റൊഷാക്കിലെ കഥാപാത്രം ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്ന് മമ്മൂക്ക ചോദിച്ചിരുന്നു, അദ്ദേഹം തന്നെയാണ് ഇത് എന്നോട് പറഞ്ഞത്: കോട്ടയം നസീര്‍
Entertainment
റൊഷാക്കിലെ കഥാപാത്രം ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്ന് മമ്മൂക്ക ചോദിച്ചിരുന്നു, അദ്ദേഹം തന്നെയാണ് ഇത് എന്നോട് പറഞ്ഞത്: കോട്ടയം നസീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st June 2025, 12:29 pm

നിസാം ബഷീറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു റൊഷാക്ക്. മമ്മൂട്ടി കമ്പനി പ്രൊഡ്യൂസ് ചെയ്ത പടം ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റായി മാറി. ചിത്രത്തില്‍ ശശാങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കരിയറില്‍ ഒരു ബ്രേക്കുണ്ടാക്കാന്‍ നടന്‍ കോട്ടയം നസീറിനും സാധിച്ചിരുന്നു.

സിനിമാകരിയറില്‍ അദ്ദേഹത്തിന് ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ശശാങ്കന്‍. എന്തുകൊണ്ടാണ് നിസാം ബഷീര്‍ തന്നെ ആ കഥാപാത്രം ചെയ്യാനായി വിളിച്ചതെന്ന് പറയുകയാണ് കോട്ടയം നസീര്‍.

ഒപ്പം ആ കഥാപാത്രത്തെ പുള്‍ ഓഫ് ചെയ്യാന്‍ തനിക്ക് കഴിയുമോ എന്ന സംശയം മമ്മൂട്ടിക്ക് ഉണ്ടായിരുന്നെന്നും അദ്ദേഹം തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും കോട്ടയം നസീര്‍ പറയുന്നു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ എന്തുകൊണ്ട് ഞാന്‍ എന്ന ചോദ്യം നിസാമിനോട് ചോദിച്ചിരുന്നു. എന്തോ ഇക്ക ചെയ്താല്‍ നന്നാവുമെന്ന് തോന്നി എന്നായിരുന്നു മറുപടി.

മമ്മൂക്ക ഒരു ദിവസം എന്നോട് നേരിട്ട് പറഞ്ഞു, ഞാന്‍ അവനോട് ചോദിച്ചിരുന്നു ഇവന്‍ ചെയ്താല്‍ ശരിയാകുമോ എന്ന്. വേറൊന്നും കൊണ്ടല്ല നീ നന്നായിട്ടൊക്കെ അഭിനയിക്കുന്ന ആളാണ്. പക്ഷേ ഈ ക്യാരക്ടര്‍ നിന്റെ കയ്യില്‍ നില്‍ക്കുമോ, നീ അങ്ങനെ ചെയ്ത് കണ്ടിട്ടില്ലല്ലോ ഡാ എന്ന് പറഞ്ഞു.

ചെയ്യും ഞാന്‍ ചെയ്യിപ്പിച്ചോളാം എന്നായിരുന്നത്രേ നിസാമിന്റെ മറുപടി. അവന്റെ ഒറ്റപ്പിടത്തുമായിരുന്നു. പക്ഷേ നീ ഗംഭീരമായിരുന്നു എന്ന് മമ്മൂക്ക പറഞ്ഞു.

അത് എനിക്ക് ഒരു അവാര്‍ഡായിരുന്നു. നിന്റെ ആ കണ്ണും നോട്ടവുമൊന്നും ഞാന്‍ മറന്നിട്ടില്ല എന്ന് മമ്മൂക്ക പറഞ്ഞു. റൊഷാക്കിന് മുന്‍പ് എനിക്ക് നിസാമിനെ പരിചയമൊന്നുമില്ല.

അദ്ദേഹത്തെ പോലെ ചിന്തിക്കുന്നവര്‍ വരുമ്പോഴേ ഇവിടെ പല കലാകാരന്‍മാര്‍ക്ക് മാറ്റമുണ്ടാകുള്ളൂ. അല്ലെങ്കില്‍ അവര്‍ എല്ലാം ഒരേ പാളത്തില്‍ കൂടി പോയ്‌ക്കൊണ്ടിരിക്കും,’ കോട്ടയം നസീര്‍ പറഞ്ഞു.

Content Highlight: Kottayam Nazeer abour Rorchach Movie and Mammoottys doubt