'വെറും സ്വപ്നം മാത്രം'; ഇറാനിലെ ആണവകേന്ദ്രങ്ങള്‍ നശിപ്പിച്ചെന്ന ട്രംപിന്റെ വാദം തള്ളി ഖാംനഇ
Iran America Nuclear Deal
'വെറും സ്വപ്നം മാത്രം'; ഇറാനിലെ ആണവകേന്ദ്രങ്ങള്‍ നശിപ്പിച്ചെന്ന ട്രംപിന്റെ വാദം തള്ളി ഖാംനഇ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st October 2025, 8:40 am

ടെഹ്റാന്‍: രാജ്യത്തെ ആണവകേന്ദ്രങ്ങള്‍ നശിപ്പിച്ചെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ നശിപ്പിച്ചുവെന്നത് ട്രംപിന്റെ സ്വപ്നം മാത്രമാണെന്നും അത് തുടരൂവെന്നും ഖാംനഇ പറഞ്ഞു.

കഴിഞ്ഞയാഴ്ച ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ബോംബാക്രമണം നടത്തിയെന്നും ആണവ നിലയങ്ങള്‍ തകര്‍ത്തുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഖാംനഇയുടെ പ്രതികരണം.

‘ട്രംപ് അവകാശപ്പെടുന്നത് തന്‍ ഒരു ഇടനിലക്കാരനാണെന്നാണ്. എന്നാല്‍ നിര്‍ബന്ധപൂര്‍വം ഒരു കരാര്‍ നടപ്പിലാക്കുകയും അതിന്റെ ഫലം മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്താല്‍, ട്രംപിനെ ആണെങ്കില്‍ കൂടി ഒരു ഇടനിലക്കാരനായല്ല കാണാന്‍ കഴിയുക. മറിച്ച് അതൊരു അടിച്ചേല്‍പ്പിക്കലും ഭീഷണിപ്പെടുത്തലുമാണ്,’ ഖാംനഇ പറഞ്ഞു.

ഇറാനില്‍ ആണവ നിലയങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ട്രംപിനും അമേരിക്കയ്ക്കും അതില്‍ തീരുമാനം പറയാന്‍ എന്താണ് അധികാരമെന്നും ഖാംനഇ ചോദിച്ചു. ട്രംപിന്റെ ഈ ഇടപെടല്‍ അനുചിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2025 ജൂണില്‍ ആണവ പദ്ധതികളിലെ അഞ്ച് ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായപ്പോഴാണ് യു.എസ് ഇറാനെ ആക്രമിച്ചത്. യു.എസ് നടത്തിയ 12 വ്യോമാക്രമണങ്ങളില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.

കഴിഞ്ഞ ദിവസം യു.എസ് മുന്നോട്ടുവെച്ച സമാധാന പദ്ധതി പ്രകാരം ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ, ഇറാനുമായും ഒരു സമാധാന കരാറിന് ട്രംപ് സന്നദ്ധത അറിയിച്ചിരുന്നു.

എന്നാല്‍ ഈ ചര്‍ച്ചയില്‍ നിന്നും ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘടനായ ഐ.എ.ഇ.എയുമായുള്ള കരാറില്‍ നിന്നും ഇറാന്‍ പിന്മാറി.

ഐ.എ.ഇ.എയുമായി സെപ്റ്റംബറില്‍ ഒപ്പുവെച്ച കരാറില്‍ നിന്നാണ് ഇറാന്‍ പിന്മാറിയത്. ഇത് പ്രകാരം ഇറാനിലെ ആണവനിലയങ്ങളില്‍ യു.എന്‍ സംഘടനയ്ക്ക് പരിശോധനകള്‍ നടത്താന്‍ അനുവാദമുണ്ടായിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷമായി ലോകരാജ്യങ്ങളുമായുള്ള കരാറില്‍ നിന്നും ഇറാന്‍ നേരത്തെ പിന്മാറിയിരുന്നു. തുടര്‍ന്ന് തങ്ങളുടെ ആണവ പരിപാടികള്‍ക്ക് ഇനി നിയന്ത്രണങ്ങളില്ലെന്നും എന്നാല്‍ ലോകത്തോടുള്ള പ്രതിബദ്ധത തുടരുമെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: Khamenei rejects Trump’s claim that Iran’s nuclear sites were destroyed