ഹമീദ് അന്‍സാരിക്ക് നേരെയുള്ള ബി.ജെ.പി കടന്നാക്രമണം അവസാനിപ്പിക്കുക: സി.പി.ഐ.എം
national news
ഹമീദ് അന്‍സാരിക്ക് നേരെയുള്ള ബി.ജെ.പി കടന്നാക്രമണം അവസാനിപ്പിക്കുക: സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th July 2022, 6:54 pm

ന്യൂദല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന സംഘപരിവാര്‍ പ്രചരണത്തിനെതിരെ സി.പി.ഐ.എം. ദേശസ്‌നേഹത്തിന്റെ പേര് പറഞ്ഞ് ഹമീദ് അന്‍സാരിയുടെ വിശ്വാസ്യതക്കുമേല്‍ ബി.ജെ.പി നടത്തുന്നത് ലജ്ജാകരവും അടിസ്ഥാനരഹിതവുമായ കടന്നാക്രമണമാണെന്ന് സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച ട്വീറ്റില്‍ പറഞ്ഞു.

‘പണ്ഡിതന്‍, നയതന്ത്രജ്ഞന്‍, ഇന്ത്യയുടെ ഉപരാഷ്ട്രപതി എന്നീ നിലകളില്‍ ഹമീദ് അന്‍സാരി യു.എന്നിലെ സ്ഥിരം പ്രതിനിധി എന്ന നിലയിലുള്‍പ്പെടെ ഒന്നിലധികം വേദികളില്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സേവിച്ചിട്ടുണ്ട്.

ദേശസ്‌നേഹത്തിന്റെ പേര് പറഞ്ഞ് ഹമീദ് അന്‍സാരിയുടെ വിശ്വാസ്യതക്കുമേല്‍ ബി.ജെ.പി നടത്തുന്നത് ലജ്ജാകരവും അടിസ്ഥാനരഹിതവുമായ കടന്നാക്രമണ്. ഡോ. ഹമീദ് അന്‍സാരിക്കെതിരായ ദുരുദ്ദേശ്യപരമായ നുണകള്‍ അവസാനിപ്പിക്കുക,’ സി.പി.ഐ.എം ട്വീറ്റ് ചെയ്തു.

അതേസമയം, അന്‍സാരിക്കെതിരായ ആരോപണം ഉന്നയിച്ച പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ നുസ്രത്ത് മിര്‍സ വിശ്വാസയോഗ്യനല്ലെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഗൂഢാലോചനാ സിദ്ധാന്തകനായാണ് പാക് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ മിര്‍സ അറിയപ്പെടുന്നത്. പ്രശസ്തരുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് വാസ്തവവിരുദ്ധ പ്രസ്താവനകളും പരാമര്‍ശങ്ങളും തുടര്‍ച്ചയായി നടത്താറുള്ള വ്യക്തിയുമാണ് മിര്‍സയെന്ന് പാക് മാധ്യമപ്രവര്‍ത്തകരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുട്യൂബറായ ഷക്കീല്‍ ചൗധരിയുമായുള്ള അഭിമുഖത്തിലാണ് ഹമീദ് അന്‍സാരി ഉപരാഷ്ട്രപതിയായിരിക്കെ ദല്‍ഹിയില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട് സമ്മേളനത്തില്‍ പങ്കെടുത്തെന്നും വിവരങ്ങള്‍ കൈമാറിയെന്നും മിര്‍സ അവകാശപ്പെട്ടിരുന്നത്.

CONTENT HIGHLIGHTS:  CPIM opposes Sangh Parivar propaganda that Hamid Ansari leaked information to Pakistan’s spy agency ISI