കൊവിഡ് വൈറസ് വകഭേദം ആശങ്കയില്‍ തമിഴ്‌നാട്; ഇംഗ്ലണ്ടില്‍ നിന്ന് വന്ന 360 പേരെ കണ്ടെത്താനായില്ലെന്ന് ആരോഗ്യവകുപ്പ്
Covid 19 India
കൊവിഡ് വൈറസ് വകഭേദം ആശങ്കയില്‍ തമിഴ്‌നാട്; ഇംഗ്ലണ്ടില്‍ നിന്ന് വന്ന 360 പേരെ കണ്ടെത്താനായില്ലെന്ന് ആരോഗ്യവകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd January 2021, 1:34 pm

ചെന്നൈ: ഇംഗ്ലണ്ടില്‍ സ്ഥിരീകരിച്ച കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ തമിഴ്‌നാട്ടില്‍ ആശങ്ക.

പുതിയ വകഭേദം തിരിച്ചറിഞ്ഞ ശേഷം ഇംഗ്ലണ്ടില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ 360 പേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

കടുത്ത ആശങ്കയാണ് തമിഴ്‌നാട്ടില്‍ ഇതുണ്ടാക്കുന്നത്. എയര്‍പോര്‍ട്ടുകളില്‍ വ്യാജ വിലാസം നല്‍കിയതാവാം എന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. തമിഴ്‌നാട്ടില്‍ ചെന്നൈ, ചെങ്കല്‍പേട്ട് എന്നീ ജില്ലകളില്‍ ഉള്ളവരാണിവര്‍ എന്നാണ് നിഗമനം.

360 പേരെ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. നവംബര്‍ 25നും ഡിസംബര്‍ 23നും ഇടയില്‍ ബ്രിട്ടനില്‍ നിന്നെത്തിയ 2,300 പേരില്‍ 1,936 പേരെയാണ് തമിഴ്‌നാട്ടില്‍ കണ്ടെത്തിയത്.

ഇതില്‍ 24 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 20 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇത് കൊവിഡിന്റെ പുതിയ വകഭേദമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ തമിഴ്‌നാട്ടില്‍ നടത്തിയ വീഴ്ചകള്‍ വാര്‍ത്തയായിരുന്നു.  രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നിരന്തര വീഴ്ചകളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.

കൊവിഡ് ബാധിച്ച്  മരിച്ച വ്യക്തികളുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിലും രോഗം നിര്‍ണയിക്കുന്നതിലുമെല്ലാം ഈ വീഴ്ച സംഭവിച്ചു.

ലോക്ക്ഡൗണ്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് തമിഴനാട്ടിലെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിന് കാരണമായത്. തമിഴ്‌നാടിലെ കോയമ്പേട് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ കൊവിഡ് കേസുകള്‍ ചെന്നൈ നഗരത്തില്‍ നിരവധി പേരെയാണ് രോഗ ബാധിതരാക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Tamil Nadu concerned over Covid virus variant; The Department of Health says it has not been able to locate 360 ​​people from England