സ്ത്രീ സുരക്ഷയിലും ആതിഥേയ മര്യാദയിലും ഒന്നാമത്; ഇന്ത്യ ടുഡേയുടെ സര്‍വേയില്‍ ഇടംപിടിച്ച് കേരളം
Kerala
സ്ത്രീ സുരക്ഷയിലും ആതിഥേയ മര്യാദയിലും ഒന്നാമത്; ഇന്ത്യ ടുഡേയുടെ സര്‍വേയില്‍ ഇടംപിടിച്ച് കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th October 2025, 11:11 am

തിരുവനന്തപുരം: സ്ത്രീ സുരക്ഷയിലും ആതിഥേയ മര്യാദയിലും കേരളം ഒന്നാം സ്ഥാനത്ത്. ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയിലാണ് സഞ്ചാരികളോടുള്ള പെരുമാറ്റത്തിലും ആതിഥേയ മര്യാദയിലും കേരളം ഒന്നാം സ്ഥാനത്തെത്തിയത്.

ഈ അംഗീകാരം ടൂറിസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇടപെടുന്ന ജനങ്ങള്‍ക്ക് ലഭ്യമായ അംഗീകാരമാണെന്ന് സംസ്ഥാന ടുറിസം/പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

2022ലെ ഡാറ്റകള്‍ അടിസ്ഥാനമാക്കിയാണ് ഇന്ത്യ ടുഡേ സര്‍വേ നടത്തിയത്. ഇക്കാലയളവില്‍ ഇന്ത്യയിലെത്തിയ നാല് ശതമാനം വിനോദ സഞ്ചാരികളെയും കേരളം ആകര്‍ഷിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊതുസുരക്ഷ, ലിംഗപരമായ മനോഭാവം, വൈവിധ്യവും വിവേചനവും എന്നീ കാറ്റഗറികളില്‍ ഒന്നാം സ്ഥാനവും സിവിക് ബിഹേവിയറില്‍ അഞ്ചാം സ്ഥാനവുമാണ് കേരളം നേടിയത്.

ഇവ മൊത്തത്തില്‍ കണക്കാക്കുമ്പോള്‍ സര്‍വേയില്‍ കേരളം ഒന്നാം സ്ഥാനത്തും തമിഴ്‌നാട് രണ്ടാം സ്ഥാനത്തുമെത്തി. ജാതി, മതം എന്നീ മാനദണ്ഡങ്ങളെ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് വൈവിധ്യവും വിവേചനവും എന്ന കാറ്റഗറി റാങ്ക് ചെയ്യപ്പെടുന്നത്.

Kerala tops India Today's survey on women's safety and hospitality

സര്‍വേയില്‍ വെസ്റ്റ് ബംഗാള്‍, ഒഡിഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളാണ് നേടിയത്. പട്ടികയുടെ ഏറ്റവും അവസാനത്തില്‍ 23 സ്ഥാനമാണ് ഉത്തര്‍പ്രദേശ് നേടിയത്.

നിയമപാലനം, വ്യക്തിഗത സുരക്ഷ, പൊതുജന വിശ്വാസം എന്നീ വിഭാഗങ്ങളില്‍ കേരളം ഒന്നാമതെത്തിയപ്പോള്‍ സമൂഹ ശുചിത്വം, നിയമങ്ങള്‍ പാലിക്കല്‍, സാമൂഹിക പങ്കാളിത്തം എന്നിവയില്‍ തമിഴ്‌നാട് മുന്‍പന്തിയിലെത്തി.

22 സംസ്ഥാനങ്ങളിലായി നടത്തിയ സര്‍വേയില്‍ 9,188 പേരാണ് പങ്കെടുത്തത്. 50.8 ശതമാനം പുരുഷന്മാരും 49.2 ശതമാനം സ്ത്രീകളും. കൂടാതെ 54.4 ശതമാനം നഗരങ്ങളില്‍ കഴിയുന്നവരും 45.6 ശതമാനം ഗ്രാമീണരുമായിരുന്നു. ഇവരില്‍ നിന്ന് നേരിട്ടാണ് ഡാറ്റകള്‍ ശേഖരിച്ചത്.

Content Highlight: Kerala tops India Today’s survey on women’s safety and hospitality