ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ കനക്കും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala Weather
ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ കനക്കും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st October 2021, 3:13 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.

അടുത്ത മൂന്ന് മണിക്കൂറില്‍ 6 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഈ ജില്ലകളില്‍ തീവ്രമഴയ്ക്കു സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മറ്റു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

അടുത്ത നാലു ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് ഉച്ചയ്ക്ക് ഒരു മണിക്ക് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്.

ഇടിമിന്നലിനും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണം.

ചൊവ്വാഴ്ച തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായി കിഴക്കന്‍ കാറ്റ് സജീവമായതും തെക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് മഴയ്ക്ക് കാരണം. തിങ്കളാഴ്ച വരെ മഴ തുടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

അതേസമയം ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31വരെയുള്ള തുലാവര്‍ഷ സീസണില്‍ കിട്ടേണ്ട 98.5% മഴയും ഇതിനകം തന്നെ സംസ്ഥാനത്തിന് കിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി പലയിടത്തും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായെങ്കിലും പുലര്‍ച്ചയോടെ മഴ ശമിച്ചിരുന്നു.

ത്രി പലയിടത്തും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായെങ്കിലും പുലര്‍ച്ചയോടെ മഴ ശമിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Rain Heavy Rain Thursday