മലയാളത്തിലെ എക്കാലത്തെയും മികച്ച വെബ് സീരീസെന്ന അഭിപ്രായം നേടി മുന്നേറുകയാണ് സംഭവവിവരണം നാലരസംഘം. തിരുവനന്തപുരത്തെ ഗുണ്ടാസംഘങ്ങളുടെ കഥ റിയലിസ്റ്റിക്കിനൊപ്പം ഡാര്‍ക്ക് ഹ്യൂമറും ചേര്‍ത്ത് അവതരിപ്പിച്ച രീതി പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു. മേക്കിങ്ങിലും അവതരണത്തിനും നാലരസംഘത്തിന്റെ സംഭവിവരണം പുതിയ പരീക്ഷണങ്ങള്‍ നടത്തുകയും വിജയിക്കുകയും ചെയ്തു.
ചിത്രത്തിലെ നായകനും ഗ്യാങ്ങും ആരാധിക്കുന്ന സൂപ്പര്‍സ്റ്റാര്‍ വിക്രമന്‍ സീരീസിലെ ഫ്രഷ് അനുഭവമായിരുന്നു. ആക്ഷന്‍ സിനിമകള്‍ ചെയ്യുന്ന വിക്രമണ്ണനായി വേഷമിട്ടത് സംവിധായകന്‍ കൃഷന്ദ് തന്നെയാണ്. സീരീസില്‍ പലപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നത് വിക്രമണ്ണനെക്കുറിച്ച് തടിപ്പാലം ഗ്യാങ് പറയുന്ന ഡയലോഗുകളാണ്.
വിക്രമനായി വേഷമിട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കൃഷന്ദ്. തിരുവനന്തപുരത്ത് താന്‍ കണ്ടുവളര്‍ന്ന പല ചെറുപ്പക്കാരും ഏതെങ്കതിലും സൂപ്പര്‍സ്റ്റാറിന്റെ ഫാന്‍സ് ക്ലബ്ബിലെ അംഗങ്ങളായിരിക്കുമെന്ന് കൃഷന്ദ് പറഞ്ഞു. അതിലും കൂടുതല്‍ പേരും വിജയ്‌യുടെ ഫാന്‍സാണെന്നും അതായിരുന്നു താന്‍ സീരീസിലേക്ക് എടുത്തതെന്നും അദ്ദേഹം പറയുന്നു.
‘വിജയ് ഫാന്‍സാണ് ഞാന്‍ കണ്ടതില്‍ കൂടുതല്‍ ചെറുപ്പക്കാരും. ഓരോ ഏരിയയിലെ പിള്ളേരും അവരുടേതായ ആഘോഷം തിയേറ്ററില്‍ നടത്തും. വിജയ് പടത്തിന്റെ റിലീസൊക്കെ വലിയ ഉത്സവം പോലെയാണ്. അതിന്റെ കുറേ സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴാണ് വിജയ്‌യുടെ ടീമിന്റെയടുത്ത് നിന്ന് കോപ്പിറൈറ്റ് തരില്ലെന്ന് പറഞ്ഞത്.
അത്രയും ഷൂട്ട് ചെയ്തത് വെറുതേയായി. എന്ത് ചെയ്യുമെന്ന് അറിയാതെ ബ്ലാങ്കായി നിന്നപ്പോള്‍ വേറൊരു സൂപ്പര്‍സ്റ്റാറിനെ നമ്മളായിട്ട് ഉണ്ടാക്കിയാലോ എന്ന് ചിന്തിച്ചു. ആ ക്യാരക്ടര്‍ ആര് ചെയ്യുമെന്നായി പിന്നീട് ചിന്ത. കൂടെയുണ്ടായിരുന്ന എ.ഡിമാരാണ് എന്നോട് അഭിനയിക്കാന്‍ പറഞ്ഞത്. അങ്ങനെയാണ് സൂപ്പര്‍സ്റ്റാര്‍ വിക്രമനായി ഞാന്‍ ക്യാമറക്ക് മുന്നില്‍ വന്നത്,’ കൃഷന്ദ് പറയുന്നു.
വിജയ് കോപ്പിറൈറ്റ് നല്കാത്തതിനാല്‍ മലയാളത്തിന് പുതിയൊരു സൂപ്പര്‍സ്റ്റാറിനെ ലഭിച്ചു. ഹ്യൂമറും സീരിയസും ഇടകലര്‍ന്ന് മുന്നോട്ടുപോയ സീരീസില്‍ സ്പൂഫ് എലമെന്റ് കൊണ്ടുവരാന്‍ സൂപ്പര്‍സ്റ്റാര്‍ വിക്രമന് സാധിച്ചു. ഇന്ത്യയിലെ സകല ഗ്രാമങ്ങളെയും രക്ഷിച്ച വിക്രമനണ്ണന്‍ അടുത്ത സീസണിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നല്ല സംവിധായകനാണെന്ന് നേരത്തെ തെളിയിച്ച കൃഷന്ദ് സംഭവവിവരണത്തിലൂടെ ഗംഭീര നടനാണെന്നും തെളിയിച്ചിരിക്കുകയാണ്.
Content Highlight: Krishand explains why he did the role of Vikram in Chronicles of 4.5 gang series