കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലെ നഴ്‌സ് റെയില്‍വെ ട്രാക്കില്‍ ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്; പുറംലോകമറിയാതിരിക്കാന്‍ ഗൂഢാലോചന
Daily News
കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലെ നഴ്‌സ് റെയില്‍വെ ട്രാക്കില്‍ ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്; പുറംലോകമറിയാതിരിക്കാന്‍ ഗൂഢാലോചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th June 2016, 9:11 pm

rape

 

കൊച്ചി: കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന യുവതി ആശുപത്രിയോട് ചേര്‍ന്നുളള റെയില്‍വെ ട്രാക്കില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ പരാതിപ്പെടുകയോ പോലീസ് കേസെടുക്കുകയോ ചെയ്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പുതുതായി വന്ന നഴ്‌സുമാരിലൊരാള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്നാണ് ലഭ്യമായ വിവരം. റെയില്‍വെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള വിജനമായ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ അതേ ആശുപത്രിയില്‍ മെഡിക്കല്‍ ഐ.സി.യുവില്‍ ചികിത്സിച്ചുവരികയാണ്.

എന്നാല്‍ യുവതിയോ ബന്ധുക്കളോ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പരാതിയില്ലാത്തതിനാല്‍ കേസെടുക്കാന്‍ നിര്‍വ്വാഹമില്ലെന്നാണ് പോലീസ് നിലപാട്.

എന്നാല്‍ പെണ്‍കുട്ടിയെ രണ്ട് ദിവസത്തിന് ശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സംശയിക്കുന്നുവെന്നും ചില ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.

സംഭവം പുറത്തിറിയാതിരിക്കാന്‍ നഴ്‌സുമാരടക്കമുള്ള ജീവനക്കാരെ ആശുപത്രി അധികൃതര്‍ കര്‍ശനമായി നിരീക്ഷിക്കുന്നതായും ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും ആരോപണമുണ്ട്.

പുതുതായി ജോലിയില്‍ പ്രവേശിച്ച നഴ്‌സുമാരിലൊരാള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വിശദാംശങ്ങള്‍ പുറത്തുവിടാതിരിക്കുകയാണെന്നുമാണ് നഴ്‌സുമാരുടെ സംഘടനാ ഭാരവാഹികളിലൊരാള്‍ നല്‍കുന്ന വിവരം. ഈ നഴ്‌സ് തങ്ങളുടെ സംഘടനയിലെ അംഗമല്ലെന്നും കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഭാരവാഹി പറഞ്ഞു. ഹോസ്പിറ്റലിലെ മെഡിക്കല്‍ ഐ.സി.യുവില്‍ ഇത്തരം ഒരു പെണ്‍കുട്ടി ചികിത്സയിലുണ്ടെന്നും ആശുപത്രിയില്‍ ജോലി ചെയ്യുന്നവരില്‍ ചിലര്‍ സമ്മതിക്കുന്നു. എന്നാല്‍ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ മെഡിക്കല്‍ ഐ.സി.യുവിലേക്ക് ആരേയും കടത്തിവിടുന്നില്ല.
സംഭവം നടന്ന ആശുപത്രി പരിസരത്തെ റെയില്‍വെ ട്രാക്കിനോട് ചേര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി വിളക്കുകള്‍ പിടിപ്പിച്ചു. ആശുപത്രി അധികൃതര്‍ തന്നെ മുന്‍കയ്യെടുത്താണ് വിളക്കുകള്‍ സ്ഥാപിച്ചത്.