21 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ദേശീയ പഠന സര്‍വേയില്‍ കേരളം കാഴ്ചവെച്ചത് മികച്ച പ്രകടനം: വി. ശിവന്‍കുട്ടി
Kerala News
21 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ദേശീയ പഠന സര്‍വേയില്‍ കേരളം കാഴ്ചവെച്ചത് മികച്ച പ്രകടനം: വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd July 2025, 7:52 pm

തിരുവനന്തപുരം: 2024ല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ ‘ദേശീയ പഠനനേട്ട സര്‍വേ’യില്‍ കേരളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഈ നേട്ടം പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിന്റെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അര്‍പ്പണബോധത്തിന്റെയും തെളിവാണെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2021ലാണ് ഇതിനുമുമ്പ് ദേശീയ പഠനനേട്ട സര്‍വേ നടത്തിയത്. അന്ന് മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലാണ് സര്‍വേ നടന്നത്. 2024ല്‍ മൂന്ന്, ആറ്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി ഭാഷ, ഗണിതം, പരിസരപഠനം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ സര്‍വേ നടന്നതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 1644 സ്‌കൂളുകളില്‍ നിന്നായി 46,737 വിദ്യാര്‍ത്ഥികളാണ് ഈ സര്‍വേയില്‍ പങ്കെടുത്തത്. ദേശീയ തലത്തില്‍ 74,000 സ്‌കൂളുകളിലായി 21 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും സര്‍വേയില്‍ പങ്കെടുത്തിരുന്നതായി മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

ഈ നേട്ടങ്ങളെല്ലാം പൊതുവിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഭൗതിക സൗകര്യ വികസനത്തോടൊപ്പം അക്കാദമിക രംഗത്തും വന്ന മാറ്റങ്ങള്‍ സര്‍വേ ഫലങ്ങളില്‍ പ്രതിഫലിക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പ്രകടനം

2021ല്‍ ഭാഷയില്‍ സംസ്ഥാന ശരാശരി എഴുപതും ദേശീയ ശരാശരി അറുപത്തി രണ്ടുമായിരുന്നു. എന്നാല്‍ 2024ല്‍ സംസ്ഥാന ശരാശരി എഴുപത്തിയഞ്ചും ദേശീയ ശരാശരി അറുപത്തി നാലുമായി ഉയര്‍ന്നു. കണക്കിനെ വിലയിരുത്തിയത് അനുസരിച്ച് 2021ല്‍ സംസ്ഥാന ശരാശരി അറുപതും ദേശീയ ശരാശരി അമ്പത്തിയേഴുമായിരുന്നു. 2024ല്‍ സംസ്ഥാന ശരാശരി എഴുപതും ദേശീയ ശരാശരി അറുപതുമാണ്.

2021ല്‍ അഞ്ചാം ക്ലാസുകാര്‍ക്കുള്ള സര്‍വേയില്‍, ഭാഷയില്‍ സംസ്ഥാന ശരാശരി അമ്പത്തിയേഴും ദേശീയ ശരാശരി അമ്പത്തിയഞ്ചുമായിരുന്നു. എന്നാല്‍ 2024ല്‍ ആറാം ക്ലാസുകാര്‍ക്കുള്ള സര്‍വേയില്‍ സംസ്ഥാന ശരാശരി എഴുപത്തിയാറും ദേശീയ ശരാശരി അമ്പത്തിയേഴുമാണ്.

കണക്കില്‍ 2021ല്‍ സംസ്ഥാന ശരാശരി നാല്‍പ്പത്തിയൊന്നും ദേശീയ ശരാശരി നാല്‍പ്പത്തിനാലുമായിരുന്നു. 2024ലെ ആറാം ക്ലാസുകാര്‍ക്കുള്ള സര്‍വേയില്‍ കണക്കിന്റെ കാര്യത്തില്‍ സംസ്ഥാന ശരാശരി അറുപതും ദേശീയ ശരാശരി നാല്‍പ്പത്തിയാറുമാണ്.

സയന്‍സ് വിഷയമെടുത്താല്‍ 2021ല്‍ സംസ്ഥാന ശരാശരിയും ദേശീയ ശരാശരിയും നാല്‍പ്പത്തിയെട്ടാണ്. 2024ലെ സര്‍വേ പ്രകാരം സയന്‍സില്‍ സംസ്ഥാന ശരാശരി അറുപത്തിയാറും ദേശീയ ശരാശരി നാല്‍പ്പത്തിയൊമ്പതുമാണ്. 2021ല്‍ എട്ടാം ക്ലാസുകാര്‍ക്കുള്ള സര്‍വേയില്‍ ഭാഷയ്ക്ക് സംസ്ഥാന ശരാശരി അമ്പത്തിയേഴും ദേശീയ ശരാശരി അമ്പത്തിമൂന്നുമായിരുന്നു.

എന്നാല്‍ 2024ലെ ഒമ്പതാം ക്ലാസുകാര്‍ക്കുള്ള ഭാഷ സര്‍വേയില്‍ സംസ്ഥാന ശരാശരി എഴുപത്തിനാലും ദേശീയ ശരാശരി അമ്പത്തിനാലുമാണ്. കണക്കിന്റെ കാര്യമെടുത്താല്‍ 2021ല്‍ സംസ്ഥാന ശരാശരി മുപ്പത്തിയൊന്നും ദേശീയ ശരാശരി മുപ്പത്തിയാറുമാണ്.

എന്നാല്‍ 2024ല്‍ കണക്കിന്റെ കാര്യത്തില്‍ സംസ്ഥാന ശരാശരി നാല്‍പ്പത്തിയഞ്ചും ദേശീയ ശരാശരി മുപ്പത്തിയേഴുമാണ്. സയന്‍സിന്റെ കാര്യത്തില്‍ 2021ല്‍ സംസ്ഥാന ശരാശരി നാല്‍പ്പത്തിയൊന്നും ദേശീയ ശരാശരി മുപ്പത്തിയൊമ്പതുമായിരുന്നു.

അതേസമയം 2024ല്‍ സയന്‍സിന്റെ കാര്യത്തില്‍ സംസ്ഥാന ശരാശരി അമ്പത്തിമൂന്നും ദേശീയ ശരാശരി നാല്‍പതുമാണ്. 2021ല്‍ സോഷ്യല്‍ സയന്‍സില്‍ സംസ്ഥാന ശരാശരി മുപ്പത്തിയേഴും ദേശീയ ശരാശരി മുപ്പത്തിയൊമ്പതുമായിരുന്നു. എന്നാല്‍ 2024ല്‍ സോഷ്യല്‍ സയന്‍സിന്റെ കാര്യത്തില്‍ സംസ്ഥാന ശരാശരി അമ്പത്തിയൊന്നും ദേശീയ ശരാശരി നാല്‍പതുമാണെന്നും മന്ത്രി വ്യക്തമാക്കി.

സര്‍വേയിലെ ഈ നേട്ടങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഗുണമേന്മാ വിദ്യാഭ്യാസത്തിനായി നടത്തിയ വ്യത്യസ്തങ്ങളായ പരിശ്രമങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ ചലനങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അധ്യാപക പരിശീലനങ്ങള്‍, പാഠ്യപദ്ധതി രൂപീകരണത്തിനായി നടത്തിയ ജനകീയ ചര്‍ച്ചകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് കൂടി നല്‍കിയ പങ്കാളിത്തം, അധ്യാപകരെ സജ്ജമാക്കാന്‍ പരിശീലനങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍, പരിശീലനങ്ങളിലും ക്ലസ്റ്റര്‍ പരിശീലനങ്ങളിലും എല്ലാ അധ്യാപകരെയും പങ്കെടുപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍, മൂല്യനിര്‍ണയ രംഗത്ത് വരുത്തിയ മാറ്റങ്ങള്‍, പഠനപിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്ക് നിരന്തരം പിന്തുണ നല്‍കിയത്, ഭരണ നിര്‍വഹണ രംഗത്ത് വരുത്തിയ മാറ്റങ്ങള്‍, അധ്യാപകരെ കൃത്യസമയത്ത് നിയമിച്ചത് തുടങ്ങിയവയുടെ ഫലമായാണ് ഇത്തരം നേട്ടങ്ങളുണ്ടായതെന്നും മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

Content Highlight: Kerala’s best performance in the national study survey, which involved over 21 lakh students: V. Sivankutty