'ഹിസംഘികളും കൃസംഘികളും മുസംഘികളും ഒപ്പം ലീഗ്-കോണ്‍ഗ്രസ് വഷളന്‍മാരും'; വ്യാജ പ്രചരണത്തില്‍ ജലീല്‍
Kerala News
'ഹിസംഘികളും കൃസംഘികളും മുസംഘികളും ഒപ്പം ലീഗ്-കോണ്‍ഗ്രസ് വഷളന്‍മാരും'; വ്യാജ പ്രചരണത്തില്‍ ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th September 2023, 9:09 pm

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചരണത്തില്‍ പ്രതികരണവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. മഴവില്‍ മനോരമയുടെ ഹാസ്യ പരിപാടിയായ മറിമായത്തിലെ ഒരു എപ്പിസോഡിലെ
സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച്, കെ.ടി. ജലീലിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ചതെന്ന രീതിയില്‍ നടക്കുന്ന പ്രചരത്തിലാണ് ജലീല്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഹിസംഘികളും കൃസംഘികളും മുസംഘികളും ഒപ്പം ലീഗ്-കോണ്‍ഗ്രസ് വഷളന്‍മാരുമാണ് ഇത്തരണം പ്രചരണത്തിന് പിന്നിലെന്ന് ജലീല്‍ പറഞ്ഞു.

തന്റെ നിയോജക മണ്ഡലത്തിലെവിടെയും അത്തരമൊരു ബസ് കാത്തിരിപ്പുകേന്ദ്രം എം.എല്‍.എ ഫണ്ടുപയോഗിച്ച് നിര്‍മിച്ചിട്ടില്ലെന്നും തന്നെ വ്യക്തിപരമായി താറടിക്കാനാണ് ഇത്തരമൊരും പ്രചരണമെന്നും ജലീല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

താന്‍ വ്യക്തിഹത്യ ചെയ്യപ്പെടുന്നത് ഇടതുപക്ഷത്ത് നില്‍ക്കുന്നത് കൊണ്ടാണെന്നും ‘മാന്യന്‍മാരു’ടെ കള്ളപ്രചരണങ്ങള്‍ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പില്‍ ജലീല്‍ വ്യക്തമാക്കി.

കെ.ടി. ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

മഴവില്‍ മനോരമയുടെ ‘മറിമായം’ 607-ാം എപ്പിസോഡ് ഷൂട്ട് ചെയ്യാന്‍ ഉണ്ടാക്കിയ ‘ബസ് സ്റ്റോപ്പ്’ ഞാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ചതാണെന്നന്ന വ്യാജേന ഇന്നലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ കള്ളപ്രചരണം നടക്കുകയാണ്.

എന്റെ നിയോജക മണ്ഡലത്തിലെവിടെയും അത്തരമൊരു ബസ് കാത്തിരിപ്പു കേന്ദ്രം എം.എല്‍.എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചിട്ടില്ല. എന്നെ വ്യക്തിപരമായി താറടിക്കാന്‍ 2006 മുതല്‍ ‘ചിലര്‍” ശ്രമിച്ചുകൊണ്ടിരിക്കുന്നത് എല്ലാവര്‍ക്കുമറിയാവുന്നതാണല്ലോ? ഹിസംഘികളും കൃസംഘികളും മുസംഘികളും ഒപ്പം ലീഗ്-കോണ്‍ഗ്രസ് വഷളന്‍മാരും ചേര്‍ന്നാണ് ഈ നുണക്കഥ സത്യമാണെന്ന മട്ടില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ഇ.ഡിയും കസ്റ്റംസും എന്‍.ഐ.എയും സര്‍വ്വസന്നാഹങ്ങളുമായി കയറിനിരങ്ങിയിട്ട് എന്റെ ഒരു രോമത്തില്‍ തൊടാന്‍ സാധിച്ചിട്ടില്ലെന്ന കാര്യം ഫോട്ടോഷോപ്പ് ചെയ്ത് നിര്‍മിച്ച വ്യാജ ചിത്രം സ്വന്തം ഫേസ്ബുക്ക് പേജുകളില്‍ പങ്കുവെക്കുന്നവര്‍ ഓര്‍ക്കുന്നത് നന്നാകും.

ഇടതുപക്ഷ സര്‍ക്കാരിനും സി.പി.ഐ.എം നേതാക്കള്‍ക്കുമെതിരെ സംഘടിതമായി നടക്കുന്ന കള്ളപ്രചരണങ്ങള്‍ക്ക് കയ്യും കണക്കുമില്ല. എന്റെ കാര്യത്തില്‍ സംഭവിച്ചതു പോലുള്ള പച്ചനുണകളാണ് അവയെല്ലാമെന്ന് തിരിച്ചറിയാനാവണം. ഇവരുടെയെല്ലാം ലക്ഷ്യം ഒന്നുമാത്രമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ത്ത് കേരളം സംഘികള്‍ക്ക് തീറെഴുതിക്കൊടുക്കല്‍.

ഞാന്‍ വ്യക്തിഹത്യ ചെയ്യപ്പെടുന്നത് ഇടതുപക്ഷത്ത് നില്‍ക്കുന്നത് കൊണ്ടാണ്. സി.പി.ഐ.എം സഹയാത്രികനായത് കൊണ്ടാണ്. അതിലെനിക്ക് ഒട്ടും ദുഖമില്ല. അഭിമാനമേയുള്ളൂ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഞങ്ങളെയെല്ലാം കര്‍മ്മമണ്ഡലത്തില്‍ തളര്‍ത്തി നിശബ്ദരാക്കാമെന്നാണ് ലീഗും കോണ്‍ഗ്രസും ബി.ജെ.പിയും ജമാഅത്തെ ഇസ്‌ലാമിയും കരുതുന്നതെങ്കില്‍ ആ വെള്ളം അങ്ങ് ഇറക്കിവെക്കുന്നതാണ് നല്ലത്.


Content Highlight: KT Jaleel MLA reacts to the fake campaign going on in his name on social media