കന്നഡ സൂപ്പർസ്റ്റാർ കിച്ച സുദീപ് നായകനായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രമാണ് മാക്സ്. വിജയ് കാർത്തികേയ സംവിധാനം ചെയ്ത ചിത്രം 2024 ൽ തിയേറ്ററുകളിൽ തിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നായിരുന്നു. ഇപ്പോൾ മാക്സ് സിനിമയിലെ നായിക കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് കിച്ച സുദീപ്.
തന്റെ സിനിമകളിൽ നായിക കഥാപാത്രത്തിന് തുല്യ പ്രാധാന്യം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരെ അനാവശ്യമായി ഉൾപ്പെടുത്തരുത് എന്നാണ് തന്റെ പക്ഷമെന്ന് കിച്ച സുദീപ് പറയുന്നു. ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിജയ് എന്റെ അടുത്തേക്ക് തിരക്കഥയുമായി വന്നപ്പോൾ കഥയിൽ ഒരു നായിക ഉണ്ടായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. എന്നാൽ ഈ കഥയിൽ എനിക്കും നായികയ്ക്കും പരസ്പരം ഒരു ബന്ധവുമില്ല എന്നത് മാത്രമാണ് കാര്യം. ആദ്യം അതിൽ കുറച്ച് റൊമാൻസൊക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ കഥാപാത്രങ്ങൾക്കിടയിൽ ആ ഒരു ബന്ധം ഉണ്ടായിരുന്നു. അത് സ്ഥാപിക്കാൻ ചില ഫ്ലാഷ്ബാക്ക് രംഗങ്ങളും കഥയിൽ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ അവിടെയാണ് എന്റെ ഫിൽറ്ററിങ് വരുന്നത്. ഈ രംഗങ്ങൾ കഥയുടെ ഭാഗമല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ഞാൻ ആലോചിച്ചു.
ഒരു സീൻ നീക്കം ചെയ്യുകയാണെങ്കിൽ, അത് സിനിമയുടെ ഒഴുക്കിനെ ബാധിക്കുകയാണെങ്കിൽ അത് ഒഴിവാക്കരുത് എന്നാണ് എന്റെ പക്ഷം. എഡിറ്റിങ് ടേബിളിൽ എത്തുന്നതിന് മുമ്പ് തന്നെ അത്തരം മാറ്റങ്ങൾ വരുത്തേണ്ടതായുണ്ട്. മാത്രമല്ല എന്റെ സിനിമയിൽ ഒരു നായികയുണ്ടെങ്കിൽ അവൾക്കും നല്ല കഥാപാത്രം തന്നെ ലഭിക്കാൻ അവകാശമുണ്ട്. ചില കഥകളിൽ സംവിധായകനോ എഴുത്തുകാരനോ അത് നൽകാൻ കഴിയുന്നില്ലെങ്കിൽ നായികയെ ചിത്രത്തിലേക്ക് തള്ളിക്കയറ്റിയതുപോലെ തോന്നും. നായികയോട് നീതി കാണിക്കാൻ കഴിയുന്നില്ലെങ്കിൽ എന്റെ സിനിമയിൽ അത്തരം കഥാപാത്രങ്ങൾ വേണ്ട
വിജയ് എന്റെയടുത്തേക്ക് തിരക്കഥയുമായി വന്നപ്പോൾ നായിക കഥാപാത്രത്തോട് നീതി കാണിക്കാത്തതുപോലെ തോന്നി. അങ്ങനെ സിനിമയിലെ അനാവശ്യ റൊമാന്റിക് സീനുകൾ എല്ലാം ഒഴിവാക്കി,’ കിച്ച സുദീപ് പറയുന്നു.