കിരണ്‍ അബ്ബാവരം നായകനായ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘ക’. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം കേരളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

പിരീഡ് ആക്ഷന്‍ ത്രില്ലര്‍ ആയി ഒരുക്കിയ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ്. ശ്രീ ചക്രാസ് എന്റടൈന്‍മെന്റിന്റെ ബാനറില്‍ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ‘ക’ നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തിലെ നായിക വേഷം ചെയ്യുന്ന തന്‍വി റാമിന്റെ പോസ്റ്റര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. രാധ എന്നാണ് തന്‍വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നയനി സരികയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്. മീറ്റര്‍, റൂള്‍സ് രഞ്ജന്‍, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കില്‍ പ്രശസ്തനായ താരമാണ് കിരണ്‍ അബ്ബാവരം.

ഛായാഗ്രഹണം – വിശ്വാസ് ഡാനിയല്‍, സതീഷ് റെഡ്ഡി മാസം, സംഗീതം – സാം സി.എസ്., എഡിറ്റിങ് – ശ്രീ വര പ്രസാദ്, കലാ സംവിധാനം – സുധീര്‍ മചാര്‍ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ചൗഹാന്‍, ലൈന്‍ പ്രൊഡക്ഷന്‍ – കെ.എ. പ്രൊഡക്ഷന്‍, സി.ഇ.ഒ. – രഹസ്യ ഗോരക്, പി.ആര്‍.ഒ. – ശബരി.

Content Highlight: Kiran Abbavaram’s Ka Movie Shooting Completed