തിരുവനന്തപുരം: വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയില്‍ കേരളത്തിന് മുന്നേറാനാകണമെന്ന് ധനകാര്യവകുപ്പ്. വിജ്ഞാന സമ്പദ്ഘടനയുടെ അടിത്തറയില്‍ പുതിയ കേരളം രൂപപ്പെട്ടു തുടങ്ങിയതായി ധനകാര്യവകുപ്പിന്റെ ‘നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളും’ എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.
‘വിഷന്‍ 2031’ സംസ്ഥാനതല സെമിനാറുകളുടെ ഭാഗമായി ധനകാര്യവകുപ്പ് സംഘടിപ്പിച്ചതായിരുന്നു സെമിനാര്‍. സംസ്ഥാന ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലായിരുന്നു സെമിനാറിന്റെ അധ്യക്ഷന്‍.
ഇതിന്റെ തുടര്‍ച്ചയായി നമ്മുടെ സാമൂഹിക, പശ്ചാത്തല സൗകര്യമേഖലകളെല്ലാം ലോകത്തോട് കിടപിടിക്കുന്ന നിലയിലേക്കുള്ള മുന്നേറ്റമാണ് നടത്തുന്നത്. പുതിയ കേരളത്തെ മുന്നോട്ടുനയിക്കുന്നതിന് ഇത് തുടരേണ്ടതുണ്ടെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. സെമിനാറില്‍ ‘കേരളം@2031: ഒരു പുതിയ ദര്‍ശനം’ എന്ന വിഷയം ധനകാര്യ മന്ത്രി അവതരിപ്പിച്ചു.
കേരളത്തിന്റെ കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക നേട്ടങ്ങള്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ അവതരിപ്പിച്ചു. ധനകാര്യ റിസോഴ്‌സസ് സെക്രട്ടറി അജിത് പട്ടീല്‍ സ്വാഗതവും ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി കേശവേന്ദ്ര കുമാര്‍ നന്ദിയും പറഞ്ഞു.
‘കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ മാതൃകകള്‍, പുത്തന്‍ സാധ്യതകള്‍’ എന്ന വിഷയത്തില്‍ നടന്ന സമാന്തര സെഷന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ അധ്യക്ഷനായി. വെല്ലുവിളികളെ അവസരമാക്കിമാറ്റി 2031ഓടെ കേരളത്തെ ഒരു വികസിത സമ്പദ്ഘടനയായി ഉയര്‍ത്തുന്നതിനുള്ള എല്ലാ സാധ്യതകളും ഇപ്പോള്‍ ഉരിത്തിരിഞ്ഞിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ചുള്ള വികസനം, പ്രായമാകുന്ന സമൂഹത്തെ ഒരു അവസരമാക്കി മാറ്റുന്നതിനുള്ള പരിചരണ സമ്പദ്‌വ്യവസ്ഥ, ഹൈടെക് കൃഷി രീതികള്‍, ഭാവി സാങ്കേതികവിദ്യകളുടെ വിനിയോഗം തുടങ്ങിയവയെല്ലാം പ്രയോഗവല്‍ക്കരിക്കാനാകണം. കേരളം ഒരു നഗരം എന്ന കാഴ്ചപ്പാടിലുള്ള തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് (ഓണ്‍ലൈനായി പങ്കെടുത്തു), ഐ.ബി.എസ് സ്ഥാപകനും എക്സിക്യുട്ടിവ് ചെയര്‍മാനുമായ ഡോ. വി.കെ. മാത്യൂസ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സി.ജെ. ജോര്‍ജ്, ഹൈദരാബാദിലെ എന്‍.എഫ്.ടി.ഡി.സി (നോണ്‍-ഫെറസ് മെറ്റീരിയല്‍സ് ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്റര്‍) ഡയറക്ടര്‍ ഡോ. കെ. ബാലസുബ്രഹ്‌മണ്യന്‍, കിഫ്ബി അഡീഷണല്‍ സി.ഇ.ഒ മിനി ആന്റണി, സ്വീറ്റ് ലൈം സ്ഥാപകനും ഡയറക്ടറുമായ സജ്ഞയ് ഡാഷ്, കെ. ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ.പി.വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
‘കയറ്റുമതിയും തുറമുഖ അധിഷ്ഠിത വികസനവും’ എന്ന സമാന്തര സെഷനില്‍ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ബി. കാശിനാഥന്‍ അധ്യക്ഷനായി. തുറമുഖാധിഷ്ഠിത വികസന ആസൂത്രണത്തിലൂടെ കേരളത്തിന് രണ്ട് ട്രില്യണ്‍ സമ്പദ്ഘടന നേടാന്‍ കഴിയുമെന്ന് സെമിനാര്‍ പറഞ്ഞു. കേരളത്തിലെ തുറമുഖങ്ങള്‍ക്ക് ചുറ്റുമായി രൂപപ്പെടുത്തുന്ന ലോജിസ്റ്റിക് വികസന സമ്പദ്‌വ്യവസ്ഥ നാളെയുടെ കേരളത്തിന് മുതല്‍ക്കൂട്ടാകും.
പോര്‍ട്ട് അതോറിറ്റി മുന്‍ ചെയര്‍മാന്‍ എന്‍. രാമചന്ദ്രന്‍, കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം പ്രസിഡന്റ് കെ.എം. ഹമീദ് അലി, സി.ഐ.ഐ ചെയര്‍പേഴ്സണ്‍ വി.കെ.സി റസാഖ്, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ടാസ്‌ക് ഫോഴ്സ് ഓണ്‍ എക്സ്പോര്‍ട്സ് ചെയര്‍ അലക്സ്. കെ. നൈനാന്‍, സെന്റര്‍ ഫോര്‍ ഡെവലെപ്പ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. സി. വീരമണി, വിസില്‍ എം.ഡി ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ സംസാരിച്ചു.
മൂന്നാമത് സമാന്തര സെഷനില്‍ ‘ധനകാര്യ ഫെഡറലിസവും ജി.എസ്.ടി സംവിധാനവും’ എന്ന വിഷയം ചര്‍ച്ച ചെയ്തു. ജി.എസ്.ടി നിരാശാജനകമാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. ജി.എസ്.ടി സമ്പ്രദായത്തിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുന്നില്ല. ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ആനുപാതികമായി ലഭിക്കേണ്ട നികുതി ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി.
ഈ സെഷനില്‍ സംസ്ഥാന ജി.എസ്.ടി കമീഷണര്‍ അജിത് പാട്ടീല്‍ അധ്യക്ഷനായി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയിലെ പ്രൊഫസര്‍ ഡോ. പിനാകി ചക്രബര്‍ത്തി, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ.രവി. രാമന്‍, കെ.യു.ആര്‍.ഡി.എഫ്.സി എം.ഡി എസ്. പ്രേംകുമാര്‍, ഗിഫ്റ്റ് ഡയറക്ടര്‍ ഡോ. കെ.ജെ. ജോസഫ്, ജി.എസ്.ടി അഡീഷണല്‍ ഡയറക്ടര്‍ ആര്‍. ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനായി. മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍ ഉപസംഹാര പ്രഭാഷണം നടത്തി. സംസ്ഥാന ലോട്ടറിവകുപ്പ് ഡയറക്ടര്‍ മിഥുന്‍ പ്രേംരാജ് നന്ദി പറഞ്ഞു. 1800ല്‍പരം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.
Content Highlight: Knowledge-based economy will be the foundation for Kerala: Finance department