ബന്ധുനിയമന വിവാദം; മുഖ്യമന്ത്രിയോ കോടിയേരിയോ വിശദീകരണം തേടിയിട്ടില്ല: കെ.ടി ജലീല്‍
kERALA NEWS
ബന്ധുനിയമന വിവാദം; മുഖ്യമന്ത്രിയോ കോടിയേരിയോ വിശദീകരണം തേടിയിട്ടില്ല: കെ.ടി ജലീല്‍
ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 7:10 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയോ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ വിശദീകരണം തേടിയിട്ടില്ലെന്ന് ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയ മന്ത്രി കെ.ടി ജലീല്‍. കോടിയേരിയെ കണ്ടത് സ്വഭാവിക കൂടിക്കാഴ്ചയാണെന്നും മന്ത്രി പറഞ്ഞു. എ.കെ.ജി സെന്ററില്‍ അരമണിക്കൂറോളമാണ് കോടിയേരിയും കെ.ടി ജലീലും ഇന്ന് കൂടിക്കാഴ്ച നടത്തിയത്. കുറ്റിപ്പുറത്ത് ജയിച്ചതു മുതല്‍ ലീഗ് തന്നെ വേട്ടയാടുകയാണെന്നും ജലീല്‍ പറഞ്ഞു.

അതേസമയം, തിരുവനന്തപുരം ലോ അക്കാദമിക്ക് മുന്നില്‍ കെ.ടി ജലീലിനെതിരെ നടന്ന പ്രതിഷേധത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടി. പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ പ്രതിഷേധം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് യൂത്ത് ലീഗ്. യോഗ്യതയുണ്ടായിട്ടും കെ.എസ്.എം.ഡി.എഫ്.സി.യില്‍ നിയമനം കിട്ടാത്തവരെ മുന്‍നിര്‍ത്തി കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞിരുന്നു.


അതേസമയം, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അഭിമുഖത്തില്‍ പങ്കെടുത്തവരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് മന്ത്രിയുടെ ബന്ധുവിനെക്കാള്‍ യോഗ്യത ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്നിരുന്നു. ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തവരില്‍ അഞ്ചു പേരും നിശ്ചിത യോഗ്യതയുള്ളവരും ഒരാള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നയാളുമായിരുന്നു.

വാര്‍ത്താ സമ്മേളനം നടത്തിയായിരുന്നു ബന്ധു നിയമന വിഷയത്തില്‍ മന്ത്രി വിശദീകരണം നല്‍കിയത്. ഏഴുപേരാണ് നിയമനത്തിനായി അപേക്ഷ നല്‍കിയത്. ഇതില്‍ മൂന്ന് പേരാണ് അഭിമുഖത്തിനെത്തിയത്. ഇവര്‍ക്കാര്‍ക്കും തന്നെ യോഗ്യയില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിലേക്ക് നീങ്ങുകയായിരുന്നു. ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ സര്‍ക്കാറിന് ഉചിതമായ തീരുമാനമെടുക്കാന്‍ അവകാശമുണ്ട്. കെ.എസ്.എസ്.ആര്‍ 1958 9 ബി വകുപ്പ് പ്രകാരമാണ് ഡെപ്യൂട്ടേഷന്‍ നിയമനം നടത്തിയതെന്നും ജലീല്‍ പറഞ്ഞിരുന്നു.

ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് യോഗ്യരായവരെ കിട്ടാത്തതിനാല്‍ കെ.ടി അദീപിനോട് അങ്ങോട്ട് ആവശ്യപ്പെട്ടത് പ്രകാരമാണ് ജോലി സ്വീകരിച്ചതെന്നായിരുന്നു ആരോപണം സംബന്ധിച്ച് മന്ത്രിയുടെ മറുപടി. മാത്രമല്ല സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കാനുള്ള വകുപ്പുണ്ടെന്ന വാദവും മന്ത്രി ഉയര്‍ത്തിയിരുന്നു.


എന്നാല്‍ ഈ വാദത്തെ തള്ളി പി.കേ ഫിറോസ് രംഗത്തെത്തിയിരുന്നു. യോഗ്യതയുള്ളവര്‍ എത്താത്തത് കൊണ്ടാണ് സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തിയതെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നും ഏഴ് അപേക്ഷകരുടെയും യോഗ്യതകള്‍ പുറത്ത് വിടണമെന്നും ഫിറോസ് ആവശ്യപ്പെട്ടിരുന്നു. പേര്‍സണല്‍ സ്റ്റാഫിലേക്കുള്ള നിയമനം പോലെയല്ല മൈനോറിറ്റി ബോര്‍ഡിലേക്കുള്ള നിയമനമെന്നും ബി.ടെക്ക് ഉള്ളത് ചെറിയ യോഗ്യതയല്ല പക്ഷേ ഇത് ജി.എമ്മിന് വേണ്ടിയുള്ള യോഗ്യതയല്ലെന്നും ഫിറോസ് പറഞ്ഞിരുന്നു.