'പെണ്ണ്, സഖാവ്, നില്‍പ്, നിലപാട്'; ആനി രാജക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കെ.കെ. രമ
Kerala News
'പെണ്ണ്, സഖാവ്, നില്‍പ്, നിലപാട്'; ആനി രാജക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കെ.കെ. രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th July 2022, 7:53 pm

കോഴിക്കോട്: വടകര എം.എല്‍.എ കെ.കെ.രമക്കെതിരായ എം.എം. മണിയുടെ പരാമര്‍ശം തെറ്റാണെന്ന നിലപാടെടുത്തതും പിന്നാലെ സി.പി.ഐ നേതാവ് ആനി രാജയെ അവഹേളിച്ച് എം.എം. മണി രംഗത്തെത്തിയതും വിവാദമായിരിക്കുകയാണ്. ‘ആനി രാജ ദല്‍ഹിയിലാണല്ലോ ഉണ്ടാക്കു’ന്നതെന്നായിരുന്നു എം.എം. മണിയുടെ പരാമര്‍ശം.

ഇതിനിടയില്‍ ആനി രാജക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് കെ.കെ. രമ. ‘പെണ്ണ്, സഖാവ്, നില്‍പ്, നിലപാട്’ എന്ന ക്യാപ്ഷനോടെ ആനി രാജക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് കെ.കെ. രമ പിന്തുണയറിയിച്ചത്.

എം.എം.മണിയുടെ അവഹേളനം ശരിയോ എന്ന് സി.പി.ഐ.എം അലോചിക്കണമെന്നായിരുന്നു വിഷയത്തില്‍ ആനി രാജയുടെ പ്രതികരണം. എം.എം. മണിയുടെ പ്രസ്താവന അത്യന്തം സ്ത്രീവിരുദ്ധമാണെന്നും ആരുടേയും ഭീഷണിക്ക് വഴങ്ങില്ലെന്നും ആനി രാജ പ്രതികരിച്ചു. മണിയെ കടുത്ത ഭാഷയില്‍ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനും വിമര്‍ശിച്ചു.

എം.എം മണിയുടേത് തെമ്മാടി നിഘണ്ടുവും പുലയാട്ടു ഭാഷയുമാണെന്ന് ശിവരാമന്‍ പ്രതികരിച്ചു. സി.പി.ഐ.എം നേതൃത്വം ഇടപെട്ട് മണിയെ തിരുത്തുകയാണ് വേണ്ടതെന്നും ശിവരാമന്‍ പറഞ്ഞു.

കുറേ നാളായി എം.എം. മണി ഈ പുലയാട്ടു ഭാഷ തുടരുകയാണ്. ഇതു നാട്ടുഭാഷയാണെന്നു പറഞ്ഞ് ഒഴിയാനാവില്ല. പച്ച മനുഷ്യനാണ് എന്നൊക്കെ പറഞ്ഞാല്‍ പച്ച മനുഷ്യരെ അപമാനിക്കുകയാവും. അവരാരും ഈ ഭാഷ ഉപയോഗിക്കുന്നില്ല.

ഇടതുപക്ഷ രാഷ്ട്രീയമെന്നാല്‍ സ്ത്രീപക്ഷ രാഷ്ട്രീയം കൂടിയാണ്. മനുസ്മൃതിയുടെ പ്രചാരകര്‍ ഉപയോഗിക്കുന്ന ഭാഷയാണ് മണി ഇപ്പോള്‍ പറയുന്നത്. ഇത് സി.പി.ഐ.എം നേതൃത്വം ഇടപെട്ടു തിരുത്തുകയാണ് വേണ്ടത്, ശിവരാമന്‍ പറഞ്ഞു.

കെ.ക. രമക്കെതിരെ നിയമസഭയില്‍ നടത്തിയ മോശം പരാമര്‍ശങ്ങളുടെ വിവാദം കെട്ടടങ്ങും മുന്‍പേയാണ് മണി മുന്നണിയിലെ തന്നെ ദേശീയ നേതാവിനെ അവഹേളിച്ചത്. മണിയെ തിരുത്താന്‍ സി.പി.ഐ.എം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനി രാജയ്‌ക്കെതിരായ പ്രസ്താവനയ്‌ക്കെതിരെ കേരള മഹിളാസംഘം രംഗത്തെത്തി.