കെ.ജെ ഷൈനിന് എതിരായ അധിക്ഷേപം; കെ.എം ഷാജഹാന്‍ അറസ്റ്റില്‍
Kerala
കെ.ജെ ഷൈനിന് എതിരായ അധിക്ഷേപം; കെ.എം ഷാജഹാന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th September 2025, 8:48 pm

തിരുവനന്തപുരം: സി.പിഐ.എം നേതാവ് കെ.ജെ ഷൈനിന് എതിരായി സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപ പ്രചാരണം നടത്തിയ കേസില്‍ യൂട്യൂബര്‍ കെ.എം ഷാജഹാനെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം ആകുളത്തെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. എറണാകുളം ചെങ്ങമനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

നേരത്തെ കെ.ജെ ഷൈനിന് എതിരെ സോഷ്യല്‍മീഡിയയില്‍ പ്രചാരണം നടത്തിയെന്ന കേസില്‍ കെ.എം ഷാജഹാന്‍ വ്യാഴാഴ്ച ആലുവ റൂറല്‍ ജില്ലാ സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയിരുന്നു. നേരത്തെ സംഭവത്തില്‍ കെ.എം ഷാജഹാന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.

അഞ്ച് മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലിന് ശേഷം 7.15ഓടെയാണ് ഷാജഹാനെ തിരികെയയച്ചത്. അധികം വൈകാതെ പൊലീസ് വീട്ടിലെത്തി ഷാജഹാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ വിവാദ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത മെമ്മറി കാര്‍ഡും പൊലീസ് പിടിച്ചെടുത്തിരുന്നു.

ഷാജഹാന്‍ ഹാജരായതിന് പിന്നാലെ പൊലീസ് സ്റ്റേഷന് മുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. കെ.ജെ ഷൈനിനെതിരെ അപവാദ പ്രചാരണം നടത്തിയ കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവ് സി.കെ ഗോപാലകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്. കേസിലെ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാംപ്രതി യാസര്‍ എടപ്പാളിനോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നെന്നാണ് സൂചന.