നേതൃമാറ്റം വേണമെന്ന് ക്യാമ്പ് എക്‌സിക്യുട്ടീവ്; സുധീരന് രൂക്ഷ വിമര്‍ശനം
Daily News
നേതൃമാറ്റം വേണമെന്ന് ക്യാമ്പ് എക്‌സിക്യുട്ടീവ്; സുധീരന് രൂക്ഷ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th June 2016, 5:48 pm

udf meeting

തിരുവനന്തപുരം: തെരെഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെ.പി.സി.സി ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. വി.ഡി സതീശനും എം.എം ഹസനുമാണ് പ്രധാനമായും നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയത്.

പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കും നേതൃത്വത്തിനുമാണെന്നന്ന് കുറ്റപ്പെടുത്തിയ സതീശന്‍ നേതൃത്വത്തില്‍ തലമുറ മാറ്റം വേണമെന്നും ആവശ്യപ്പെട്ടു. നേതൃത്വത്തില്‍ വിശ്വാസമില്ലെന്നും നേതൃത്വത്തിലുള്ള എല്ലാവരും അഴിമതിക്കാരാണാന്നും സതീശന്‍ ആരോപിച്ചു.

തോല്‍വിയുടെ ഉത്തരവാദിത്വം വി.എം സുധീരനാണെന്ന് എം.എം ഹസന്‍ ആരോപിച്ചു. സുധീരന്‍ രാജിവെക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. ആദര്‍ശം വാക്കുകളില്‍ മാത്രമായിരുന്നുവെന്നും പ്രവര്‍ത്തികളില്‍ ഉണ്ടായിരുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു.

യു.ഡി.എഫിന്റെ മദ്യനയം പാളിയെന്നും മദ്യനയം കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ലെന്നും ഹസന്‍ കുറ്റപ്പെടുത്തി. എ.കെ ആന്റണിക്കെതിരെയും രമേശ് ചെന്നിത്തലക്കെതിരെയും യോഗത്തില്‍ വിമര്‍ശനമുണ്ടായി.

ആന്റണി നോക്കിയിരുന്നാല്‍ മാത്രം പോര പറയേണ്ട കാര്യം പറയണമെന്നായിരുന്നു ആവശ്യം. സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍ തിരിച്ചടിയായെന്നും തെരെഞ്ഞെടുപ്പിലെ മതേതര നിലപാടിന് ഒട്ടും ആത്മാര്‍ത്ഥതയില്ലായിരുന്നെന്നും യോഗത്തില്‍ ആരോപണമുണ്ടായി. അതേ സമയം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് വി.എം സുധീരന്‍ അഭ്യര്‍ത്ഥിച്ചു.

തെരെഞ്ഞെടുപ്പ് മുന്നൊരുക്കം നടത്തിയതില്‍ ഗുരുതര വീഴ്ചയുണ്ടായി, ദല്‍ഹിയിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പല മണ്ഡലങ്ങളിലേയും തോല്‍വിക്ക് കാരണമായി, തദ്ദേശ തെരെഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടില്ല എന്നീ കാര്യങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു.

തെരെഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ആലപ്പുഴയില്‍ തോമസ് ഐസക്കിനെതിരെ മത്സരിച്ച് പരാജയപ്പെട്ട ലാലി വിന്‍സെന്റ് ആരോപിച്ചു.

പാര്‍ട്ടിയുടെ ഭാവിപ്രവര്‍ത്തനം എങ്ങനെയായിരിക്കണം എന്ന വിഷയത്തില്‍ കരട് നയരേഖ നാളെ യോഗത്തില്‍ അവതരിപ്പിക്കും. പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും ഒരേ പദവിയില്‍ മൂന്നു തവണയില് കൂടുതല്‍ തുടരേണ്ടതില്ല, 10 വര്‍ഷത്തിന് മേല്‍ ചുമതലയില്‍ തുടരുന്ന പാര്‍ട്ടി ഭാരവാഹികളെ മാറ്റണം തുടങ്ങി 30 നിര്‍ദ്ദേശങ്ങളാണ് നയരേഖയിലുള്ളത്.
യുവാക്കള്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കണം, മേല്‍ഘടകങ്ങളുടെ നിര്‍ദേശം കീഴ്ഘടകങ്ങള്‍ പൂര്‍ണമായും അനുസരിക്കണം എന്നീ നിര്‍ദ്ദേശങ്ങളും നയരേഖയിലുണ്ട്. രണ്ട് ദിവസമാണ് എക്‌സിക്യുട്ടീവ് യോഗം. തോറ്റ സ്ഥാനാര്‍ഥികളുടെ കൂടി അഭിപ്രായം കേള്‍ക്കാനായി അവരേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.