സരിത നടത്തിയ ചായക്കുറിയില്‍ നറുക്ക് ചേര്‍ന്നവരാണ് എല്ലാവരും; ഞങ്ങളാരും ഒരു നറുക്കിലും ചേര്‍ന്നിട്ടില്ല: കെ.ടി. ജലീല്‍
Kerala News
സരിത നടത്തിയ ചായക്കുറിയില്‍ നറുക്ക് ചേര്‍ന്നവരാണ് എല്ലാവരും; ഞങ്ങളാരും ഒരു നറുക്കിലും ചേര്‍ന്നിട്ടില്ല: കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th June 2022, 1:29 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കറന്‍സി കടത്തിന്റെ ഭാഗമായി എന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ പ്രതികരിച്ച് കെ.ടി. ജലീല്‍ എം.എല്‍.എ.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സരിത എസ്. നായര്‍ക്കെതിരെ ആരും കേസ് കൊടുക്കാതിരുന്നത് പരാതി കൊടുത്ത് അന്വേഷണം വന്നാല്‍ കുടുങ്ങുമെന്ന് അവര്‍ക്കുറപ്പുള്ളത് കൊണ്ടാണെന്ന് കെ.ടി ജലീല്‍ പറഞ്ഞു.

‘സരിത നടത്തിയ ചായക്കുറിയില്‍ ഒരു നറുക്ക് ചേര്‍ന്നവരാണ് എല്ലാവരും. സരിതയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഒരാളും ഒരു കേസും ഒരിടത്തും കൊടുക്കാതിരുന്നത് അതുകൊണ്ടാണ്.

എന്നാല്‍ സ്വപ്ന നടത്തിയ ജല്‍പ്പനങ്ങള്‍ക്കെതിരെ ഞാന്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണവും തുടങ്ങി. കാരണം ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേര്‍ന്നിട്ടില്ല,’ അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ഏത് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താന്‍ കഴിയില്ല എന്ന് 101% എനിക്കുറപ്പാണ്. അവനവനെ വിശ്വാസമുള്ളവര്‍ക്ക് ആരെപ്പേടിക്കാനാണെന്നും കെ.ടി. ജലീല്‍ ചോദിച്ചു.

അതേസമയം മുഖ്യമന്ത്രിയും കുടുംബവും കറന്‍സി കടത്തിന്റെ ഭാഗമായി എന്ന് സ്വപ്ന സുരേഷ് നടത്തിയ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.

എന്തും വിളിച്ച് പറയുന്നവരുടെ പിന്നില്‍ ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിരട്ടാനൊക്കെ നോക്കി, അത് കയ്യില്‍ വെച്ചാല്‍ മതി. എന്തും വിളിച്ച് പറയാനുള്ള ലൈസന്‍സ് ഉണ്ടെന്ന് കരുതരുത്. അങ്ങനെ പറഞ്ഞവര്‍ക്ക് കിട്ടിയ അനുഭവം ഓര്‍മയുണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണത്തില്‍ മുഖ്യമന്ത്രി എന്തിനാണ് ഇത്ര ഭയപ്പെടുന്നതെന്ന് വി.ഡി. സതീശന്‍ ചോദിച്ചു.

മുഖ്യമന്ത്രി അറിയാതെ, മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ വിജിലന്‍സ് ഡയറക്ടര്‍ ഷാജ് കിരണ്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ ഉപകരണമാക്കി. സ്വര്‍ണക്കടത്ത് കേസ് പ്രതി കൊടുത്ത മൊഴി പിന്‍വലിക്കാന്‍ അവരുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് എന്തിന് വേണ്ടിയാണെന്ന് വി.ഡി. സതീശന്‍ ചോദിച്ചു.

Content Highlights: KT Jalil MLA responds to allegations made by Swapna Suresh, accused in gold smuggling case