മലയാള സിനിമയിലെ ഹിറ്റ് മേക്കറാണ് ഖാലിദ് റഹ്‌മാന്‍. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്തെ ഏറ്റവും പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. സ്‌പോര്‍ട്‌സ് – കോമഡി ഴോണറില്‍ ഒരുക്കിയ ചിത്രം ഇന്നലെ (ഏപ്രില്‍ 10) തിയേറ്ററുകളില്‍ എത്തിയിരുന്നു. ബോക്‌സിങ് പശ്ചാത്തലമാക്കി ഒരുങ്ങിയ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നസ്ലെന്‍ ആണ്. ജോജോ എന്ന കഥാപാത്രമായിട്ടാണ് നസ്ലെന്‍ എത്തുന്നത്. ലുക്മാന്‍, അനഘ രവി, ഗണപതി തുടങ്ങിയവരാണ് നസ്ലെന് പുറമെ ഈ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.
ഇപ്പോള്‍ ഗണപതിയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍. ഇരുവരും മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. തങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ ബഹുമാനമുള്ള വ്യക്തിയാണ് ഗണപതിയെന്നും ആലപ്പുഴ ജിംഖാനയിലെ ആരേക്കാളും അനുഭവസമ്പത്ത് ഗണപതിക്കുണ്ടെന്നും അത് പലരുടെയും പ്രായത്തേക്കാള്‍ കൂടുതലാണെന്നും ഖാലിദ് റഹ്‌മാന്‍ പറയുന്നു.
ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെയധികം ബഹുമാനമുള്ള വ്യക്തിയാണ് ഗണപതി
പ്രായത്തിനേക്കാള്‍ കവിഞ്ഞ പക്വത ഗണപതിക്കുണ്ടെന്നും കൂടെയുള്ള മറ്റുള്ളവരുടെ അതേ എഫേര്‍ട്ട് ഇട്ടാണ് അദ്ദേഹവും ആലപ്പുഴ ജിംഖാനയില്‍ വര്‍ക്ക് ചെയ്തതെന്നും ഖാലിദ് കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ ജിംഖാനയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ഖാലിദ് റഹ്‌മാന്‍.
‘ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെയധികം ബഹുമാനമുള്ള വ്യക്തിയാണ് ഗണപതി. കാരണം, ഞങ്ങളുടെ കൂട്ടത്തില്‍ ഇപ്പോള്‍ ഇവിടെ ഇരിക്കുന്ന ആരേക്കാളും എക്‌സ്പീരിയന്‍സ് കൂടുതലുള്ള വ്യക്തിയാണ്. പലരുടെയും പ്രായത്തേക്കാള്‍ കൂടുതല്‍ എക്‌സ്പീരിയന്‍സ് അദ്ദേഹത്തിനുണ്ട്.
അദ്ദേഹത്തിന് പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയുണ്ട്. അതുകൊണ്ടുതന്നെ അദ്ദേത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാനും അദ്ദേഹമുള്ള സെറ്റില്‍ വര്‍ക്ക് ചെയ്യാനും നല്ല രസമായിരുന്നു. അത്രയും എക്‌സ്പീരിയന്‍സ് ഉള്ള ആള്‍ ഈ പിള്ളേരുടെ കൂടെ അതേ എഫേര്‍ട്ട് ഇട്ട് വര്‍ക്ക് ചെയ്യുക എന്ന് പറയുന്നത് വലിയ കാര്യമാണ്,’ ഖാലിദ് റഹ്‌മാന്‍ പറയുന്നു.