തല്ലുമാലയുടെ രണ്ടാം ഭാഗം വരും, ഒരൊറ്റ കാര്യം സംഭവിച്ചാല്‍: ഖാലിദ് റഹ്‌മാന്‍
Entertainment
തല്ലുമാലയുടെ രണ്ടാം ഭാഗം വരും, ഒരൊറ്റ കാര്യം സംഭവിച്ചാല്‍: ഖാലിദ് റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th February 2024, 12:34 pm

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ ഖാലിദ് റഹ്മാൻ എന്ന പേര് വീണ്ടും ശ്രദ്ധ നേടുകയാണ്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിൽ പ്രസാദ് എന്ന മുഴുനീള കഥാപാത്രമായാണ് ഖാലിദ് റഹ്മാൻ എത്തുന്നത്.

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഖാലിദ് മുമ്പും ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും മഞ്ഞുമ്മൽ ബോയ്സിലെ പ്രസാദ് വലിയൊരു വഴിത്തിരിവായിരിക്കുകയാണിപ്പോൾ.

സംവിധായകൻ എന്ന നിലയിൽ വ്യത്യസ്ത സിനിമകൾ ചെയ്ത വ്യക്തിയാണ് ഖാലിദ് റഹ്മാൻ. ആ കൂട്ടത്തിൽ തിയേറ്ററിൽ വലിയ വിജയമാവുകയും ഏറെ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്ത സിനിമയാണ് തല്ലുമാല.

ഈയിടെ മലയാളത്തിൽ ഇറങ്ങിയതിൽ ടെക്നിക്കൽ മികവിൽ ഏറെ മുന്നിട്ട് നിൽക്കുന്ന ആക്ഷൻ കോമഡി ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തിയ തല്ലുമാല, പേര് പോലെ മലയാളത്തിലെ ആക്ഷൻ സിനിമകളിൽ പുതിയൊരു സ്റ്റൈൽ പിടിച്ച പടമാണ്.

ചിത്രത്തിന് ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത ബാക്കിയുണ്ടെന്ന് അന്ന് തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ച നടന്നിരുന്നു. തല്ലുമാലക്ക് രണ്ടാംഭാഗം ഉണ്ടാവുമോയെന്ന് പറയുകയാണ് ഖാലിദ് റഹ്മാൻ.

ചിത്രത്തിനായി ആലോചനകൾ നടക്കുന്നുണ്ടെന്നും എന്നാൽ നിലവിൽ തീരുമാനമൊന്നും ആയിട്ടില്ലെന്നും താരം പറയുന്നു. അഭിനേതാക്കളെല്ലാം പല തിരക്കിലാണെന്നും ഖാലീദ് റഹ്മാൻ റേഡിയോ സുനോയോട് പറഞ്ഞു.

‘തല്ലുമാലയുടെ രണ്ടാംഭാഗത്തിന് വേണ്ടി ആലോചനകൾ നടക്കുന്നുണ്ട് തീർച്ചയായും. പക്ഷെ അതിന്റെ കാര്യത്തിൽ തീരുമാനങ്ങളോ മറ്റുള്ളവയോ ഒന്നും ആയിട്ടില്ല. ഒരുപാട് ക്രൂ മെമ്പേഴ്‌സുള്ള സിനിമയല്ലേ. എല്ലാവരും ഈ പറയുന്ന പോലെ പല പല കാര്യങ്ങളിൽ തിരക്കിലാണ്.

അഭിനേതാക്കളെല്ലാം അവരുടെ സിനിമകളുമായി തിരക്കിലാണ്. അതൊക്കെ കഴിഞ്ഞിട്ട് കംഫർട്ടബിളായി വന്നാൽ മാത്രമേ തല്ലുമാല 2 സംഭവിക്കുകയുള്ളൂ. പക്ഷെ ആലോചനകൾ തീർച്ചയായും നടക്കുന്നുണ്ട്,’ഖാലിദ് റഹ്മാൻ പറയുന്നു.

അതേസമയം മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Content Highlight: Khalidh Rahman Talk About Thallumala Second Part