കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാണോ, ലഭിക്കാന്‍ എന്ത് ചെയ്യണം? അറിയേണ്ടതെല്ലാം
Covid 19 India
കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാണോ, ലഭിക്കാന്‍ എന്ത് ചെയ്യണം? അറിയേണ്ടതെല്ലാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd January 2021, 4:13 pm

ഏറെ നാളത്തെ പരീക്ഷണങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ഉപയോഗയോഗ്യമായ ഒരു കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്. 70 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞ, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച്, പുനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന ‘കൊവിഷീല്‍ഡ്’ എന്ന വാക്‌സിന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും കേന്ദ്രം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.

ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ വിതരണ റിഹേഴ്‌സല്‍ അഥവാ ഡ്രൈ റണ്ണടക്കമുള്ള നടപടികള്‍ വിവിധ സംസ്ഥാനങ്ങളിലായി പുരോഗമിക്കുകയാണ്. കേരളത്തില്‍ നടക്കുന്ന ഡ്രൈ റണ്‍ പൂര്‍ണ വിജയമായാല്‍ കുത്തിവെയ്പ്പ് ജനുവരി 6 ന് ആരംഭിക്കുമെന്നാണ് സൂചന. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കൊവിഷീല്‍ഡല്ലാത്ത മറ്റ് വാക്‌സിനുകളും ലഭ്യമാക്കുമെന്നുമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.

വാക്‌സിന്‍ ലഭിക്കുമെന്ന് ഉറപ്പായെങ്കിലും വാക്‌സിന്‍ എങ്ങനെ, ആര്‍ക്ക്, എപ്പോള്‍ ലഭിക്കും എന്നതിനെക്കുറിച്ച് തീര്‍ച്ചയായും ഒരുപാട് സംശയങ്ങള്‍ ആളുകള്‍ക്കുണ്ട്. അതിലുപരിയായി ഈ പ്രതിരോധ വാക്‌സിന്‍ കുത്തിവെച്ചാലും രോഗം വരാതിരിക്കുമോ എന്ന കാര്യത്തിലും പലര്‍ക്കും സംശയങ്ങളുണ്ട്. ഒപ്പം ഈ വാക്സിന് മറ്റ് വല്ല പാര്‍ശ്വഫലങ്ങളുമുണ്ടാകുമോയെന്നും ആളുകള്‍ ആശങ്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ വാക്‌സിന്‍ സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവിദഗ്ധരും ആരോഗ്യ വകുപ്പും നല്‍കുന്ന മറുപടികള്‍ പരിശോധിക്കാം.

ആദ്യം തന്നെ ആര്‍ക്കൊക്കെയാണ് കൊവിഡ് വാക്‌സിന്‍ ലഭിക്കുകയെന്ന് നോക്കാം

കോവിഡ് പിടിപെടാന്‍ ഏറ്റവും സാധ്യതയുള്ള 30 കോടി ആളുകളുടെ ഒരു മുന്‍ഗണനാ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. അവര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ഇതില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന
ആരോഗ്യപ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, പൊലീസ്, മുനിസിപ്പല്‍ ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവരും കൊവിഡ് വരാന്‍ സാധ്യതയുള്ള റിസ്‌ക് കാറ്റഗറിയില്‍ പെട്ട 50 വയസ്സിനു മുകളിലുള്ളവര്‍, 50 വയസ്സിനു താഴെയുള്ളതില്‍ മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവരും ഉള്‍പ്പെടുന്നു. കേരളത്തില്‍ 3.13 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട് വന്നിട്ടുള്ളത്.

അതേസമയം റിസ്‌ക് കാറ്റഗറിയില്‍ തന്നെ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് തല്‍ക്കാലം വാക്‌സിന്‍ കുത്തിവെപ്പ് നടത്തുന്നില്ല. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ഇപ്പോള്‍ നല്‍കുന്നത്. കുട്ടികളില്‍ ഇതുവരെ വാക്സിന്‍ പരീക്ഷണവും നടത്തിയിട്ടില്ല. അതേസമയം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച ഗവേഷണങ്ങള്‍ നടന്നുവരുന്നുണ്ട്.

ഇനി, എങ്ങനെയാണ് ആദ്യത്തെ ഘട്ടത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും മറ്റുള്ളവര്‍ക്കുമൊക്കെ വാക്‌സിന്‍ വിതരണം നടത്തുന്നതെന്ന് പരിശോധിക്കാം

വാക്‌സിന്‍ സ്വീകരിക്കേണ്ട ആരോഗ്യപ്രവര്‍ത്തകരുടെയും മറ്റു കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരുടെയും രജിസ്‌ട്രേഷന്‍ അതതു സ്ഥാപനങ്ങള്‍ വഴിയായിരിക്കും. മറ്റുള്ള മുന്‍ഗണനാ വിഭാഗത്തിലുള്ളവരെ കണ്ടെത്തി റജിസ്‌ട്രേഷന്‍ നടത്തുന്നത് ആരോഗ്യവകുപ്പായിരിക്കും. ഈ രജിസ്‌ട്രേഷനനുസരിച്ചായിരിക്കും കുത്തിവെപ്പ് നടക്കുക. ഏത് ഘട്ടത്തിലും മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് വാക്‌സിന്‍ ലഭിക്കില്ല.

വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മൊബൈലില്‍ സന്ദേശം ലഭിക്കും. ഇതില്‍ വാക്‌സിന്‍ കേന്ദ്രം, ഏത് ദിവസം, എപ്പോഴാണ് എത്തേണ്ടത് തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട നടപടികളും വിവരങ്ങളും രജിസ്റ്റര്‍ ചെയ്തവരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്യും.

വാക്‌സിന്റെ 2 ഡോസാണ് നല്‍കുന്നത്. ആദ്യത്തേത് നല്‍കി 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തേത് നല്‍കുക. 2 ഡോസും സ്വീകരിച്ചു കഴിഞ്ഞാല്‍ ക്യൂആര്‍ കോഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

നിലവില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രമായിരിക്കും വാക്‌സിന്‍ വിതരണം. സ്വന്തം നിലയില്‍ വാക്‌സിന്‍ കുത്തിവെയ്ക്കല്‍ സാധ്യമല്ല. ഏപ്രില്‍ മാസത്തോടെ വാക്‌സിന്‍ സ്വകാര്യ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞേക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. ഇതിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണം.

വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വ്യക്തികളുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്

ക്യാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ വാക്‌സിനെടുക്കാന്‍ മടിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൊവിഡ് ബാധിതനായിരിക്കുമ്പോഴോ ലക്ഷണങ്ങള്‍ ഉള്ളപ്പോഴോ വാക്‌സിന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. വൈറസ് മുക്തനായി രണ്ടാഴ്ചയ്ക്ക് ശേഷം വാക്‌സിന്‍ സ്വീകരിക്കാം. കൊവിഡ് വന്ന് ഭേദമായവര്‍ വാക്‌സിന്‍ സ്വീകരിക്കാതിരിക്കരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

വാക്‌സിനെന്നോ പുതിയ മരുന്നുകളെന്നോ കേള്‍ക്കുമ്പോള്‍ പാര്‍ശ്വഫലങ്ങളെ കുറിച്ച് സ്വാഭാവികമായും ചില ആശങ്കളുണ്ടാകും. കൊവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

വാക്‌സിന്‍ സ്വീകരിച്ചാല്‍ ചിലരില്‍ നേരിയ ചില പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്. അതായത് ചിലര്‍ക്ക് പനി, തടിപ്പ്, ശരീരവേദന തുടങ്ങിയ നേരിയ വിപരീതഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇങ്ങനെ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ വരികയാണെങ്കില്‍ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ തന്നെ പ്രത്യേക നിരീക്ഷണ സംവിധാനമുണ്ട്. അടിയന്തര സാഹചര്യത്തില്‍ 1075, 104 എന്നീ ടോള്‍ ഫ്രീ നമ്പറുകളിലും ബന്ധപ്പെടാം.

പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങിയാലും, പ്രത്യേകിച്ച് ആദ്യമായി വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കുന്നതായതിനാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് ഏറ്റവും കൃത്യതയോടെ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ട് നല്‍കണമെന്നും ആരോഗ്യ വകുപ്പ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുത്തിവെയ്പ്പ് ആരംഭിച്ച ശേഷം ഓരോ 15 ദിവസത്തിലും വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച ഈ റിപ്പോര്‍ട്ട് പ്രത്യേക സമിതിക്ക് നല്‍കണം. ആദ്യ രണ്ട് മാസം ഇത് തുടരണം. പിന്നീട് ഓരോ മാസത്തിലും റിപ്പോര്‍ട്ടുകള്‍ നല്‍കണം. വാക്‌സിന്റെ പരീക്ഷണങ്ങളും സമാന്തരമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആ റിപ്പോര്‍ട്ടകളും യഥാസമയം നല്‍കേണ്ടതുണ്ട്.

ഇനി അടുത്ത പ്രധാന ചോദ്യം, വാക്‌സിനു വേണ്ടി സ്വന്തം പോക്കറ്റില്‍ നിന്നും പൈസ ചെലവാകുമോ എന്നതാണ്.

നിലവില്‍ കമ്പനികളില്‍ നിന്നും വാക്‌സിന്‍ വാങ്ങുന്നതിന്റെ ചെലവ് വഹിക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ്. ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്. പിന്നീടുള്ള ഘട്ടങ്ങളില്‍ വാക്‌സിനുള്ള ചെലവ് ആര്, എത്രത്തോളം വഹിക്കേണ്ടി വരും എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.

വാക്‌സിന്‍ നിര്‍ബന്ധമാണോ

വാക്‌സിനെടുക്കാന്‍ ആരെയും സര്‍ക്കാര്‍ നിര്‍ബന്ധിക്കില്ല. പക്ഷെ വാക്‌സിന്‍ തന്നെയാണ് നല്ല പ്രതിരോധമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. കൊവിഷീല്‍ഡ് വാക്സിന്‍ താരതമ്യേന സുരക്ഷിതമാണെന്നും സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിനല്ലാതെ നിലവില്‍ കൊവിഡിന് മറ്റു പ്രതിരോധ മാര്‍ഗങ്ങളൊന്നും ശാസ്ത്രലോകം കണ്ടെത്തിയിട്ടുമില്ല.

ഇനി ഏറ്റവും പ്രധാനപ്പെട്ട ചോദ്യം, വാക്‌സിന്‍ സ്വീകരിച്ചാലും കൊവിഡ് വരുമോ?

വാക്‌സിന്‍ സ്വീകരിച്ചാല്‍ കൊവിഡ് വരാനുള്ള സാധ്യത കുറവാണ്. കുറച്ച് നാളത്തേക്ക് കൊവിഡ് പിടിപെടില്ല എന്ന് പരീക്ഷണങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. പക്ഷെ കൃത്യമായി എത്ര നാളത്തേക്കായിരിക്കും ഈ സുരക്ഷ ഉണ്ടായിരിക്കുകയെന്നതില്‍ വ്യക്തത വന്നിട്ടില്ല.

എന്നാല്‍ വാക്‌സിന്‍ കൊവിഡ് പടരുന്നത് തടയുന്നത് വ്യക്തിപരമായി ഓരോരുത്തര്‍ക്കും രോഗം വരാതിരിക്കുക എന്നതിനെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്. വ്യക്തിഗതമായി കിട്ടുന്ന പ്രതിരോധ ശേഷി കൂടാതെ കുത്തിവെയ്പ്പിലൂടെ സമൂഹത്തിന്റെ മുഴുവന്‍ പ്രതിരോധ ശേഷി അഥവാ ഹേഡ് ഇമ്മ്യൂണിറ്റി വര്‍ധിക്കുകയാണ്. അതായത് ഒരു കമ്മ്യൂണിറ്റിയിലെ വലിയൊരു വിഭാഗം ആളുകളില്‍ കുത്തിവെയ്പ്പ് വഴിയോ രോഗം വന്നുപോയത് മൂലമോ ആന്റിബോഡി രൂപപ്പെടുമ്പോള്‍ വൈറസ് പടര്‍ന്നുപിടിക്കാനുള്ള സാധ്യത കുറയുകയാണ്. ഒരു ഗ്രൂപ്പിലെ ഒരാള്‍ക്ക് രോഗം വന്നാലും ആ ഗ്രൂപ്പിലെ ചിലര്‍ക്കെങ്കിലും പ്രതിരോധശേഷിയുണ്ടാകുമ്പോള്‍ ഇയാളില്‍ നിന്നും മറ്റൊരാളിലേക്കും അയാളില്‍ നിന്നും വേറൊരാളിലേക്കും രോഗം പടരാതിരിക്കും. ഇത്തരത്തില്‍ കൂടിയാണ് വാക്‌സിന്‍ കൊവിഡ് മഹാമാരിയില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ പോകുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Know all about  Covid Vaccine Covishield