കേരളം, തമിഴ്‌നാട്, ബംഗാള്‍; ഭരണം നഷ്ടപ്പെട്ട് ബി.ജെ.പി വിരുദ്ധ മുന്നണികള്‍
national news
കേരളം, തമിഴ്‌നാട്, ബംഗാള്‍; ഭരണം നഷ്ടപ്പെട്ട് ബി.ജെ.പി വിരുദ്ധ മുന്നണികള്‍
ആദര്‍ശ് എം.കെ.
Monday, 4th May 2026, 2:44 pm

 

കോഴിക്കോട്: 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ സാധിക്കാതെ ഭരണകക്ഷി മുന്നണികള്‍. കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ പത്ത് വര്‍ഷമായി ഭരണം തുടര്‍ന്ന എല്‍.ഡി.എഫിനെ ടീം യു.ഡി.എഫ് പടിയിറക്കിയപ്പോള്‍ ബംഗാളില്‍ മമത ബാനര്‍ജി നേരിട്ട് ബി.ജെ.പിയോടും തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകത്തോടും പരാജയം രുചിച്ചു.

കേരളത്തില്‍ നിലവില്‍ നൂറിലേറെ സീറ്റിന്റെ ലീഡില്‍ യു.ഡി.എഫ് തുടരുമ്പോള്‍ എല്‍.ഡി.എഫ് 37ലേക്കൊതുങ്ങി. മന്ത്രിമാരടക്കം പ്രമുഖ നേതാക്കള്‍ക്കും കേരളത്തില്‍ പാടെ കാലിടറി. കണ്ണൂരും കോഴിക്കോടും കൊല്ലവും അടക്കമുള്ള ഇടതിന്റെ ശക്തിദുര്‍ഗങ്ങളില്‍ യു.ഡി.എഫിന്റെ കടന്നുകയറ്റത്തിനും കേരള രാഷ്ട്രീയം സാക്ഷിയായി.

സി.പി.ഐ.എമ്മിനോടിടഞ്ഞ് എതിര്‍ ചേരിയിലെത്തിയ വിമതരുടെ വിജയവും എല്‍.ഡി.എഫിന് തിരിച്ചടിയായി.

നിലവില്‍ ഫലം വന്ന 11 മണ്ഡലങ്ങളില്‍ ഏഴിടത്ത് കോണ്‍ഗ്രസും ഒരിടത്ത് മുസ്‌ലിം ലീഗും വിജയം സ്വന്തമാക്കി. മൂന്ന് മണ്ഡലങ്ങളിലാണ് നിലവില്‍ എല്‍.ഡി.എഫ് വിജയിച്ചത്.

ബംഗാളില്‍ ‘എക്‌ലാ ചലോ’ പോളിസിയുമായി ഇത്തവണ ഒറ്റയ്ക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മറുവശത്ത് സഖ്യമില്ലാതെയാണ് ബി.ജെ.പിയും തെരഞ്ഞെടുപ്പിനിറങ്ങിയത്.

മമത ബാനര്‍ജിയെന്ന ശക്തയായ നേതാവിനെ പരാജയപ്പെടുത്താന്‍ പഠിച്ച പണി പതിനെട്ടും ബി.ജെ.പി ബംഗാളില്‍ പയറ്റിയിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും യോഗി ആദിത്യനാഥും അടക്കമുള്ളവര്‍ ബംഗാളില്‍ ക്യാമ്പ് ചെയ്ത തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ആ തന്ത്രങ്ങള്‍ വിജയിക്കുകയും ചെയ്തു.

ആകെയുള്ള 294ല്‍ സീറ്റുകളില്‍ 193ലും ബി.ജെ.പി ഇപ്പോള്‍ ശക്തമായ മുന്നേറ്റം തുടരുകയാണ്. 94 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ഒരുവേള മമത ബാനര്‍ജിയടക്കം പിന്നിട്ടുനിന്ന സാഹചര്യമായിരുന്നു തൃണമൂലിന്റെ കുത്തക മണ്ഡലമായ ഭവാനിപൂരില്‍ കണ്ടത്.

പരമ്പരാഗത രാഷ്ട്രീയ ശക്തികളോടായിരുന്നു എല്‍.ഡി.എഫിന്റെയും ടി.എം.സിയുടെയും പരാജയമെങ്കില്‍ തെരഞ്ഞെടുപ്പ് ഗോദയിലെ കന്നിക്കാരായ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് മുമ്പിലാണ് സ്റ്റാലിനും ഡി.എം.കെയ്ക്കും കാലിടറിയത്. തമിഴിന്റെ രാഷ്ട്രീയ ഭൂമിക തങ്ങളുടെ ദ്രാവിഡ സത്വത്തെ കൈവിട്ട് താരാരാധനയ്ക്ക് കൈകൊടുത്തതിന്റെ മറ്റൊരു പരിച്ഛേദത്തിനാണ് 2026 സാക്ഷിയായത്.

തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് മത്സരിച്ച ടി.വി.കെ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള, പാര്‍ട്ടികള്‍ക്ക് കൃത്യമായി വോട്ടുവിഹിതമുള്ള രാഷട്രീയ പാര്‍ട്ടികളുടെ കോട്ടകളും കടപുഴക്കി. മുഖ്യമന്ത്രി സ്റ്റാലിനടക്കമുള്ളവര്‍ നിലവിലെ സാഹചര്യത്തില്‍ പിന്നിലാണ് എന്നതും ശ്രദ്ധേയമാണ്. കൊളത്തൂര്‍ പോലുള്ള ഡി.എ.കെ ശക്തിദുര്‍ഗങ്ങളില്‍ പോലും വിജയ് എന്ന നടന് തന്റെ സ്വാധീനമുറപ്പിക്കാന്‍ സാധിച്ചു. ടി.വി.കെയുടെ വി.എസ്. ബാബുവാണ് നിലവില്‍ സ്റ്റാലിന്റെ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.

നിലവില്‍ ടി.വി.കെ 108 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ ഡി.എം.കെ 53 സീറ്റിലും ഡി.എം.കെ സഖ്യം 65 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. അണ്ണാ ഡി.എം.കെ സഖ്യം ശേഷിക്കുന്ന സീറ്റിലും ലീഡ് ചെയ്യുന്നു.

 

Content highlight: Kerala, Tamil Nadu, Bengal; Anti-BJP fronts lose power

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.