മലബാറില്‍ നിന്നും നിയമസഭയിലേക്ക് എത്തിയ വനിതകളില്‍ സി.പി.ഐ.എമ്മിന്റെ ന്യൂനപക്ഷ മുഖമായിരുന്നു ജമീലയുടെത്. മൂന്ന് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നത്.
തലക്കുളത്തൂര്‍ ഗ്രാമത്തില്‍ നിന്നുള്ള വീട്ടമ്മ എന്ന നിലയില്‍ നിന്നും പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകയായി മാറിയത് ചുരുങ്ങിയ കാലം കൊണ്ടാണ്. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം ഉള്‍പ്പെടെയുള്ള പ്രാദേശിക രംഗത്ത് ജനകീയമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയാണ് ജമീല ജനങ്ങള്‍ക്ക് പ്രിയങ്കരിയായത്.
പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിനുശേഷമാണ് അവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. അധ്യാപികയായിരുന്ന കാനത്തില്‍ ജമീല 1995ലാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങിയത്.