രതിനിര്‍വേദത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ആദ്യം എന്നെ സ്‌കേറ്റിങ് പഠിപ്പിക്കാന്‍ കൊണ്ടുപോയി; അതിന്റെ കാരണം: കൃഷ്ണചന്ദ്രന്‍
Entertainment
രതിനിര്‍വേദത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ആദ്യം എന്നെ സ്‌കേറ്റിങ് പഠിപ്പിക്കാന്‍ കൊണ്ടുപോയി; അതിന്റെ കാരണം: കൃഷ്ണചന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th May 2025, 12:47 pm

അഭിനേതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗായകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് കൃഷ്ണചന്ദ്രന്‍. രതിനിര്‍വേദത്തിലെ പപ്പു എന്ന കഥാപാത്രത്തിന്റെ പേരല്ലാതെ മറ്റൊരു ആമുഖവും അദ്ദേഹത്തിന് ആവശ്യമില്ല.

രതിനിര്‍വേദം എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോയതിനെ കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണചന്ദ്രന്‍. 1977ലാണ് ‘രതിനിര്‍വേദം’ ഷൂട്ട് ചെയ്യുന്നതെന്നും 1978ല്‍ റിലീസ് ആയെന്നും കൃഷ്ണചന്ദ്രന്‍ പറയുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടുമാസം മുമ്പ് തന്നെ മദ്രാസിലേക്ക് വിളിപ്പിച്ചുവെന്നും തന്നെയും തന്റെ അനിയനായി അഭിയിച്ച ആളെയും കൂട്ടി സംവിധായകന്‍ ഭരതനും അണിയറപ്രവര്‍ത്തകരും വൈകുന്നേരങ്ങളില്‍ മറീന ബീച്ചില്‍ പോകുമായിരുന്നുവെന്നും കൃഷ്ണചന്ദ്രന്‍ പറഞ്ഞു.

രതിനിര്‍വേദം ഷൂട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ സ്‌കേറ്റിങ് പഠിപ്പിക്കാന്‍ കൊണ്ടുപോയെന്നും സ്‌കേറ്റിങ് ഉള്ള പാട്ടുസീന്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘1977ലാണ് ‘രതിനിര്‍വേദം’ ഷൂട്ട് ചെയ്യുന്നത്. 78ല്‍ റിലീസായി. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടുമാസം മുമ്പ് എന്നെ മദ്രാസിലേക്ക് വിളിപ്പിച്ചു. എന്റെ അനിയനായി അഭിനയിക്കുന്ന മാസ്റ്റര്‍ മനോഹര്‍ മദ്രാസില്‍ തന്നെയാണ്. ഭരതേട്ടനും ക്യാമറാമാന്‍ രാമചന്ദ്രബാബുവും അസോസിയേറ്റുകളായ അജയേട്ടനും സദാനന്ദനും ഞങ്ങളെയും കൂട്ടി വൈകുന്നേരങ്ങളില്‍ മറീന ബീച്ചില്‍ പോയിരിക്കും.

ഇടയ്‌ക്കെന്നെ സ്‌കേറ്റിങ് പഠിപ്പിക്കാന്‍ കൊണ്ടുപോയി. സ്‌കേറ്റിങ് ഉള്ള പാട്ടുസീന്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നു. ആദ്യ സിനിമ തന്നെ നൂറുദിവസം ഓടി. റോള്‍ മാറിയെങ്കിലും സിനിമ പിന്നെയെന്നെ കൈവിട്ടില്ല.

ഇളയരാജ, എം.ബി. ശ്രീനിവാസന്‍, ശ്യാം, എ.ടി. ഉമ്മര്‍, എം.എസ്. വിശ്വനാഥന്‍, കെ.വി, മഹാദേവന്‍, കെ.ജെ. ജോയ്, ജോണ്‍സണ്‍ തുടങ്ങിയവരുടെ പാട്ടുകള്‍ പാടാനായി. ഡബ്ബിങ്ങിന് രണ്ട് സംസ്ഥാനപുരസ്‌കാരങ്ങള്‍ കിട്ടി. വലിയ ധാരണയില്ലാതെ, പതിനേഴാം വയസില്‍ സിനിമയിലേക്ക് വന്ന എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ മഹാഭാഗ്യമാണ്,’ കൃഷ്ണചന്ദ്രന്‍ പറയുന്നു.

Content Highlight: Krishnachandran Talks About Rathinirvedam Movie