കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ പൊലീസ് പട്ടിണിക്കിട്ട് മര്‍ദ്ദിച്ചതായി പരാതി
Daily News
കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ പൊലീസ് പട്ടിണിക്കിട്ട് മര്‍ദ്ദിച്ചതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd October 2016, 6:05 pm

അറസ്റ്റ് രേഖപ്പെടുത്താതെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വെച്ച് കൊല്ലം അഞ്ചാലും മൂട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് മര്‍ദ്ദനത്തിനിരയായ യുവാക്കള്‍ പറയുന്നു. 

കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ പൊലീസ് ദിവസങ്ങളോളം ലോക്കപ്പിലിട്ട് മര്‍ദിച്ചതായി ആരോപണം.

അറസ്റ്റ് രേഖപ്പെടുത്താതെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വെച്ച് കൊല്ലം അഞ്ചാലും മൂട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് മര്‍ദ്ദനത്തിനിരയായ യുവാക്കള്‍ പറയുന്നു.

മര്‍ദനത്തില്‍ പരുക്കേറ്റ നിലയില്‍ അഞ്ചാലുംമൂട് തൃക്കരുവ സ്വദേശികളായ രാജീവ് (32), ഷിബു (36) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ച് ദിവസവും ബന്ധുക്കളെ പോലും കാണിക്കാതെ പട്ടിണിക്കിട്ടായിരുന്നു മര്‍ദ്ദനമെന്ന് ഇവര്‍ പറയുന്നു. നഗ്‌നനാക്കി തല തിരിച്ച് വെച്ച് മുഖമടച്ച് അടിച്ചെന്നും മുള കൊണ്ടുള്ള ഉപകരണം ഉപയോഗിച്ച് കൈവിരലുകള്‍ക്ക് ഇടയില്‍ കയറ്റി വിരലുകള്‍ ഞെരിച്ചെന്നും ഇവര്‍ ആരോപിച്ചു.

ഇരുവരും ജോലി ചെയ്യുന്ന, കിണറിനുള്ള തൊടി വാര്‍ക്കുന്ന സ്ഥാപനത്തില്‍നിന്ന് അടുത്തിടെ 1,85,000 രൂപ മോഷണം പോയിരുന്നു. മോഷണത്തിനു പിന്നില്‍ രാജീവും ഷിബുവുമാണെന്ന സംശയത്തെതുടര്‍ന്ന് ഇരുവരെയും കഴിഞ്ഞ 16 നു രാത്രി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അന്നു മുതല്‍ വെള്ളിയാഴ്ച രാത്രി വരെ ലോക്കപ്പിലിട്ട് ചോദ്യം ചെയ്തിട്ടും തുമ്പൊന്നും ലഭിച്ചില്ല. മോഷണം നടത്തിയിട്ടില്ലെന്ന് ഇവര്‍ ആവര്‍ത്തിച്ചിട്ടു പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവില്‍, തെളിവു ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഇരുവരെയും വിട്ടയയ്ക്കുകയായിരുന്നു.

ചിത്രം കടപ്പാട്: മനോരമ