ടി.പി. ചന്ദ്രശേഖരന്‍ നിയമസഭയില്‍'; വടകരയില്‍ രമയുടെ വിപ്ലവ വിജയം
Details
ടി.പി. ചന്ദ്രശേഖരന്‍ നിയമസഭയില്‍'; വടകരയില്‍ രമയുടെ വിപ്ലവ വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd May 2021, 4:49 pm

‘തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ടി.പി. ചന്ദ്രശേഖരന്‍ നിയമസഭയിലുണ്ടാകും’ എന്നായിരുന്നു വടകരയിലെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി.ഐ) സ്ഥാനാര്‍ത്ഥി കെ.കെ. രമ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ആ വാക്കുകള്‍ ഇന്ന് അന്വര്‍ത്ഥമായിരിക്കുന്നു. ഒഞ്ചിയം രക്തസാക്ഷികളുടെ ചോര വീണ് കുതിര്‍ന്ന മണ്ണില്‍ ജനിച്ച്, ബാല്യകാലം മുതല്‍ കമ്യൂണിസ്റ്റ് വഴികളിലൂടെ മാത്രം സഞ്ചരിച്ച കടത്തനാടിന്റെ ധീരവിപ്ലവകാരിയായിരുന്നു ടി.പി. ചന്ദ്രശേഖരന്‍. അദ്ദേഹത്തിന്റെ ഒമ്പതാം രക്തസാക്ഷി ദിനത്തിന്റെ രണ്ട് നാള്‍ തലേന്ന് 15ാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ടി.പി ചന്ദ്രശേഖരന്റെ പത്‌നി കെ.കെ. രമ കേരള നിയമസഭയില്‍ എം.എല്‍.എ ആയി മാറിയിരിക്കുന്നു.

7491 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ.കെ. രമ വടകരയില്‍ വിജയിച്ചിരിക്കുന്നത്. കാലങ്ങളായുള്ള വടകരയിലെ എല്‍.ഡി.എഫ് വിജയത്തിന് വിരാമമിടുന്നത് കൂടിയാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ.കെ. രമയുടെ വിജയം.

കേരള രാഷ്ട്രീയത്തില്‍ കെ.കെ. രമയുടെ പരിവേഷം കേവലം ഒരു രക്തസാക്ഷിയുടെ ഭാര്യ എന്നത് മാത്രമല്ല. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതോടെ അതുവരെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിരുന്ന ബദല്‍ ഇടതുപക്ഷ രാഷ്ട്രീയവുമായി കെ.കെ. രമ മുന്നോട്ട് പോവുകയായിരുന്നു. അക്രമ രാഷ്ട്രീയത്തിനെതിരെ നിരന്തരം സംസാരിച്ചു, ജനകീയ സമരങ്ങള്‍ക്കും സമാന്തര മുന്നേറ്റങ്ങള്‍ക്കുമൊപ്പം സഞ്ചരിച്ചു. കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യങ്ങളിലൊരാളായി കെ.കെ. രമ മാറി.

ടി.പി. ചന്ദ്രശേഖരന്റെ വിയോഗത്തിന് ശേഷമുള്ള കാലങ്ങളിലും പലവിധ പ്രതിസന്ധികളെ അതിജീവിച്ചാണ് കെ.കെ. രമ രാഷ്ട്രീയ രംഗത്ത് നിലകൊണ്ടത്. പ്രാദേശിക തലത്തില്‍ നിരവധി ആക്രമണങ്ങളെ നേരിട്ടുകൊണ്ടാണ് ആര്‍.എം.പി.ഐ പ്രവര്‍ത്തിച്ചത്. നവമാധ്യമങ്ങളില്‍ രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ക്കും കെ.കെ. രമ ഇരയായിരുന്നു. കെ.കെ. രമയുടെ നിയമസഭയിലേക്കുള്ള വിജയം ആര്‍.എം.പി.ഐ എന്ന ബദല്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പോക്കിന് കൂടുതല്‍ കരുത്ത് പകരും.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കെ.കെ. രമ ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അന്ന് 20504 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തുകയാണുണ്ടായത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സി.കെ. നാണുവാണ് 49211 വോട്ടുകള്‍ നേടി അന്ന് വടകരയില്‍ വിജയിച്ചത്.

മെയ് രണ്ടിലെ ഈ തെരഞ്ഞെടുപ്പ് വിജയം വടകരയിലെ ഒഞ്ചിയം, ഓര്‍ക്കാട്ടേരി ഗ്രാമങ്ങളില്‍ ആവേശകരമായി അലയടിക്കാന്‍ പോകുന്നത് മെയ് നാലിനായിരിക്കും. 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2012 മെയ് നാലിനായിരുന്നു ആര്‍.എം.പി.ഐ സ്ഥാപക നേതാവും മുന്‍ സി.പി.ഐ.എം പ്രവര്‍ത്തകനുമായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ 51 വെട്ടുകളേറ്റ് കൊല്ലപ്പെട്ടത്. സി.പി.ഐ.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകളായിരുന്നു ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് അരങ്ങേറിയത്.

പഠനകാലത്ത് എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു കെ.കെ. രമ. സഹോദരി പ്രേമ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. മറ്റൊരു സഹോദരി തങ്കം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷക സംഘം നേതാവും സി.പി.ഐ.എം ബാലുശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന മാധവന്റെ മകള്‍ രമ വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്തെ പോരാട്ടവഴികളില്‍ വെച്ച് കണ്ടുമുട്ടിയ ടി.പി ചന്ദ്രശേഖരനെ ജീവിതസഖാവായി സ്വീകരിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KK Rema – Vadakara – Kerala Election Result 2021