കാല്‍പന്ത് കളിയുടെ മാമാങ്കത്തിന് ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളി ഫുട്‌ബോള്‍ ആരാധകര്‍. അര്‍ജന്റീനയും ബ്രസീലും പോര്‍ച്ചുഗലുമടക്കമുള്ള തങ്ങളുടെ പ്രിയ ടീമുകളെ പിന്തുണക്കുമ്പോഴും ഇന്ത്യയെന്ന് ലോകവേദിയില്‍ പന്തുതട്ടുമെന്ന സങ്കടം ഒരുപോലെ പേറുന്നവരാണ് ഓരോ മലയാളിയും.
ഇപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി അനിശ്ചിതത്തില്‍ നില്‍ക്കുമ്പോള്‍ പുറത്ത് വരുന്നത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷമേകുന്ന ഒരു വാര്‍ത്തയാണ്. മറ്റൊന്നുമല്ല, ജൂണ്‍ 11ന് തുടങ്ങുന്ന 2026 ഫിഫ ലോകകപ്പില്‍ ഒരു മലയാളി താരം കളിക്കുന്നുവെന്നതാണ് ആരാധകര്‍ക്ക് ആവേശം പകരുന്നത്.
വിശ്വവേദിയില്‍ ബൂട്ടുകെട്ടാന്‍ ഒരുങ്ങുന്നത് കണ്ണൂരുകാരന്‍ തഹ്സീന്‍ മുഹമ്മദാണ്. കഴിഞ്ഞ ലോകകപ്പ് ആതിഥേയരായ ഖത്തര്‍ ടീമിനൊപ്പമാണ് ഈ 19കാരന്‍ ചരിത്രത്തിലേക്ക് നടന്നുകയറുന്നത്. കഴിഞ്ഞ ദിവസം ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തിയ 26 അംഗ ഔദ്യോഗിക സ്‌ക്വാഡില്‍ ഇടം പിടിച്ചതോടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുന്ന ആദ്യ മലയാളി എന്ന പട്ടവും ഈ തലശ്ശേരിക്കാന്‍ സ്വന്തമാക്കി.
തഹ്‌സീൻ മുഹമ്മദ് ജംഷീദ്. Photo: Dani Omer Scouting/x.com
കുടുംബം
ഖത്തറില്‍ പ്രവാസിയായ തലശേരി ജംഷീദിന്റെയും വളപട്ടണം ഷൈമയുടെ രണ്ടാമത്തെ മകനാണ് തഹ്സീന്‍. ഇന്ത്യന്‍ യൂത്ത് ടീം ക്യാമ്പ് വരെ എത്തിയ പിതാവിന്റെ പാരമ്പര്യവുമായാണ് തഹ്സീന്‍ ലോകകപ്പില്‍ പന്തുതട്ടാന്‍ ഒരുങ്ങുന്നത്. അന്തര്‍സര്‍വകലാശാല കിരീടം നേടിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിന്റെ ഉപനായകനായ പിതാവ് ജംഷീദ് കേരള യൂത്ത് ടീമില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന ജോപോള്‍ അഞ്ചേരിക്കൊപ്പം കളിച്ചിട്ടിട്ടുണ്ട്.
പരിക്ക് പറ്റി പിന്നീട് ജംഷീദ് കളിക്കളം വിട്ട് ഖത്തറിലേക്ക് ചേരുകയായിരുന്നു. അതിനാല്‍ തന്നെ തഹ്സീന്‍ വളര്‍ന്നതും പഠിച്ചതും ഖത്തറില്‍ തന്നെയാണ്.
തഹ്‌സീന്റെ ഫുട്‌ബോള്‍ കരിയര്‍
ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്‌ബോള്‍ അക്കാദമിയായ അസ്പര്‍ അക്കാദമിയിലൂടെയാണ് തഹ്‌സീൻ തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. അവിടെ മികച്ച പ്രകടനം നടത്തിയതോടെ ഖത്തറിന്റെ യൂത്ത് ടീമിലേക്ക് അവസരം തേടിയെത്തി. 2021ല്‍ ഖത്തറിന്റെ അണ്ടര്‍ 16 ടീമില്‍ ഇടം പിടിച്ച് ശ്രദ്ധേയനായി.
പിന്നീട് തഹ്സീന്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ക്ലബ്ബായ അല്‍ ദുഹൈലിലെത്തി. അതോടെ സ്റ്റാര്‍സ് ലീഗില്‍ കളിച്ച ഇന്ത്യക്കാരനായും താരം മാറി. അതിനുശേഷം താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഖത്തർ അണ്ടർ 17 ടീമിൽ ഇന്ത്യക്കെതിരെ കളിക്കുന്ന തഹ്‌സീൻ മുഹമ്മദ്. Photo: Football_india/x.com
ഖത്തറിന്റെ അണ്ടര്‍ 17, 19 ടീമുകള്‍ക്കായും തഹ്സീന്‍ പന്തുതട്ടി. ഇതിനിടെ ലെഫ്റ്റ് വിങ്ങറായ താരം അല്‍ ദുഹൈലിന്റെ സീനിയര്‍ ടീമിലെത്തി. 2024 മാര്‍ച്ചിലായിരുന്നു താരത്തിന്റെ അല്‍ ദുഹൈലിന്റെ സീനിയര്‍ ടീമിലെ അരങ്ങേറ്റം. ടീമിനായി മിന്നും പ്രകടനം നടത്തുന്നതിനിടെയാണ് താരത്തിന് ദേശീയ സീനിയര്‍ ടീമിലേക്ക് വിളിയെത്തുന്നത്.
സ്റ്റാര്‍സ് ലീഗിലെയും ഖത്തര്‍ ജൂനിയര്‍ ടീമിലെയും പ്രകടനങ്ങളും തഹ്‌സീന് ഗുണം ചെയ്തു. 2024 ജൂണില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയാണ് വിങ്ങര്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം അണ്ടര്‍ 20 ടീമിലും ബൂട്ടുകെട്ടി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ചൈനയില്‍ നടന്ന അണ്ടര്‍ 20 ഏഷ്യന്‍ കപ്പില്‍ ഖത്തറിനായി മൂന്നു മത്സരങ്ങളിലും കളിച്ച താരം ശ്രദ്ധേയ പ്രകടനം നടത്തി.
2026 ലോകകപ്പ് ടീമിലേക്ക്
ഖത്തറിന്റെ ജൂനിയര്‍ ടീമിലും ക്ലബ് തലത്തിലും പുറത്തെടുത്ത മികവാണ് തഹ്‌സീന് 2026 ലോകകപ്പ് ടീമിലേക്ക് വഴി ഒരുക്കിയത്. ചെറുപ്രായത്തിലുള്ള താരത്തിന്റെ മിന്നും പ്രകടനങ്ങള്‍ സ്പാനിഷ് കോച്ച് യൂലന്‍ ലോപറ്റെഗുയിന്റെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ ലോകകപ്പിനുള്ള ആദ്യ 35 അംഗ സംഘത്തില്‍ ഇടം പിടിച്ചു.
— Qatar Football Association (@QFA_EN) June 1, 2026
ഈ സംഘത്തെ 28 പേരായി കുറച്ചപ്പോളും തഹ്സീന്‍ സ്‌ക്വാഡില്‍ സ്ഥാനം കണ്ടെത്തി. അതിന് ശേഷം അയര്‍ലാന്‍ഡിനെതിരെയുള്ള സന്നാഹ മത്സരത്തിന് ശേഷവും താരം തന്റെ പേര് നിലനിര്‍ത്തി. ലോകകത്തിന്റെ വിവിധ കോണുകളുകളില്‍ വിവിധ താരങ്ങളെ നെഞ്ചിലേറ്റുന്ന മലയാളികള്‍ തഹ്‌സീനെയും പിന്തുണക്കുമെന്നും ഉറപ്പാണ്.
Content Highlight: Know about Malayali footballer Tahsin Mohammed Jamshid, who included in Qatar 26 squad for FIFA World Cup