കോഴിക്കോട്: താന്‍ രചിച്ച പുസ്തകത്തില്‍ മതനിഷേധമുണ്ടെന്ന് ആരോപിച്ച് ഫറൂഖ് കോളേജ് പള്ളിയിൽ വെള്ളിയാഴ്ച നടന്ന ജുമുഅ ഖുതുബയില്‍ പരസ്യമായി അവഹേളിച്ചുവെന്ന് കോളേജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ശബ്‌നം നൂര്‍ജഹാന്‍.
‘ഞാന്‍ കാമില: റൂമിയുടെ പ്രണയി’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം സംഘടിപ്പിച്ച കോളേജ് സ്റ്റാഫ് ക്ലബിനെതിരെയും അവഹേളന പരാമര്‍ശം നടന്നെന്നാണ് അധ്യാപികയുടെ പരാതി.
കോളേജിൽ ഓണാഘോഷവും സദ്യയും ഒരുക്കുന്നത് ഇവർക്ക് മതവിരുദ്ധമാണ്. ക്രിസ്മസ് ആഘോഷങ്ങൾ ഇവർക്ക് നിഷിദ്ധം. കമ്മ്യൂണിസ്റ്റ് പരിപാടികള്‍ ഇവര്‍ക്ക് അധാര്‍മ്മിക ലിബറലിസം തുടങ്ങി പള്ളിയുടെ താത്പര്യത്തിന് വിരുദ്ധമായി എന്ത് സംഭവിച്ചാലും ശത്രുതയാണ്. പിന്നെ തൊട്ടടുത്ത ആഴ്ചയിലെ ജുമുഅ ഖുതുബ വിഷയം അതായിരിക്കും. ബന്ധപ്പെട്ടവര്‍ക്ക് ശകാരവര്‍ഷവും ലഭിക്കും.
സൗദിയിലെ മത പൊലീസിനെയും താലിബാനി മുതവകളേയും പോലെ, കാമ്പസിലേക്ക് ഈ വിധേനെ ഇവര്‍ സദാ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നും അധ്യാപിക ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.
കലാലയത്തിനകത്തേക്ക് മതാന്ധതയുടെ കണ്ണട വെച്ചുള്ള ഒളിഞ്ഞുനോട്ടവും, അത് പള്ളിയില്‍ പറഞ്ഞു അവഹേളിച്ചു കളയുമെന്ന ഭീഷണിയുമായി കുറെ നാളായി ഇവര്‍ ഇവിടം വാഴുകയാണെന്നും ഫറൂഖ് കോളേജിലെ സലഫി മതപൊലീസ് എന്ന തലക്കെട്ടിലെഴുതിയ കുറിപ്പില്‍ പറയുന്നു.
അതേസമയം, ശബ്‌നം നൂര്‍ജഹാന്റെ പ്രതികരണം വലിയ ചര്‍ച്ചയായതോടെ ഫേസ്ബുക്ക് കുറിപ്പ് അവര്‍ പിന്‍വലിച്ചു.
ഞാന്‍ എഴുതിയത് ഒരു സൂഫീനോവലാണ്. ആത്മീയ ജ്ഞാനത്തെയും, ദിവ്യാനുരാഗത്തെയും കാവ്യാത്മകമായി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സൂഫികള്‍ മദ്യത്തെയും ലഹരിയെയും സ്ത്രീകളെയുമെല്ലാം രചനകളില്‍ രൂപകങ്ങളായി ഉപയോഗിക്കാറുണ്ട്.
ഇക്കാരണത്താല്‍ മതത്തിന്റെയും ഭൗതികതയുടേയുമായ രണ്ടിടങ്ങളിലും അവര്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്. സൂഫീസാഹിത്യ രീതികളെ കുറിച്ചോ എന്തിന്, സര്‍ഗ്ഗാത്മകമായ വര്‍ണനകളെ കുറിച്ചോ പോലും ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഈ സലഫീ പൗരോഹിത്യ കൂട്ടങ്ങളില്‍ നിന്നും ഇതിലപ്പുറവും പ്രതീക്ഷിക്കാവുന്നതാണെന്നും ശബ്‌നം വിമര്‍ശിക്കുന്നു.
അലി മദനി മൊറയൂര്‍ നടത്തിയ ജുമുഅ ഖുതുബയിലാണ് അധ്യാപികയ്‌ക്കെതിരെ പരാമര്‍ശം നടത്തിയത്. വഖഫ് ഭൂമിയിലാണ് കോളേജ് നിലനില്‍ക്കുന്നത്. ആ ഭൂമിയില്‍ നിന്നാണ് പ്രാര്‍ത്ഥിക്കുന്നത്. ആറക്ക ശമ്പളം വാങ്ങുന്നവര്‍ കോളേജിനോട് നന്ദി കാണിക്കണം.
മുന്‍ഗാമികള്‍ നടത്തിയ ത്യാഗത്തിലാണ് കോളേജ് പടുത്തുയര്‍ത്തിയത്. അവരോട് നന്ദി കാണിക്കണം അതാണ് തഖ്‌വയുടെ ഭാഗം. അവരോട് നന്ദികേട് കാണിക്കുന്നത് തഖ്‌വയല്ല. അത് ആരാധനയുടെ ചൈതന്യത്തില്‍ പെട്ടതല്ലെന്നും പ്രസംഗത്തില്‍ പറയുന്നു. ഇതിന്റെ ഓഡിയോ ക്ലിപ്പുകളും പുറത്തെത്തിയിട്ടുണ്ട്.
Content Highlight: Kozhikode Farook College Assistant Professor criticizes college campus mosque’s policies