അമേരിക്കയിലെ നിശാ ക്ലബില്‍ വെടിവെപ്പ്; 12 മരണം
World News
അമേരിക്കയിലെ നിശാ ക്ലബില്‍ വെടിവെപ്പ്; 12 മരണം
ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 6:35 pm

കാലിഫോര്‍ണിയ: അമേരിക്കയിലെ ലോസ് ആഞ്ചലെസിന് സമീപമുള്ള നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥനടക്കം 12 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പ് നടത്തിയ അക്രമിയും കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം.

അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ആയുധധാരി സ്വയം നിറയൊഴിച്ചതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പ് വിവരം അറിഞ്ഞെത്തിയപ്പോള്‍ തന്നെ ഇയാളെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. ആക്രമണത്തിന്റെ കാരണവും കണ്ടെത്താനായിട്ടില്ല.


കാലിഫോര്‍ണിയ തൗസന്‍ഡ് ഓക്‌സിലിലെ ബോര്‍ഡര്‍ ലൈന്‍ ബാര്‍ ആന്‍ഡ് ഗ്രില്‍ നിശാ ക്ലബില്‍ അമേരിക്കന്‍ സമയം രാത്രി 11:20നായിരുന്നു സംഭവം. പൊലീസ് സര്‍ജന്റ് റോണ്‍ ഹെലൂസ് ആണ് കൊല്ലപ്പെട്ടത്.

കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്. ലോസ് ആഞ്ചലെസില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള തൗസന്റ് ഓക്സ് എന്ന നഗരത്തിലാണ് ബോര്‍ഡര്‍ലൈന്‍ ബാര്‍ ആന്‍ഡ് ഗ്രില്‍ ക്ലബുള്ളത്.


30 തവണ നിറയൊഴിക്കുന്ന ശബ്ദം പുറത്തുകേട്ടുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാത്രി ബാറിലേക്ക് ഒരാള്‍ എത്തുകയും എത്തിയ ഉടന്‍ തന്നെ നിറയൊഴിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ പറയുന്നു.

ഫോട്ടോ കടപ്പാട്: എ.പി