പ്രീ സെയില്‍ കണ്ടപ്പോള്‍ പേടിച്ചു, റീ റിലീസുകളുടെ കാര്യത്തില്‍ ഗില്ലി തന്നെ ഒന്നാമന്‍, ആന്ധ്രയില്‍ മാത്രം തിളങ്ങി മഹേഷ് ബാബുവിന്റെ ഖലേജ
Entertainment
പ്രീ സെയില്‍ കണ്ടപ്പോള്‍ പേടിച്ചു, റീ റിലീസുകളുടെ കാര്യത്തില്‍ ഗില്ലി തന്നെ ഒന്നാമന്‍, ആന്ധ്രയില്‍ മാത്രം തിളങ്ങി മഹേഷ് ബാബുവിന്റെ ഖലേജ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st May 2025, 3:05 pm

തെലുങ്കില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് മഹേഷ് ബാബു. താരപുത്രനായി സിനിമയിലെത്തിയ മഹേഷ് ബാബുവിന് വളരെ വേഗത്തില്‍ തെലുങ്കില്‍ തന്റേതായ സ്റ്റാര്‍ഡം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. താരത്തിന്റെ ഓരോ സിനിമകളും ആരാധകര്‍ ഉത്സവം പോലെ ആഘോഷിച്ചു. 15 വര്‍ഷം മുമ്പ് മഹേഷ് ബാബു നായകനായെത്തിയ ഖലേജയുടെ റീ റിലീസാണ് ഇപ്പോള്‍ തെലുങ്ക് സിനിമാലോകത്തെ ചര്‍ച്ചാവിഷയം.

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രം റിലീസ് സമയത്ത് പരാജയമായിരുന്നു. രജിനികാന്ത് നായകനായ എന്തിരനൊപ്പമായിരുന്നു ഖലേജ റിലീസ് ചെയ്തത്. 30 കോടി ബജറ്റിലെത്തിയ ചിത്രം എന്തിരന് മുന്നില്‍ തിളങ്ങാതെ പോയി. റീ റിലീസിനെത്തിയ ചിത്രത്തിന് വന്‍ വരവേല്പായിരുന്നു ആരാധകര്‍ നല്‍കിയത്.

പ്രീ സെയിലിലൂടെ മാത്രം അഞ്ച് കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ആന്ധ്ര- തെലങ്കാന എന്നിവിടങ്ങളിലെ ഭൂരിഭാഗം തിയേറ്ററുകളിലും ചിത്രത്തിന് ടിക്കറ്റ് കിട്ടാത്ത അവസ്ഥയായിരുന്നു. ഇന്ത്യന്‍ സിനിമയിലെ റീ റിലീസുകളുടെ സകല റെക്കോഡുകളും ചിത്രം തകര്‍ത്തെറിയുമെന്ന് പലരും ചിന്തിച്ചിരുന്നു. എന്നാല്‍ ആന്ധ്രയില്‍ മാത്രമാണ് ചിത്രത്തിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. 6.8 കോടിയാണ് ചിത്രം നേടിയത്.

ഇന്ത്യയിലെ റീ റിലീസ് ചിത്രങ്ങളില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്തുള്ളത് വിജയ് നായകനായ ഗില്ലിയാണ്. കഴിഞ്ഞ വര്‍ഷം റീ റിലീസ് ചെയ്ത ചിത്രം ആദ്യദിനം തന്നെ സ്വന്തമാക്കിയത് ഒമ്പത് കോടിയാണ്. രണ്ടാം വരവില്‍ 30 കോടിക്കുമുകളിലാണ് ചിത്രം നേടിയത്. ലോകസിനിമയിലെ ക്ലാസിക്കായ ടൈറ്റാനിക്കിന്റെ റീ റിലീസ് കളക്ഷനെ തകര്‍ത്താണ് ചിത്രം ഒന്നാമതെത്തിയത്. കേരളത്തിലും ഗില്ലിക്ക് മികച്ച വരവേല്പാണ് ലഭിച്ചത്.

തെലുങ്ക് സിനിമകളുടെ റീ റിലീസില്‍ രണ്ടാം സ്ഥാനമാണ് ഖലേജ സ്വന്തമാക്കിയത്. പവന്‍ കല്യാണ്‍ നായകനായ ഗബ്ബര്‍ സിങ്ങാണ് തെലുങ്ക് റീ റിലീസുകളിലെ ഒന്നാമന്‍. 7.3 കോടിയാണ് ചിത്രം റീ റിലീസില്‍ സ്വന്തമാക്കിയത്. ആന്ധ്രയിലും ഓവര്‍സീസിലെ ചുരുക്കും സെന്ററുകളിലും മാത്രമാണ് ഖലേജ വീണ്ടും റിലീസ് ചെയ്തത്.

നിലവില്‍ രാജമൗലി സംവിധാനം ചെയ്യുന്ന എസ്.എസ്.എം.ബി 29ന്റെ ചിത്രീകരണത്തിലാണ് മഹേഷ് ബാബു. പാന്‍ വേള്‍ഡായി ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളി താരം പൃഥ്വിരാജും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെ ഒഡീഷയില്‍ അവസാനിച്ചിരുന്നു. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Khaleja movie earned more than six crores from re release