മറ്റ് സിനിമാ സെറ്റുകളിലേത് പോലെ വലിയ ചിരിയും കളിയുമൊന്നും റോഷാക്കിന്റെ സെറ്റിലില്ലായിരുന്നു: കോട്ടയം നസീര്‍
Entertainment news
മറ്റ് സിനിമാ സെറ്റുകളിലേത് പോലെ വലിയ ചിരിയും കളിയുമൊന്നും റോഷാക്കിന്റെ സെറ്റിലില്ലായിരുന്നു: കോട്ടയം നസീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th October 2022, 10:01 pm

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളിലെത്തുകയാണ്.

ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, ജഗദീഷ്, ഗ്രേസ് ആന്റണി, കോട്ടയം നസീര്‍, സഞ്ജു ശിവറാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

മറ്റ് സിനിമകളുടെ സെറ്റിലേത് പോലെ തനിക്ക് വലിയ ചിരിയും കളിയുമൊന്നും റോഷാക്കിന്റെ സെറ്റില്‍ ഉണ്ടായിരുന്നില്ലെന്നും മമ്മൂക്കക്കൊപ്പം അഭിനയിക്കുന്നതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും പറയുകയാണ് കോട്ടയം നസീര്‍. റോഷാക്കിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”വളരെ റെയറായി കിട്ടുന്ന ചില കഥാപാത്രങ്ങളാണ് ഇത്. അങ്ങനെയുള്ളതേ കിട്ടിയിട്ടുള്ളൂ. റോഷാക്കിലെ ഈ കഥാപാത്രം എന്താണെന്നൊക്കെ പറഞ്ഞുതന്നപ്പോള്‍ അതാവാന്‍ വേണ്ടിയുള്ള ഒരു ശ്രമം മൊത്തത്തില്‍ നടത്തിയിരുന്നു.

അതുകൊണ്ട് എല്ലാ സെറ്റിലുമുണ്ടാകുന്നത് പോലെ വലിയൊരു ചിരിക്കും കളിക്കും മനസ് പാകപ്പെട്ടിരുന്നില്ല എന്നതാണ് സത്യം.

ഓഡിയോ ലൈവ് റെക്കോഡിങ്ങായിരുന്നു. മമ്മൂക്കയുമായുള്ള കോമ്പിനേഷന്‍ സീനുകളുമുണ്ടായിരുന്നു.

സ്‌റ്റേജിലൊക്കെ നിന്ന് പത്തോ ഇരുപതോ പേജ് ഡയലോഗ് കാണാതെ പഠിച്ച് പറയുന്നത് പോലെയല്ല, സിനിമയുടെ സീക്വന്‍സ് വരുമ്പോള്‍ ഇത് തെറ്റാന്‍ പാടില്ലല്ലോ എന്ന ചിന്തയൊക്കെ ഉള്ളിലുണ്ട്.

പ്രത്യേകിച്ച് മമ്മൂക്കയെ പോലെ ഒരു വലിയ താരത്തിന്റെ മുന്നില്‍ നിന്ന് പെര്‍ഫോം ചെയ്യുമ്പോള്‍ നമ്മള്‍ മോശക്കാരനും ആകരുത്, അവരുടെ സമയവും വേസ്റ്റ് ചെയ്യാന്‍ പാടില്ല,” കോട്ടയം നസീര്‍ പറഞ്ഞു.

ഇതിനിടെ നസീറിന്റെ പ്രതികരണത്തിനിടെ മമ്മൂട്ടിയും ഇടയ്ക്കുകയറി സംസാരിക്കുന്നുണ്ട്. ”നസീര്‍ ഇത് എങ്ങോട്ടാ പറഞ്ഞ് പോകുന്നത്. ഇങ്ങനെയൊന്നും സെറ്റിലുണ്ടായിട്ടില്ല,” എന്നായിരുന്നു മമ്മൂട്ടിയുടെ കമന്റ്.

”അല്ല, നസീര്‍ പറഞ്ഞത് നസീറിന്റെ ആത്മസംഘര്‍ഷമാണ്. അയ്യോ ഡയലോഗൊന്നും തെറ്റരുതേ, എന്നൊക്കെ നസീര്‍ പറയാറുണ്ടായിരുന്നു. സെറ്റിലൊക്കെ പക്ഷേ റിലാക്‌സ്ഡായിരുന്നു,” എന്ന് ജഗദീഷും പറഞ്ഞു.

സമീര്‍ അബ്ദുല്‍ തിരക്കഥയൊരുക്കിയിരിക്കുന്ന റോഷാക്ക് മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്ററുകളെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു.

Content Highlight: Kottayam Nazeer shares the experience of acting in Rorschach movie with Mammootty