കോഴിക്കോട്: ദി കേരള സ്‌റ്റോറി സിനിമ നിര്‍മിക്കാന്‍ എല്ലാ സഹായവും നല്‍കിയത് ആര്‍.എസ്.എസാണെന്ന് തുറന്നുപറഞ്ഞ് സിനിമയുടെ നിര്‍മാതാവ് വിപുല്‍ ഷാ.
ആര്‍.എസ്.എസിന്റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ ചിത്രമെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു വിപുല്‍ ഷായുടെ വാക്കുകള്‍. ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് നര്‍മാതാവ് സിനിമക്ക് ലഭിച്ച ആര്‍.എസ്.എസ് പിന്തുണയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്.
‘ആര്‍.എസ്.എസില്‍ നിന്നും മഹത്തായ പിന്തുണയും മാര്‍ഗനിര്‍ദേശവും കിട്ടിയില്ലായിരുന്നെങ്കില്‍ സിനിമ സാധ്യമാകില്ലായിരുന്നു. അവര്‍ നമ്മളുടെ കാവല്‍ മാലാഖമാരാണ്. ഇതിനും മുകളില്‍ ഒന്നുമില്ലെന്ന തരത്തിലാണ് ആര്‍.എസ്.എസിന്റെ സഹായം ലഭിച്ചത്’, കേരള സ്റ്റോറി നിര്‍മാതാവ് പറഞ്ഞു. ദി ക്വിന്റ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
മുമ്പ് ആര്‍.എസ്.എസ് നിഷേധിച്ചതെല്ലാം ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നെന്ന് വിപുല്‍ ഷായുടെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ട് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പ്രതികരിച്ചു.
ആര്‍.എസ്.എസ് പ്രൊപ്പഗണ്ട ചിത്രമായ കേരള സ്റ്റോറിക്കെതിരെ തുടക്കം മുതല്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ത്യയിലാകെ കേരളത്തിനെതിരെ വിദ്വേഷം പ്രചരിക്കാനും ഈ സിനിമ കാരണമായി. കേരളം ഇന്ത്യയിലെ തീവ്രവാദത്തിന്റെ ഹബ്ബാണെന്ന തരത്തിലായിരുന്നു ചിത്രം പറഞ്ഞുവെച്ചിരുന്നത്.
കേരളത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കാനായി എടുത്ത ആര്‍.എസ്.എസ് പ്രൊപ്പഗണ്ട ചിത്രം കേരള സ്റ്റോറി-1ന് നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും തിയേറ്ററില്‍ വിജയമായതോടെയാണ് രണ്ടാം ഭാഗവും പുറത്തെത്തിയത്.
എന്നാല്‍ സിനിമയ്ക്ക് ആദ്യ ഭാഗത്തിന്റെതുപോലെ തിയേറ്ററില്‍ വിജയം നേടാനായിരുന്നില്ല. സിനിമ കാണാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് കേരളത്തിലടക്കം പലയിടത്തും ഷോ മുടങ്ങുകയും ചെയ്തിരുന്നു.
കേരള സ്‌റ്റോറി-2 പ്രദര്‍ശനത്തിനും ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കോടതി കയറിയിറങ്ങിയതിന് ശേഷമാണ് പ്രദര്‍ശനാനുമതി ലഭിച്ചതും. കേരള സ്‌റ്റോറി സിനിമയുടെ രണ്ട് ഭാഗങ്ങളും നിര്‍മിച്ചത് വിപുല്‍ ഷാ തന്നെയാണ്. എന്നാല്‍ ഒന്നാം ഭാഗത്തിന്റെ സംവിധായകന്‍ സുദീപ്‌തോ സെന്നും രണ്ടാം ഭാഗത്തിന്റെത് കാമാഖ്യ നാരായണ്‍ സിങ്ങുമായിരുന്നു.
Content Highlight: Kerala Story was made with RSS support; they are guardian angels; producer Vipul Shah