വടകരയില്‍ കണ്ടത് യു.ഡി.എഫിന്റെ രാഷ്ട്രീയ പാപ്പരത്തം; പ്രചരണം നടത്തേണ്ടത് എങ്ങനെയാണെന്ന് യു.ഡി.എഫ് പഠിക്കണം: എളമരം കരീം
Kerala News
വടകരയില്‍ കണ്ടത് യു.ഡി.എഫിന്റെ രാഷ്ട്രീയ പാപ്പരത്തം; പ്രചരണം നടത്തേണ്ടത് എങ്ങനെയാണെന്ന് യു.ഡി.എഫ് പഠിക്കണം: എളമരം കരീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2024, 10:28 pm

കോഴിക്കോട്: വടകരയില്‍ യു.ഡി.എഫ് വിലകുറഞ്ഞ വര്‍ഗീയ പ്രചരണം നടത്തിയെന്ന് കോഴിക്കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എളമരം കരീം. വടകര മണ്ഡലത്തില്‍ കണ്ടത് യു.ഡി.എഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും പ്രചരണം നടത്തേണ്ടത് എങ്ങനെയാണെന്ന് യു.ഡി.എഫ് പഠിക്കണമെന്നും എളമരം കരീം പറഞ്ഞു.

വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ വടകരയില്‍ എല്‍.ഡി.എഫ് നടത്തിയ ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലൊട്ടാകെ പ്രചരണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍ പോലും വിദ്വേഷ പ്രചരണം നടത്തിയില്ലെന്നും എളമരം കരീം പറഞ്ഞു. നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന ചുമതല കോണ്‍ഗ്രസ് വടകരയില്‍ നടപ്പാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ നികൃഷ്ടമായ ഭാഷയില്‍ വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥിയായ കെ.കെ. ശൈലജയെ കോണ്‍ഗ്രസ് അവഹേളിച്ചു. സമൂഹ മാധ്യമങ്ങളിലും അവഹേളിച്ചു. ഇതിനുപുറമെ വടകരയിലെ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിച്ചുവെന്നും എളമരം കരീം ചൂണ്ടിക്കാട്ടി.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കോണ്‍ഗ്രസ് വ്യാജ പ്രചരണം നടത്തുകയാണെന്നും ഇത് രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്നും എളമരം കരീം കുറ്റപ്പെടുത്തി.

‘ഇടതുപക്ഷം മതം പറഞ്ഞുകൊണ്ടല്ല വോട്ട് പിടിച്ചത്. ആര്‍.എസ്.എസ് അടുത്ത വര്‍ഷം അവരുടെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നത്. മാധ്യമങ്ങളെ പോലും ബി.ജെ.പി വിലക്കെടുത്തു. വിമര്‍ശിക്കുന്നവരെ ബി.ജെ.പി നിരന്തമായി ജയിലില്‍ അടക്കുന്നു,’ എളമരം കരീം പറഞ്ഞു.

ആര്‍.എസ്.എസിന്റെ അജണ്ടയില്‍ മുസ്ലിം ലീഗ് വീണ് പോകരുതെന്നും മനുഷ്യനെ ഭിന്നിപ്പിച്ച് സംസാരിക്കുമ്പോള്‍ കൈ അടിക്കാന്‍ ചിലര്‍ കാണുമെന്നും എളമരം കരീം ചൂണ്ടിക്കാട്ടി. എന്നാല്‍ അവരെ ജനങ്ങള്‍ ഒരു മൂലയ്ക്ക് ഇരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Kozhikode LDF candidate Elamaram Karim said that UDF ran cheap communal propaganda in Vadakara