'റിപബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി സുരക്ഷാ അകമ്പടിയില്ലാതെ വരട്ടെ'; വെല്ലുവിളിച്ച് ഖലിസ്ഥാൻ വാദി നേതാവ്
natioanl news
'റിപബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി സുരക്ഷാ അകമ്പടിയില്ലാതെ വരട്ടെ'; വെല്ലുവിളിച്ച് ഖലിസ്ഥാൻ വാദി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th January 2024, 9:20 pm

ന്യൂദൽഹി: റിപബ്ലിക് ദിനത്തിന് മുന്നോടിയായി ഭരണകൂടത്തിനെതിരെ ഭീഷണിയുമായി ഖലിസ്ഥാൻ വാദി നേതാവ് ഗുർപത്വന്ത് സിങ് പന്നു.

നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ വെബ്സൈറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സുരക്ഷയുടെ അകമ്പടിയില്ലാതെ റിപബ്ലിക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ പന്നുൻ വെല്ലുവിളിച്ചതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

മാത്രമല്ല, റിപബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നിനെയും ഡി.ജി.പി ഗൗരവ് യാദവിനെയും ആക്രമിക്കാൻ ഗുണ്ടാസംഘങ്ങളോട് പന്നു ആഹ്വാനം നടത്തുകയും ചെയ്തു.

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ സിഖ് ഫോർ ജസ്റ്റിസ് പകരം ചോദിക്കുമെന്നും പന്നു പറഞ്ഞു. കാനഡയിലെ ഖലിസ്ഥാൻ വാദി നേതാവായ നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കാനഡ ആരോപിച്ചിരുന്നു.

പന്നുവിന്റെ ഭീഷണിയോട് ഇതുവരെ അധികൃതർ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. നേരത്തെ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ആശങ്ക അറിയിച്ചിരുന്നു.

പന്നുവിന്റെ ഭീഷണികളേക്കാൾ ഭയാനകം അയാൾ ഇത്തരം പരാമർശങ്ങൾ നടത്തുമ്പോൾ അയാളുടെ രാജ്യമായ യു.എസ് യാതൊരു നടപടിയും എടുക്കുന്നില്ല എന്നതാണെന്ന് വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

മുമ്പും പന്നു സമാനമായ ഭീഷണികൾ നടത്തിയിരുന്നു. ഇന്ത്യൻ പാർലമെന്റും എയർലൈനുകളും ആക്രമിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

നേരത്തെ പന്നുവിനെ കൊലപ്പെടുത്താൻ ഇന്ത്യക്കാരനായ നിഖിൽ ഗുപ്ത പദ്ധതിയിട്ടുവെന്ന് യു.എസ് ആരോപിച്ചിരുന്നു. ഇയാൾ ഇപ്പോൾ പ്രാഗിലെ ജയിലിൽ കഴിയുകയാണ്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ പന്നുവിനെ കൊലപ്പെടുത്താൻ വാടക കൊലയാളിയായി ഗുപ്തയെ നിയോഗിച്ചു എന്നാണ് ആരോപണം.

Content Highlight: Khalistani separatist Pannun threatens to kill Punjab CM Mann, dares PM Modi to give up security