തിരുവനന്തപുരം: നാളെ നടക്കാനിരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചു. നേതാക്കള്‍ അസൗകര്യം അറിയിച്ചത് യോഗം മാറ്റിവെക്കാന്‍ കാരണമായെന്ന് വിശദീകരണം.
ഓണ്‍ലൈനായി ഇന്ന് (ശനിയാഴ്ച) നടന്ന യു.ഡി.എഫ് ഏകോപന സമിതിയില്‍ നിന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പങ്കെടുത്തിരുന്നില്ല.
അതേസമയം വ്യാഴാഴ്ച നടന്ന കെ.പി.സി.സി ഭാരവാഹി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുത്തിരുന്നില്ല. ഇതിനുപിന്നാലെയാണ് നാളെ നടക്കാനിരുന്ന യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്.
കെ.പി.സി.സി യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന് പിന്നാലെ വി.ഡി. സതീശനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വി.ഡി. സതീശന്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതില്‍ പ്രതിഷേധിച്ചാണ് സുധാകരന്‍ യു.ഡി.എഫ് മീറ്റിങ്ങിൽ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന.
തദ്ദേശ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നാണ് വി.ഡി. സതീശന്‍ വിട്ടുനിന്നത്.
നേരത്തെ നടന്ന ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ സനാതന ധര്‍മത്തെ സംബന്ധിച്ച് കെ. സുധാകരനും വി.ഡി. സതീശനും രണ്ട് അഭിപ്രായങ്ങളാണ് സ്വീകരിച്ചത്. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും സനാതന ധര്‍മത്തെയും നിശിതമായി വിമര്‍ശിച്ചാണ് കെ. സുധാകരന്‍ സംസാരിച്ചത്.
എന്നാല്‍ കെ. സുധാകരന്റെ അഭിപ്രായത്തെ പൂര്‍ണമായും തള്ളി സനാതന ധര്‍മം ഇന്ത്യയുടെ സംസ്‌കാരമാണെന്നും വസ്തുതയാണെന്നുമാണ് വി.ഡി. സതീശന്‍ പറഞ്ഞത്. ഈ വിഷയത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ അഭിപ്രായ ഭിന്നത ഇപ്പോള്‍ കൂടുതല്‍ വഷളാകുകയാണ്.
Content Highlight: KPCC political affairs committee meeting scheduled for tomorrow has been postponed