നിര്‍ഭാഗ്യകരം; വിദ്യാര്‍ത്ഥികള്‍ തെറ്റ് തിരുത്തണം; ക്ഷമിക്കാന്‍ തയ്യാറാണ്: മഹാരാജാസ് സംഭവത്തില്‍ അധ്യാപകന്‍
Kerala News
നിര്‍ഭാഗ്യകരം; വിദ്യാര്‍ത്ഥികള്‍ തെറ്റ് തിരുത്തണം; ക്ഷമിക്കാന്‍ തയ്യാറാണ്: മഹാരാജാസ് സംഭവത്തില്‍ അധ്യാപകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th August 2023, 1:38 pm

കൊച്ചി: മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി അധ്യാപകന്‍ ഡോ. പ്രിയേഷ്. സംഭവം നിര്‍ഭാഗ്യകരമാണെന്നും കുട്ടികളുടെ ഭാഗത്ത് നിന്ന് അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ഭാവിയെ കൂടി പരിഗണിച്ചുകൊണ്ട് ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് തിരുത്തി കുട്ടികളെ പഠനത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് വിചാരിക്കുന്നതെന്നും പ്രിയേഷ് മാതൃഭൂമിയോട് പറഞ്ഞു.

‘സംഭവം നിര്‍ഭാഗ്യകരമാണ്. കുട്ടികളുടെ ഭാഗത്ത് നിന്ന് അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ ഷൂട്ട് ചെയ്യുന്നതും സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിച്ചതും ഞാന്‍ അറിയുന്നില്ല. ആ സാഹചര്യത്തിലാണ് സംഭവം മുഖ്യധാരയിലേക്ക് വരുന്നതും പരാതിയാകുന്നതും.

കുട്ടികളുടെ ഭാവിയെ കൂടി പരിഗണിച്ചുകൊണ്ട് ഇനി ഇത് ആവര്‍ത്തിക്കരുതെന്ന രീതിയില്‍ തെറ്റുകള്‍ തിരുത്തി കുട്ടികളെ പഠനത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് വിചാരിക്കുന്നത്. അങ്ങനെയാണ് ആഗ്രഹിക്കുന്നത്.

അധ്യാപകന്‍ എന്ന നിലയ്ക്ക് എനിക്ക് സാമൂഹിക ഉത്തരവാദിത്തമുണ്ട്. ആ ഒരു അര്‍ത്ഥത്തില്‍ കുട്ടികള്‍ അവരുടെ തെറ്റ് തിരുത്തുമെന്നാണ് വിചാരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഏതാണ്ട് പതിനായിരം പേരോളം കണ്ട് ധാരാളം നെഗറ്റീവ് കമന്റുകള്‍ വന്നിട്ടുണ്ട്. എന്നെക്കുറിച്ച് നെഗറ്റീവ് വന്നിട്ടുണ്ട്.

ഇയാളുടെ അവസ്ഥ എന്ന രീതിയിലുള്ള കമന്റുകളാണ് വന്നത്. അത് കാണുമ്പോള്‍ നമുക്ക് തീര്‍ച്ചയായും വിഷമം കാണുമല്ലോ. കാരണം, വൈകല്യം അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അതിന്റെ അവസ്ഥ മനസിലാകുകയുള്ളൂ.

പരാതി വന്നപ്പോഴും അതിന്റെ ഒരു തീവ്രതെയന്താണെന്ന് ഒരു പക്ഷേ അവര്‍ക്ക് മനസിലാകില്ല. നമ്മുടെ ബുദ്ധിമുട്ട് മനസിലാകണമെങ്കില്‍ ഈ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകണം. ഒരു മണിക്കൂര്‍ കുട്ടികളെ പഠിപ്പിക്കുന്നതിനായി രണ്ട് മണിക്കൂര്‍ കമ്പ്യൂട്ടറില്‍ വായിച്ച് കേട്ട്, നോട്ട്‌സ് തയ്യാറെടുക്കണം. അപ്പോള്‍ ഇത്തരമൊരു സാഹചര്യം കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുമ്പോള്‍ വിഷമം ഉണ്ടാക്കും,’ പ്രിയേഷ് പറഞ്ഞു.

കുട്ടികള്‍ വന്ന് വിഷമമുണ്ടെന്ന് പറഞ്ഞതായും അധ്യാപകന്‍ പറഞ്ഞു. അവരോട് ക്ഷമിക്കാന്‍ തയ്യാറാണെന്നും ഇനി കാഴ്ച പരിമിതിയുള്ള ഒരു അധ്യാപകനും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും പ്രിയേഷ് പറഞ്ഞു.

‘ഇതിലുള്‍പ്പെട്ടതില്‍ വിഷമം ഉണ്ടെന്ന് വിദ്യാര്‍ഥികള്‍ വന്ന് പറഞ്ഞിരുന്നു. അവരോട് ക്ഷമിക്കാന്‍ ഞാന്‍ തയ്യാറാണ്. അതേ സമയം അവര്‍ അവരുടെ തെറ്റ് മനസിലാക്കണം. പ്രിയേഷ് എന്ന വ്യക്തിയോടല്ല, കാഴ്ച പരിമിതിയുള്ളവരോട് ചെയ്യുന്ന തെറ്റാണിത്. കാഴ്ച പരിമിതിയുള്ള ഒരു അധ്യാപകന് ഇത്തരമൊരു അനുഭവം ഇനിയുണ്ടാകരുത്,’ അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് പ്രിയേഷിനെ വിദ്യാര്‍ത്ഥികള്‍ കളിയാക്കുന്ന വീഡിയോ പ്രചരിച്ചത്. ഉടനെ തന്നെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. സംഭവത്തില്‍ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും കോളേജ് മാനേജ്മെന്റ് അറിയിച്ചു.

കോളേജിലെ മൂന്നാം വര്‍ഷ ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസില്‍ വിദ്യാര്‍ത്ഥികളാണ് പ്രിയേഷിനെ അപമാനിച്ചത്. അധ്യാപകന്റെ പിറകില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കളിയാക്കുന്നതാണ് ക്ലാസിലുണ്ടായിരുന്ന ചില പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളിലുള്ളത്. അറ്റന്റന്‍സ് മാറ്റര്‍ എന്ന തലക്കെട്ടില്‍ ഇത് റീലായി പ്രചരപ്പിച്ചെന്നും ആരോപണമുണ്ട്.

content highlights: reaction of teacher in maharajas incident