അധ്യാപകനെ അവഹേളിച്ചിട്ടില്ല, അഞ്ച്- പത്ത് സെക്കന്‍ഡുള്ള വീഡിയോ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു; കെ.എസ്.യു നേതാവ്
Kerala News
അധ്യാപകനെ അവഹേളിച്ചിട്ടില്ല, അഞ്ച്- പത്ത് സെക്കന്‍ഡുള്ള വീഡിയോ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു; കെ.എസ്.യു നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th August 2023, 3:49 pm

കൊച്ചി: മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തില്‍ വിശദീകരണവുമായി സംഭവത്തില്‍ ഉള്‍പ്പെട്ട കെ.എസ്.യു നേതാവ് മുഹമ്മദ് ഫാസില്‍. അഞ്ച്- പത്ത് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ തെറ്റായിട്ടാണ് വ്യഖ്യാനിക്കപ്പെട്ടതെന്നും അധ്യാപകനെ അപമാനിക്കാന്‍ താനോ മറ്റ് വിദ്യാര്‍ത്ഥികളോ ശ്രമിച്ചിട്ടില്ലെന്നും മുഹമ്മദ് ഫാസില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ക്ലാസ് കഴിഞ്ഞതിന് ശേഷമുള്ള വീഡിയോയാണ് പുറത്തുവന്നതെന്നും വീഡിയോയില്‍ കസേര മാറ്റുന്ന പെണ്‍കുട്ടി അധ്യാപകനെ സാഹായിക്കുകയാണ് ചെയ്തതെന്നും ഫാസില്‍ പറഞ്ഞു. അദ്ദേഹത്തിന് കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ചാണ് അപമാനിച്ചു എന്ന നിലയില്‍ അധ്യാപകന്‍ പ്രതികരിച്ചതെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു.

‘എന്റെ പ്രൊജക്ട് മെന്ററാണ് സാറ്. അതുമായി ബന്ധപ്പെട്ട കാര്യം ചോദിച്ച് സാറിന്റെ പിന്നാലെ പോയതാണ്. അപ്പോള്‍ ഉണ്ടായ ഒരു സംഭാഷണത്തില്‍ എന്റെ ജാള്യത മറക്കാന്‍ ഞാന്‍ ചിരിച്ചതാണ്, അതാണ് ആ വീഡിയോയിലുള്ളത്.

സ്വാതി എന്ന കുട്ടിയാണ് വീഡിയോയില്‍ കസേര മാറ്റുന്നത്. അവള്‍ അധ്യാപകന് കടന്നുപോകാന്‍ കസേര മാറ്റിക്കൊടുക്കുകയാണ്. ആ കുട്ടിയാണ് സാറിനെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ക്ലാസിലേക്കും, ക്ലാസില്‍ നിന്ന് ഡിപ്പാര്‍ട്ട്‌മെന്റിലേക്കും കൈപിടിച്ച്
കൊണ്ടുപോകാറുള്ളത്. ഇതിന് ശേഷവും അങ്ങനെത്തന്നെയാണ് അവര്‍ പോയത്.

അഞ്ച്- പത്ത് സെക്കന്‍ഡ് മാത്രമാണ് ആ വീഡിയോയിലുള്ളത്. അത് പരമാവധി ദുര്‍വ്യാഖ്യാനം ചെയ്തു കഴിഞ്ഞു. ആ രീതിയിലാണിത്  പ്രചരിപ്പിക്കുന്നത്. കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ചാണ് അപമാനിച്ചു എന്ന നിലയില്‍ അധ്യാപകനും പ്രതികരിച്ചത്.

ഒറ്റനോട്ടത്തില്‍ കാര്യം അറിയാത്ത ഏതൊരാള്‍ക്കും അത് അപമാനിച്ച രീതിയിലാണ് തോന്നുക. ആ ക്ലാസില്‍ ആ സമയമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കേ അപ്പോള്‍ എന്താണ് നടന്നതെന്ന് അറിയുകയുള്ളു. അധ്യാപകന് ഞങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അറ്റന്റന്‍സ് മാറ്റേഴ്‌സ് എന്ന് പറഞ്ഞാണ് ഒരുകുട്ടി വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. അല്ലാതെ സാറിനെ കളിയാക്കുക എന്ന തരത്തിലായിരുന്നില്ല ആ വീഡിയോ,’ ഫാസില്‍ പറഞ്ഞു.

കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റായ മുഹമ്മദ് ഫാസിലെനെതിരായ ആരോപണം നിഷേധിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും രംഗത്തെത്തിയിരുന്നു. സാഹചര്യം മനസിലാക്കാതെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

കെ.എസ്.യു യൂണിറ്റ് ഭാരവാഹി അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ പരിഹസിക്കുന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നിരുന്നത്. കോളേജിലെ മൂന്നാം വര്‍ഷ ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. ഫാസില്‍ അധ്യാപകന്റെ പിറകിലൂടെ പോകുന്നതും, ഒരുകുട്ടി കസേര മാറ്റുന്നതും, ക്ലാസിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ ഫോണില്‍ നോക്കിയിരിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നത്.

വിഷയത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു. അരികുവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരധ്യാപകനെ അവഹേളിക്കാന്‍ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് തന്നെ നേതൃത്വം നല്‍കിയിരിക്കുന്നു എന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ പ്രതികരിച്ചിരുന്നു.

Content Highlight:  KSU leader explained the incident of insulting a visually impaired teacher at Maharajas College