍ എം.പി.

ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ മന്ത്രിയായ തന്റെ സുഹൃത്ത് കുഭമേളയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും വി.വി.ഐ.പി സൗകര്യങ്ങളുപയോഗിച്ച് തനിക്ക് പോവാമായിരുന്നിട്ടും താന്‍ അത് പ്രയോജനപ്പെടുത്തിയില്ലെന്നും എം.പി പറഞ്ഞു.

താന്‍ ആ ഓഫര്‍ നിരസിച്ചത് കുംഭമേളയില്‍ ഈയിടെ നടന്ന സംഭവങ്ങള്‍ ഓര്‍ത്തത് കൊണ്ടാണെന്നും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തിന് കാരണം വി.വി.ഐ.പി പരിഗണനയാണെന്നും ശശി തരൂര്‍ പറഞ്ഞു.

കുംഭമേള പോലെയുള്ള പരിപാടികള്‍ സാധാരണക്കാര്‍ക്കുള്ളതാണെന്ന് താന്‍ വിശ്വസിക്കുന്നതിനാല്‍ തന്നെ പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ വി.വി.ഐ.പികള്‍ അവിടം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.

ജനുവരി 29ന് കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കുംഭമേളയിലെ പുണ്യദിവസമായി വിശ്വാസികള്‍ കണക്കാക്കുന്ന മൗനി അമാവാസി ദിനത്തില്‍ കോടിക്കണക്കിന് ആളുകള്‍ പുണ്യസ്നാനത്തിനിറങ്ങിയപ്പോള്‍ നിരവധി ആളുകള്‍ മരിക്കുകയും 60തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വിശ്വാസികളുടെ സംഘം മൂഖ് ഭാഗത്തേക്ക് കടക്കാനുളള ശ്രമത്തിനിടെ ബാരിക്കേഡുകള്‍ തള്ളിയതോടെയാണ് തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ കൊല്ലപ്പെട്ടതാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

വി.വി.ഐ.പികള്‍ക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കിയതാണ് സാധാരണക്കാര്‍ക്ക് നടന്നു പോവാന്‍ പോലും സ്ഥലമില്ലാതായതിന് കാരണമെന്നും അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെ കുംഭമേള നടക്കുന്ന സ്ഥലത്ത് സമ്പൂര്‍ണ വാഹന നിരോധനം ഏര്‍പ്പെടുത്താനും വി.വി.ഐ.പി പാസുകള്‍ റദ്ദാക്കിയതായും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Content Highlight: Kumbh Mela should be for common people, not VVIPs: Shashi Tharoor