മേക്കിങ് കൊണ്ടും കഥപറച്ചിലിന്റെ രീതി കൊണ്ടും മലയാളസിനിമയില്‍ ശ്രദ്ധേയനായ സംവിധായകനാണ് കൃഷന്ദ്. ആദ്യചിത്രമായ വൃത്താകൃതിയിലുള്ള ചതുരം കൊണ്ട് അത് പ്രേക്ഷകര്‍ക്ക് തെളിയിച്ചതുമാണ്. പിന്നാലെയെത്തിയ ആവാസവ്യൂഹം, പുരുഷ പ്രേതം എന്നിവ നിരൂപകര്‍ക്കിടയിലും സിനിമാപ്രേമികള്‍ക്കിടയിലും വലിയ പ്രശംസ നേടി.
കൃഷന്ദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ വെബ് സീരീസായ സംഭവവിവരണം നാലരസംഘം – ദി ക്രോണിക്കിള്‍സ് ഓഫ് 4.5 ഗ്യാങ് അടുത്തിടെ റിലീസായിരുന്നു. മലയാളത്തില്‍ ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും മികച്ച വെബ് സീരീസായാണ് സംഭവവിവരണത്തെ പലരും കണക്കാക്കുന്നത്. തിരുവനന്തപുരത്തെ ഗുണ്ടാസംഘങ്ങളെക്കുറിച്ച് പറയുന്ന കഥയാണ് സീരീസിന്റേത്.
തിരുവനന്തപുരം സ്വദേശിയായ തനിക്ക് പരിചയമുള്ള കഥകളാണ് സീരീസിനായി തെരഞ്ഞെടുത്തതെന്ന് പറയുകയാണ് കൃഷന്ദ്. താന്‍ ചെറുപ്പം മുതല്‍ കേട്ടും കണ്ടും വളര്‍ന്ന കഥകളെല്ലാം ചേര്‍ത്തൊരുക്കിയ സീരീസാണ് ഇതെന്നും അദ്ദേഹം പറയുന്നു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷന്ദ് ഇക്കാര്യം പറഞ്ഞത്.
‘ഞങ്ങള്‍ തിരുവനന്തപുരംകാര്‍ക്ക് എല്ലാത്തിനോടും പുച്ഛമാണ്. ആ പുച്ഛം ഒരു റൂഡ്‌നെസ്സിലേക്ക് പോകാതെ മൈല്‍ഡ് ആയിട്ട് എന്റെ എല്ലാ പടത്തിലും പ്രസന്റ് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. തിരുവനന്തപുരംകാരുടെ പുച്ഛത്തെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. എല്ലാവരെക്കാളും ഹൈ സ്റ്റാന്‍ഡേര്‍ഡാണ് ഞങ്ങള്‍ക്കെന്നാണ് വിശ്വാസം.
എനിക്ക് തൊട്ടുമുമ്പുള്ള ജനറേഷന്‍, അതായത് ഏര്‍ലി 80s ല്‍ ഉള്ളവര്‍, എന്റെ ചേട്ടന്മാരുടെ ജനറേഷന് ഈ പുച്ഛം കൂടുതലായിരുന്നു. റോയലാണെന്ന ചിന്തയായിരുന്നു. അന്ന് എല്ലാവരിലുമുണ്ടായിരുന്ന പുച്ഛം അന്നത്തെ മോഹന്‍ലാല്‍ സിനിമകളിലും കാണാന്‍ പറ്റും. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ഗ്യാങ്ങിലെ സിനിമകളില്‍ കാണുന്ന പരസ്പരമുള്ള താറ്റലും കളിയാക്കലുകളുമെല്ലാം അന്നത്തെ ആള്‍ക്കാരുടെ ഇടയിലുണ്ടായിരുന്നതാണ്,’ കൃഷന്ദ് പറയുന്നു.
1998 മുതല്‍ 2018 വരെ തിരുവനന്തപുരത്ത് നടക്കുന്ന കഥയാണ് സംഭവവിവരണം നാലരസംഘത്തിന്റേത്. തടിപ്പാലം എന്ന കോളനിയില്‍ നിന്ന് തിരുവനന്തപുരം ഭരിക്കുന്ന ഗ്യാങ്ങായി മാറിയ അരിക്കുട്ടന്റെയും സംഘത്തിന്റെയും കഥ ഡാര്‍ക്ക് ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ കൃഷന്ദ് അവതരിപ്പിച്ചിട്ടുണ്ട്. സഞ്ജു ശിവറാം, നിരഞ്ജ് മണിയന്‍പിള്ള രാജു, ദര്‍ശന രാജേന്ദ്രന്‍, അലക്‌സാണ്ടര്‍ പ്രശാന്ത്, ജഗദീഷ് തുടങ്ങി വന്‍ താരനിരയാണ് സീരീസില്‍ അണിനിരക്കുന്നത്.
Content Highlight: Krishand about his making and humors in his movies