അനുരാഗ കരിക്കിന് വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല തുടങ്ങിയ വ്യത്യസ്ത ഴോണറുകളിലുള്ള സിനിമകള് ചെയുന്ന മലയാള സിനിമക്ക് സുപരിചിതനായ സംവിധായകന് ആണ് ഖാലിദ് റഹ്‌മാന്. പറവ, മായാനദി, മഞ്ഞുമ്മല് ബോയ്‌സ് എന്നീ സിനിമകളില് ചെറിയ വേഷങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തല്ലുമാലക്ക് ശേഷം പുറത്തിറങ്ങാന് പോകുന്ന അദ്ദേഹത്തിന്റെ എറ്റവും പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. ഇപ്പോള് തന്റെ ഉണ്ട എന്ന സിനിമ സെറ്റിലെ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ഖാലിദ് റഹ്‌മാന്‍. ഉണ്ട എന്ന സിനിമയിലെ പേഴ്‌സ് മോഷ്ടിക്കുന്ന രംഗം ആദ്യ ടേക്ക് ഓക്കെ ആയിരുന്നുവെങ്കിലും രണ്ട് ടേക്കുകള് കൂടെ താന് എടുത്തിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
മമ്മൂട്ടി എന്ന വലിയ അഭിനേതാവ് സിനിമയില് ഉള്ളപ്പോള് എന്തിനു താന് പെട്ടന്ന് ഓക്കേ പറയണമെന്ന് തോന്നിയിരുന്നുവെന്നും അതുകൊണ്ടാണ് പിന്നെയും ടേക്ക് പോയതെന്നും ഖാലിദ് റഹ്‌മാന് പറഞ്ഞു. ക്യൂ സ്റ്റുഡിയോയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഉണ്ടയിലെ പേഴ്‌സ് മോഷ്ടിക്കുന്ന സീനിന് മൂന്ന് ടേക്കുകള് എന്റെ കയ്യിലുണ്ടായിരുന്നു. ആ മൂന്ന് ടേക്കുകളില് ആദ്യത്തേത് തന്നെ ഓക്കെ ആയിരുന്നു. ആ സീന് ആദ്യത്തെ ടേക്ക് എടുത്തു കഴിഞ്ഞപ്പോള് ആര്ക്കും ഒന്നും പറയാന് ഇല്ലായിരുന്നു. ഇറ്റ്‌സ് ലൈക്ക് എ പെര്ഫക്റ്റ് ഷോട്ട്. എല്ലാവരുടെയും റിയാക്ഷന് അങ്ങനെയായിരുന്നു.
അപ്പോള് എനിക്ക് തോന്നി മമ്മൂട്ടി എന്ന ആള് അല്ലെ കയ്യിലിരിക്കുന്നത് എന്തിനാടാ പെട്ടന്ന് ഓക്കെ പറയുന്നത് എന്ന്. പിന്നെ ഞാന് മമ്മുക്കയോട് പറഞ്ഞു, ഇത് ഓക്കെ ആണ് മമ്മൂക്ക എന്നാലും ഒരു ടേക്ക് കൂടെ പോകാം. അപ്പോള് മമ്മൂക്ക എന്തിനാണെന്ന് ചോദിച്ചിരുന്നു. എനിക്ക് കറക്ഷന്സ് പറയാനായിട്ടൊന്നും ഇല്ല.
പക്ഷേ ആ ഷോട്ടുകള് എഡിറ്റിങ് ടേബിളില് വരുമ്പോള്, രണ്ടു മൂന്ന് ചോയിസുകള് ഉള്ളത് നല്ലതാണെന്ന് തോന്നിയിരുന്നു. ഞാന് ഉള്ള കാര്യം അദ്ദേഹത്തോട് പറഞ്ഞു. ഇക്ക ഓക്കെ പറഞ്ഞു. രണ്ടാമത്തെ ടേക്കില് ആ സീനില് മമ്മൂക്കയുടെ വേറൊരു ചിരിവന്നു. ആ ടേക്കും എനിക്ക് ഓക്കെ ആയിരുന്നു. ഇനി സമയം കളയണ്ട ഇക്ക ഓക്കെയാണ് എന്ന് പറഞ്ഞപ്പോള് മമ്മൂക്ക പറഞ്ഞു അല്ല ഒരു ടേക്ക് കൂടെ പോകാമെന്ന്,’ഖാലിദ് റഹ്‌മാന് പറഞ്ഞു.
Content Highlight: Khalid Rahman shares the shooting experience of Unda movie