ഒരു സീനിന്റെ പേരില്‍ പാര്‍ട്ടിക്കാര്‍ ചേരിതിരിഞ്ഞ് ഡീഗ്രേഡ് ചെയ്യുന്നു; ഖലീഫയിലെ രംഗത്തെ കുറിച്ച് അഭിനേത്രി
Malayalam Cinema
ഒരു സീനിന്റെ പേരില്‍ പാര്‍ട്ടിക്കാര്‍ ചേരിതിരിഞ്ഞ് ഡീഗ്രേഡ് ചെയ്യുന്നു; ഖലീഫയിലെ രംഗത്തെ കുറിച്ച് അഭിനേത്രി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 31st August 2026, 10:53 am

സമീപകാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായ ചിത്രമായിരുന്നു വൈശാഖ് സംവിധാനം ചെയ്ത ഖലീഫ. പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തിയ ചിത്രം കോഴിക്കോട് കൊടുവള്ളി പശ്ചാത്തലമാക്കിയായിരുന്നു സംവിധായകന്‍ ഒരുക്കിയത്. സ്വര്‍ണക്കടത്തുകാരനായ ആമിര്‍ അലിയായി പൃഥ്വിരാജ് വേഷമിട്ട ഖലീഫയില്‍ മാമ്പറക്കല്‍ അഹമദ് അലി എന്ന കഥാപാത്രമായി മോഹന്‍ലാലും ഒപ്പം ടൊവിനോ തോമസും സൗബിന്‍ ഷാഹിറും കാമിയോ റോളിലെത്തിയിരുന്നു. വലിയ ഹൈപ്പിലായിരുന്നു ഖലീഫ എത്തിയതെങ്കിലും സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. 40 കോടിയ്ക്ക് മുകളില്‍ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

ഖലീഫ. Photo: Sony Music Malayalam

ഇപ്പോഴിതാ ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടി സനൂജ സോമനാഥ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കേരള രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച സ്വര്‍ണക്കടത്തുകേസിലെ കുറ്റാരോപിതയായ സ്വപ്‌ന സുരേഷിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള കഥാപാത്രത്തെയായിരുന്നു സനൂജ ചിത്രത്തില്‍ അവതരിപ്പിച്ചത്. എയര്‍പോര്‍ട്ടില്‍ വെച്ചുള്ള കസ്റ്റംസിന്റെ പരിശോധനയില്‍ ഈ കഥാപാത്രത്തിന്റെ പക്കല്‍ നിന്നും സ്വര്‍ണം പിടിച്ചെടുക്കുന്നതായിരുന്നു സീന്‍. നയതന്ത്ര പാക്കേജുകളുടെ മറവിലുള്ള സ്വര്‍ണക്കടത്താണിതെന്നും ചിത്രത്തില്‍ പരാമര്‍ശിച്ചിരുന്നു.

ഖലീഫയുടെ റിലീസിന് പിന്നാലെ ഈ സീനുകള്‍ സിനിമാ പേജുകളില്‍ ചര്‍ച്ചയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഭരണത്തിലുള്ള പാര്‍ട്ടിയുടെ സെക്രട്ടറിയായ ഷമ്മി തിലകന്റെ കഥാപാത്രം രാജിവെക്കുന്നതും ഖലീഫയില്‍ കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ ഒരു സീനിന്റെ പേരില്‍ ഖലീഫയെ ഡീഗ്രേഡ് ചെയ്യരുതെന്ന് പറയുകയാണ് സനൂജ സോമനാഥ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ചിത്രത്തിലെ രംഗത്തെ കുറിച്ചും ഇതേതുടര്‍ന്ന് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും നേരിടേണ്ടി വരുന്ന ഡീഗ്രേഡിങ്ങിനെ കുറിച്ചും നടി സംസാരിച്ചത്.

ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് പേര് നല്‍കിയിട്ടില്ലെങ്കിലും പലര്‍ക്കും അതാരാണെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അത് തന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണെന്നും നടി കുറിപ്പില്‍ പറയുന്നു. ഈ രംഗത്തിലെ ക്ലിപ്പുകള്‍ വൈറലായ ശേഷം ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്നതിന്റെ പ്രധാന കാരണം ഈ കഥാപാത്രമാണെന്ന് പലരും അഭിപ്രായപ്പെട്ടെന്നും സനൂജ പറയുന്നു.

‘പാര്‍ട്ടിക്കാര്‍ ഖലീഫയെ ചേരിതിരിഞ്ഞ് ഡീഗ്രേഡ് ചെയ്യുകയാണ് എന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. രണ്ടോ മൂന്നോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ വരുന്ന ഒന്നോ രണ്ടോ സീനിന്റെ പേരില്‍ ആ ചിത്രത്തെ മനഃപൂര്‍വം ഡീഗ്രേഡ് ചെയ്യുന്നത് നല്ല കാര്യമായി തോന്നുന്നില്ല. ഒരു ഘട്ടത്തില്‍ എമ്പുരാനിലെ പോലെ ഈ രംഗം മാറ്റേണ്ടി വരുമോ എന്ന് കരുതിയിരുന്നു. സിനിമയെ സിനിമയായി കാണണമെന്നുള്ള അഭ്യര്‍ത്ഥന മാത്രമാണുള്ളത്. സിനിമയില്‍ രാഷ്ട്രീയം കലര്‍ന്നിട്ടുണ്ടെങ്കില്‍ അതിനെ ചിത്രത്തിന്റെ ഭാഗമായി ഉള്‍ക്കൊണ്ട് കാണുക. ഇത്തരത്തില്‍ കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ് ഒഴിവാക്കുക,’ പോസ്റ്റില്‍ പറഞ്ഞു.

ഖലീഫയിലെ രംഗം. Photo: Sanuja Somnath/ Facebook.com

ഓണത്തിന് നിവിന്‍ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റുമായി ക്ലാഷ് റിലീസായിട്ടായിരുന്നു ഖലീഫ തിയേറ്ററുകളിലേക്കെത്തിയത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ പത്ത് ദിവസത്തിനുള്ളില്‍ 195 കോടിയോളമായിരുന്നു ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചത്. ഇത് ഖലീഫയുടെ കളക്ഷനെ കാര്യമായി ബാധിച്ചിരുന്നു.

Content Highlight: Khalifa Movie fame Sanuja Somnath talks about degrading movie for her scene